1436893214_meyyappan-and-raj-kundra
ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് സി.ഇ.ഒ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍ ടീം സഹഉടമ രാജ് കുന്ദ്രക്കും ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത വിലക്ക്. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍.എം ലോധ കമ്മിറ്റിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇരുവരെയും ലോധ കമ്മിറ്റി വിലക്കിയിട്ടുണ്ട്. ഇതിന് പുറമെ ഐ.പി.എല്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നു രണ്ട് വര്‍ഷത്തേക്ക് തടഞ്ഞിട്ടുണ്ട്.
വാതുവെപ്പില്‍ മെയ്യപ്പന്‍െറയും രാജ് കുന്ദ്രയുടെയും പങ്ക് തെളിഞ്ഞെന്നും ഇതുവഴി ക്രിക്കറ്റിനും ഐ.പി.എല്‍ ടീമിനും വലിയ കളങ്കമാണ് ഇരുവരും വരുത്തിയതെന്നും കമ്മിറ്റി കണ്ടെത്തി. ബി.സി.സി.ഐ, ഐ.പി.എല്‍ ചട്ടങ്ങള്‍ ലംഘിച്ചു വാതുവെപ്പില്‍ ഇരുവരും പങ്കാളികളായി. അഴിമതി നിരോധ നിയമം ലംഘിക്കുകയും ക്രിക്കറ്റ് മത്സരത്തിന്‍െറ പ്രതിഛായ തകര്‍ക്കുകയും ചെയ്തതായും വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വാതുവെപ്പ് കേസില്‍ പ്രതികളായ മലയാളി താരം എസ്. ശ്രീശാന്ത് അടക്കം ആറു പേരെകുറിച്ച് ലോധ കമ്മിറ്റിയുടെ വിധിയില്‍ പറയുന്നില്ല. ഇവര്‍ക്കെതിരായ വിധി മുദ്രവെച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തിലാണ് പരസ്യ പ്രഖ്യാപനം ലോധ കമ്മിറ്റി ഒഴിവാക്കിയത്.
ഇന്ത്യാ സിമിന്‍റ്സ് മാനേജിങ് ഡയറക്ടറും ബി.സി.സിഐ മുന്‍ അധ്യക്ഷനുമായ എന്‍. ശ്രീനിവാസന്‍െറ മരുമകനാണ് മെയ്യപ്പനെങ്കില്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവാണ് രാജ് കുന്ദ്ര.
ദൃശ്യ മാധ്യമങ്ങളുടെ മുമ്പില്‍ വിധി പ്രസ്താവിക്കുന്നത് നിയമ ചരിത്രത്തില്‍ ആദ്യമായാണ്. ദക്ഷിണാഫ്രിക്കയില്‍ കാമുകിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ ഒളിംപ്യന്‍ താരം ഒസ്കാര്‍ പിസ്റ്റോറിയസിന്‍െറ കോടതിയിലെ വിചാരണ നടപടികള്‍ നേരത്തെ ദൃശ്യ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു.
2013 മേയില്‍ എസ്. ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നീ രാജസ്ഥാന്‍ റോയല്‍ താരങ്ങളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് വിവാദമായ ഐ.പി.എല്‍ വാതുവെപ്പ് പുറം ലോകം അറിയുന്നത്. തുടര്‍ന്ന് വാതുവെപ്പ്, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളില്‍ സിനിമാ താരം വിനോദ് ധാരാസിങ്ങും ചെന്നൈ സൂപ്പര്‍ കിങ്സ് സി.ഇ.ഒയുമായ ഗുരുനാഥ് മെയ്യപ്പനും അറസ്റ്റിലായി. ഇതേതുടര്‍ന്ന് സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ ബി.സി.സി.ഐ അധ്യക്ഷനായിരുന്ന എന്‍. ശ്രീനിവാസന്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കി. രണ്ട് മുന്‍ ജഡ്ജിമാരും ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് ജഗ്ദലെ എന്നിവരായിരുന്നു അംഗങ്ങള്‍.
മെയ്യപ്പനും കുന്ദ്രക്കും ക്ളീന്‍ ചിറ്റ് നല്‍കിയ സമിതിയുടെ നടപടിക്കെതിരെ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മ ബോംബെ ഹൈകോടതിയെ സമീപിച്ചു. സമിതിയെ നിയോഗിച്ച ബി.സി.സി.ഐയുടെ നടപടി നിയമവിരുദ്ധവും സമിതിയുടെ കണ്ടെത്തല്‍ തെറ്റാണെന്നും ഹൈകോടതി വിധിച്ചു. ആഗസ്റ്റില്‍ ഹൈകോടതി വിധിക്കെതിരായ ബി.സി.സി.ഐയുടെ അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതി മുന്‍ ഹൈകോടതി ജഡ്ജി മുകുള്‍ മുദ്ഗല്‍ അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. 2014 ഫെബ്രുവരി 10ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 13 പേരെ കുറ്റക്കാരായി മുദ്ഗല്‍ കണ്ടെത്തി.
വാതുവെപ്പിലും ടീമിന്‍െറ വിവരങ്ങള്‍ കൈമാറുന്നതിലും മെയ്യപ്പന്‍ നേരിട്ടു പങ്കാളിയാണെന്നും കുന്ദ്ര വാതുവെപ്പില്‍ മാത്രമാണ് പങ്കാളിയെന്നും കമ്മിറ്റി വ്യക്തമാക്കി. ഇതേതുടര്‍ന്ന് ആരോപണ വിധേയനായ എന്‍. ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് നിന്നു മാറി നില്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. തുടര്‍ന്നാണ് കുറ്റക്കാരായ മെയ്യപ്പനും കുന്ദ്രക്കും ഐ.പി.എല്‍ ടീമുകള്‍ക്കും മറ്റുള്ളവര്‍ക്കും എതിരായ ശിക്ഷ വിധിക്കാന്‍ ജസ്റ്റിസ് ലോധ അധ്യക്ഷനായ മൂന്നംഗ സമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here