ipl-chennai.jpg.image.784.410

ന്യൂഡൽഹി∙ ഐപിഎല്ലിൽ നിന്നു ചെന്നൈ സൂപ്പർ കിങ്സിനും രാജസ്ഥാൻ റോയൽസിനും രണ്ടുവർഷം വിലക്ക് ഏർപ്പെടുത്തുമ്പോൾ നെഞ്ചിടിപ്പേറുന്നത് ലക്ഷക്കണക്കിന് ആരാധകർക്കാണ്. ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിൽ രണ്ടെണ്ണമാണ് രാജസ്ഥാനും ചെന്നൈയും. ചെന്നൈയ്ക്ക് ആരാധകർ കൂടാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ധോണിയുടെ സാന്നിധ്യമാണ്. പലപ്പോഴും ഇന്ത്യൻ ടീമിനെ ചെന്നൈ ടീം എന്ന് പറഞ്ഞ് വിമർശിക്കാറുള്ളതും ഇതിനാൽ തന്നെ. ചെന്നൈ കളത്തിലിറങ്ങുമ്പോൾ ടീം ഇന്ത്യ മഞ്ഞ ജഴ്സിയിൽ ഇറങ്ങിയ പ്രതീതിയാണ്.

രാജസ്ഥാന് ആരാധകർ വർധിക്കാനുള്ള കാരണം ആരെയും അട്ടിമറിക്കാനുള്ള കഴിവാണ്. ആദ്യ സീസണിൽ തന്നെ അവർ അത് തെളിയിക്കുകയും ചെയ്തു. രാഹുൽ ദ്രാവിഡും ഷെയിൻ വോണും അടക്കമുള്ളവരുടെ നിർദേശത്തിൽ കളിക്കുന്ന രാജസ്ഥാൻ ടീം സ്പിരിറ്റിൽ ശക്തൻമാർ തന്നെ. കേരളത്തെ സംബന്ധിച്ച് രാജസ്ഥാൻ ടീമുമായി മറ്റൊരു വൈകാരിക ബന്ധം കൂടിയുണ്ട്. സഞ്ജു സാംസൺ എന്ന മലയാളി പയ്യനാണ് രാജസ്ഥാൻ ടീമിന്റെ വിക്കറ്റ് കാക്കുന്നത്. സഞ്ജുവിന്റെ മികച്ച പ്രകടനങ്ങൾ പലതും പിറന്നത് രാജസ്ഥാന് വേണ്ടിയുമാണ്. അതുകൊണ്ട് ഇരു ടീമുകൾക്കും വിലക്ക് വരുമ്പോൾ ആരാധകർക്ക് നഷ്ടമാകുന്നത് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെയും അവരുടെ പ്രകടനവും തന്നെ.

ഐപിഎൽ ക്രിക്കറ്റിന്റെ പകിട്ട് ഏറെ അനുഭവിച്ച ടീമുകളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്സ്. എട്ടു സീസണുകളിലും അവസാന നാലിൽ എത്താൻ അവർക്ക് സാധിച്ചു. ഇതിൽ രണ്ടു തവണ കപ്പിൽ മുത്തമിട്ടു. നാലു തവണ റണ്ണേഴ്സ് അപ്പായി. ഒരു തവണ ചാംപ്യൻസ് ട്രോഫി സ്വന്തമാക്കി. ഇത്രയേറെ മികച്ച ട്രാക്ക് റെക്കോർഡുകൾ ഉണ്ടായിട്ടും ചെന്നൈ ആരോപണങ്ങളുടെയും സംശയങ്ങളുടെയും നിഴലിൽ ആയിരുന്നു. മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി, കഴിഞ്ഞ ദിവസം ചെന്നൈ താരങ്ങൾക്ക് ഒത്തുകളിയുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയതും ഇതോടൊപ്പം കൂട്ടിവായിക്കാം.

പണക്കൊഴുപ്പിന്റെ കളിയെന്ന വിളിപ്പേരും ഐപിഎല്ലിന് വീണിട്ടുണ്ട്. ശക്തരായ രണ്ടു ടീമുകൾക്ക് വിലക്ക് വരുന്നതോടെ വരുമാനത്തിൽ വലിയ കോട്ടം സംഭവിക്കും. ടെലിവിഷനിൽ നിന്നു ലഭികുന്ന പരസ്യവരുമാനവും മറ്റും ചെന്നൈയെപ്പോലെ വലിയ ടീമുകൾ ഇല്ലാതാകുന്നതോടെ കുറയുമെന്നത് ഉറപ്പ്.

ചെന്നൈ, രാജസ്ഥാൻ ടീമുകളിലുള്ള കളിക്കാരുടെ കാര്യമാണ് മറ്റൊന്ന്. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളാണ് ഇരുടീമിലുമാണ് അണിനിരക്കുന്നത്. പരിശീലിപ്പിക്കാൻ വരുന്നവരും ഉപദേശകരും ഇതുകൂടാതെയാണ്. ഇവർ ഇനി എന്തുചെയ്യും. പ്രത്യേകിച്ചും സഞ്ജുവിനെപ്പോലെയുള്ള താരങ്ങൾ. ഇപ്പോൾ ഇന്ത്യൻ ടീമിൽ സഞ്ജു എത്താൻ പ്രധാന കാരണം ഐപിഎൽ തന്നെയാണ്. സഞ്ജുവിനെ പോലെ എത്രയോ താരങ്ങളുടെ ആശ്രയമാണ് ഐപിഎൽ.

രണ്ടു ടീമുകൾക്ക് വിലക്ക് വന്നതോടെ അടുത്ത സീസണിൽ കളിക്കുന്ന ടീമുകളുടെ എണ്ണം എട്ടിൽ നിന്ന് ആറായി ചുരുങ്ങും. എന്നാൽ എട്ടു ടീമുകൾ വേണമെന്ന നിലയ്ക്ക് പുതിയതായി രണ്ടു ടീമുകൾക്കായി ലേലം സംഘടിപ്പികാം. മറ്റൊരു സാധ്യത തിരിച്ചുവരാനുള്ള കൊച്ചി ടസ്കേഴ്സിന്റെ ആവശ്യം പരിഗണിക്കപ്പെട്ടേക്കുമെന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here