ജനങ്ങളുടെ സ്വകാര്യജീവിതത്തിലേക്ക് പരിശോധനാ ഉപകരണങ്ങളുമായി നേരിട്ടു കടന്നു ചെല്ലാൻ ഒരു ജനാധിപത്യഗവണ്മെന്റിനും ധൈര്യമുണ്ടാകില്ല . ഇന്ത്യ പോലൊരു രാജ്യത്ത് പ്രത്യേകിച്ചും. പക്ഷേ അടുത്തിടെ വന്ന രണ്ടു വാർത്തകൾ ഈ സ്വകാര്യതാസംരക്ഷണത്തിലുന്മേലുള്ള നമ്മുടെ ചെറിയ പ്രതീക്ഷകളെയും തകിടം മറിക്കാൻ പോന്നതാണ്.

പൗരന്മാരുടെ വിവരങ്ങൾ ചോർത്തുന്നതിന് സോഫ്റ്റ്‌വെയറുകൾ വിതരണം ചെയ്യുന്നതിൽ കുപ്രസിദ്ധി നേടിയ ഇറ്റലിയിലെ ഹാക്കിങ് ടീം എന്ന കമ്പനിയുമായി ഇന്ത്യൻ ഏജൻസികൾക്ക് ബന്ധമുണ്ടായിരുന്നുവെന്നതാണ് ഒരു വാർത്ത. ഭീകരവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ബ്രിട്ടനിൽ വാട്ട്സാപ്പ് ഉൾപ്പെടെയുള്ള ഓൺലൈൻ െമസേജിങ് സേവനങ്ങള്‍ നിരോധിക്കാൻ നീക്കമെന്നതാണ് അടുത്തത്. മൂന്നാമതൊരാൾക്ക് വായിക്കാൻ സാധിക്കാത്ത വിധം ‘എൻക്രിപ്റ്റ്’ ചെയ്ത് മെസേജുകൾ പരസ്പരം അയക്കാൻ സഹായിക്കുന്ന വാട്ട്സാപ്പ്, ഐമെസേജ്, സ്നാപ്ചാറ്റ് തുടങ്ങിയവയെല്ലാം പുതിയൊരു ബില്ലിലൂടെ നിരോധിക്കാനാണു ബ്രിട്ടന്റെ ശ്രമം. ‘സ്നൂപേഴ്സ് ചാർട്ടർ’ എന്ന പേരിൽ കുപ്രസിദ്ധിയാർജിച്ച ദി ഇൻവെസ്റ്റിഗേറ്ററി പവേഴ്സ് ബിൽ നേരത്തെ ഒരിക്കൽ നടപ്പാക്കാൻ ശ്രമിച്ച് സർക്കാർ പരാജയപ്പെട്ടതാണ്. എന്നാൽ ടുണീഷ്യ, ഫ്രാൻസ് എന്നിവിടങ്ങളിൽ അടുത്തിടെ ബ്രിട്ടിഷ് പൗരന്മാർക്കു നേരെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യസുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെസേജിങ് സർവീസുകൾക്കെതിരെ നടപടിയെടുക്കാനൊരുങ്ങുന്നതെന്നാണ് സർക്കാരിന്റെ പുതിയ ന്യായം.

 

സുരക്ഷാഏജൻസികൾ ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി രാപ്പകൽ കഷ്ടപ്പെടുമ്പോൾ ഭീകരവാദികൾ തമ്മിലുള്ള മെസേജുകൾ തിരിച്ചറിയാൻ പോലും അവർക്കായില്ലെങ്കിൽ പിന്നെന്തു കാര്യമെന്നാണ് ഇതുസംബന്ധിച്ച് പ്രധാനമന്ത്രി ഡേവിഡ് കാമറൺ പറഞ്ഞത്. എന്നാൽ ഭീകരവാദികൾ തമ്മിലുള്ള ആശയവിനിമയം ചോർത്തുന്നതിന്റെ പേരിൽ പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ സർവീസുകൾ നിർത്തുന്നതിനെ ന്യായീകരിക്കാനാകില്ലെന്നാണ് ബില്ലിനെ എതിർക്കുന്നവർ പറയുന്നത്. അത് ജനങ്ങളെയും ഭീകരവാദികളായി കണക്കാക്കുന്നതിനു തുല്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ബിൽ നടപ്പായാൽ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരും ഫോണ്‍ കമ്പനികളും ഗൂഗിൾ, ആപ്പിള്‍, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാങ്കേതിക സ്ഥാപനങ്ങളും തങ്ങളുടെ ഉപഭോക്താക്കളുടെ സകല വിവരങ്ങളും സർക്കാരിനു മുന്നിൽ തുറന്നു വയ്ക്കേണ്ടി വരും. ഗൂഗിൾ േസർച്ചിന്റെ വിവരങ്ങൾ, ഫേസ്ബുക്ക് പോസ്റ്റുകളും ചാറ്റുകളും ഫോട്ടോകളും, വാട്ട്സാപ്പ് മെസേജുകൾ, സ്നാപ്ചാറ്റ് വിഡിയോകൾ തുടങ്ങി സകലവിവരങ്ങളും പരസ്യമാക്കപ്പെടുമെന്നു ചുരുക്കം. ബില്ലിലെ ഒരു ചെറിയ ഭാഗം മാത്രമാണ് ഓൺലൈൻ മെസേജിങ് സർവീസുകൾക്ക് എതിരായുള്ളത്. ജനാധിപത്യവിരുദ്ധമായി മറ്റെന്തെല്ലാമുണ്ടെന്നതു സംബന്ധിച്ച് വരുംനാളുകളിലേ വ്യക്തമാകൂ.

സമൂഹമാധ്യമങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യത്തിനുള്‍പ്പെടെ ജുഡീഷ്യറിയുടെ കനത്ത പിന്തുണയുള്ള ഇന്ത്യയിൽ ഈ വാർത്ത എന്തു ചലനമുണ്ടാക്കുമെന്ന ചോദ്യത്തിനു കഴിഞ്ഞ ദിവസം വരെ പ്രസക്തിയുണ്ടായിരുന്നില്ല. പക്ഷേ വിക്കിലീക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ രേഖകൾ സംശയത്തിന്റെ മുന ഇന്ത്യൻ സർക്കാരിനു നേരെയും നീട്ടുകയാണ്.

സ്വേഛാധിപത്യ സർക്കാരുകൾക്ക് പൗരന്മാരുടെ വിവരങ്ങൾ ചോർത്തുന്നതിനു വേണ്ടി സോഫ്റ്റ്‌വെയറുകൾ തയാറാക്കി നൽകുന്നതിൽ കുപ്രസിദ്ധിയാർജിച്ചതാണ് മിലാൻ ആസ്ഥാനമായുള്ള ഹാക്കിങ് ടീം കമ്പനി. ഈ കമ്പനിയും പങ്കാളിയായ ഇസ്രയേൽ കമ്പനിയും ഇന്ത്യയുമായി നടത്തിയ നൂറുകണക്കിന് ഇ-മെയിൽ സന്ദേശങ്ങളാണ് വിക്കിലീക്സ് പുറത്തുവിട്ടത്. ഭീകരാക്രമണങ്ങളുടെ കാര്യത്തിൽ ബ്രിട്ടനു മുൻപേ നടപടികള്‍ ശക്തമാക്കേണ്ടി വന്ന രാജ്യമാണ് ഇന്ത്യ. അതിന്റെ ഭാഗമായി ഭീകരവാദ സംഘടനകളെ നിരീക്ഷിക്കുകയും അവരുടെ ആശയവിനിമയം ഉൾപ്പെടെ ചോർത്തുകയും ചെയ്യുന്നുമുണ്ട്. അതെല്ലാം പരസ്യവുമാണ്. പിന്നെയെന്തിനാണ് ആരെയും അറിയിക്കാതെ, ഹാക്കിങ് ടീം പോലൊരു കമ്പനിയിൽ നിന്ന് നമ്മുടെ വിവിധ സർക്കാർ ഏജൻസികളും ചില സംസ്ഥാന പൊലീസ് സേനകളും ചോർത്തൽ സോഫ്റ്റ്‌വെയറുകൾ വാങ്ങിയത്? അത് രാജ്യത്തെ പൗരൻമാരുടെ സ്വകാര്യതയിലേക്കു കടന്നുകയറാൻ വേണ്ടിത്തന്നെയാണെന്നത് ഉറപ്പ്. 2015 ആരംഭത്തില്‍ വരെ ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജൻസികളുമായി ഹാക്കിങ് ടീം കമ്പനി ബന്ധം പുലർത്തിയിട്ടുണ്ട്.

ബ്രിട്ടൻ പോലൊരു രാജ്യത്തു നിന്ന് വാട്ട്സാപ്പിനെയും സ്നാപ്ചാറ്റിനെയുമെല്ലാം നിയമനിർമാണം വഴി തുടച്ചു നീക്കാനായാൽ അത് ഇന്ത്യയ്ക്കുൾപ്പെടെ പ്രചോദനമായേക്കാം. എന്നാൽ ഭരണാധികാരികളെ നെറ്റിൻ തുമ്പത്ത് വിറപ്പിച്ചു നിർത്താൻ തക്ക ശേഷിയുള്ള ഒരു ജനതയുള്ളിടത്തോളം കാലം അതു നടക്കില്ലെന്നു തന്നെ വിശ്വസിക്കാം. പക്ഷേ ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറില്ലെന്നു പറയുകയും രഹസ്യമായി എല്ലാ വിവരങ്ങളും ചോർത്തിയെടുക്കുകയും ചെയ്താൽ എന്തു ചെയ്യും? പിന്നെ വാട്ട്സാപ്പും സ്നാപ്ചാറ്റുമൊക്കെ മെസേജുകൾ എൻക്രിപ്റ്റ് ചെയ്താലെന്ത്, ചെയ്തില്ലെങ്കിലെന്ത്?

ഒളിഞ്ഞും തെളിഞ്ഞും നിങ്ങൾക്കു നേരെ അധികാരത്തിന്റെ നോട്ടങ്ങളുണ്ടെന്നോർക്കുക. ഒന്നുമാത്രം ചെയ്യാം–ജാഗരൂകയായിരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here