2012ല്‍ നിര്‍ത്തലാക്കിയ റീസര്‍വെ പുനരാരംഭിക്കാന്‍ മന്ത്രിസഭ യോഗ തീരുമാനം. റീസര്‍വേ സമയബന്ധിതമായി പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

2012 ഫെബ്രുവരി 8ന് ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനപ്രകാരം 30.10.2012 ല്‍ പുറപ്പെടുവിച്ച റവന്യൂ ഉത്തരവു പ്രകാരമാണ് സംസ്ഥാനത്തെ റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഭൂമിയിലും അപേക്ഷ ലഭിക്കുന്ന മുറയ്ക്കു മാത്രം സ്വകാര്യ ഭൂമിയിലുമാക്കി നിജപ്പെടുത്തിയത്. ഇതില്‍ മാറ്റം വരുത്താനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് റീ സര്‍വേ വീണ്ടും പുനരാരംഭിക്കും. റീസര്‍വേയുമായി ബന്ധപ്പെട്ട പരാതികളും പരിഹരിക്കും.റീസര്‍വേയ്‌ക്കൊപ്പം ഭൂസാക്ഷരതാ പ്രചാരണവും തുടങ്ങും. ആദ്യ ഘട്ടത്തില്‍ റീസര്‍വേ പ്രക്രിയ എട്ടു ശതമാനം മാത്രമായ കാസര്‍കോട്ടും ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ച ഇടുക്കിയിലും സര്‍വേ വീണ്ടും തുടങ്ങും.

ഇതിനായി സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ മുതല്‍ മുകളിലോട്ടുള്ള ഉദോഗസ്ഥരുമായും സര്‍വേ വകുപ്പിലെ സര്‍വീസ് സംഘടനാ നേതാക്കളുമായും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ചര്‍ച്ച നടത്തി.

റീസര്‍വേ തുടങ്ങുന്ന ജില്ലകളില്‍ ഒരോ വില്ലേജിലേയ്ക്കും നിശ്ചിത ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി സമയ പരിധിക്കുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കാനാണ് തീരുമാനം. പരാതികള്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാങ്കേതികവിദ്യ സഹായവും ഉപയോഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here