തിരുവനന്തപുരം∙ കേരള തീരത്തെത്തിയ ഇറാനിയൻ ബോട്ടിൽ നിന്നു പിടിച്ചെടുത്ത ഉപഗ്രഹഫോൺ അന്വേഷണത്തിൽ നിർണായകഘടകമെന്ന് പൊലീസ്. ഫോൺ വിശദമായ പരിശോധനയ്ക്ക് ഫൊറൻസിക് ലബോറട്ടറിക്കു കൈമാറി. നേരത്തെ സി-ഡാക്കിനെ ഏൽപ്പിക്കാനായിരുന്നു തീരുമാനം. അവർ പ്രാഥമിക പരിശോധനയും ന‌ടത്തിയിരുന്നു. എന്നാൽ വിശദമായ അന്വേഷണം ആവശ്യമായതിനാലാണ് ഫൊറൻസിക് ലബോറട്ടറിക്കു കൈമാറിയത്. ഉപഗ്രഹ ഫോണിനെക്കുറിച്ചു പരസ്പര വിരുദ്ധമായ മൊഴിയാണ് ബോട്ടിലുള്ളവർ നൽകിയത്.

റിപ്പോർട്ട് പത്തു ദിവസത്തിനകം കോടതിക്കു കൈമാറുമെന്ന് ഫൊറൻസിക് ലബോറട്ടറി ഡയറക്ടർ കെ.പി. ജയകുമാർ മനോരമ ഓൺലൈനിനോട് പറഞ്ഞു. വിദേശ രാജ്യങ്ങളിലേക്കു പോയ ഫോൺ വിളികളും സന്ദേശങ്ങളും ഫോണിന്റെ പരിധിയുമാണു പ്രധാനമായും പരിശോധിക്കുക. ലോകത്ത് എല്ലായിടത്തും ഉപയോഗിക്കാൻ കഴിയുന്നതും ചില പ്രദേശങ്ങളിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്നതുമായ ഫോണുകളുണ്ട്. പിടിച്ചെടുത്ത ഫോണിനു വലിയ പഴക്കമില്ല. അതേസമയം, ബോട്ടിലുണ്ടായിരുന്നവരു‌ടെ മൊഴി വീണ്ടും വിശദമായി പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മുൻപു നൽകിയ മൊഴിയിൽ നിന്നു വ്യത്യസ്തമായ കാര്യങ്ങൾ ചോദ്യം ചെയ്യലിൽ പറഞ്ഞതിനെത്തുടർന്നാണിത്.

എൻഐഎ കേസിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല. സർക്കാരിന്റെ തീരുമാനം വരുന്നതുവരെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം. ബോട്ടിലുണ്ടായിരുന്നവരുടെ മൊഴികൾ വിശ്വസനീയമല്ലെന്നും, അന്വേഷണത്തിൽ സംശയകരമായ ചില കാര്യങ്ങൾ കണ്ടെത്തിയതിനാൽ കൂടുതൽ അന്വേഷണം ആവശ്യമാ‌ണെന്നും ഫോർട്ട് അസി. കമ്മിഷണർ മനോരമ ഓൺലൈനിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here