ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെ പുകഴ്ത്തി പാകിസ്താന്‍ താരങ്ങള്‍. പാകിസ്താന്റെ ഇതിഹാസ താരങ്ങളായ വസിം അക്രം, ഷോയിബ് അക്തര്‍, സഖ്‌ലൈന്‍ മുഷ്താഖ് എന്നിവരാണ് കൊഹ്‌ലിയെ ഒരേ സ്വരത്തില്‍ പുകഴ്ത്തുന്നത്. പുകഴ്ത്തുക മാത്രമല്ല, സ്വന്തം നാട്ടിലെ കളിക്കാരോട് കൊഹ്‌ലിയെ കണ്ട് പഠിക്കണമെന്നും പറയുന്നു ഈ പാക് സൂപ്പര്‍ താരങ്ങള്‍.

ഒരു പാകിസ്താനി ടിവി ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് അക്രം, അക്തര്‍, സഖ്‌ലൈന്‍ എന്നിവര്‍ കൊഹ്‌ലിയെ പുകഴ്ത്തി സംസാരിച്ചത്. ക്രിക്കറ്റിനോടുള്ള കൊഹ്‌ലിയുടെ അര്‍പ്പണബോധവും നിശ്ചയദാര്‍ഢ്യവുമാണ് പാക് താരങ്ങളെ ആകര്‍ഷിച്ചത്. പാക് താരങ്ങള്‍ കൊഹ്‌ലിയെ പുകഴ്ത്തുന്ന ഈ വീഡിയോ ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വൈറലാകുകയാണ്.

ഭക്ഷണകാര്യത്തിലായാലും ഉറക്കത്തിന്റെ കാര്യത്തിലായാലും കൊഹ്‌ലി കാണിക്കുന്ന കൃത്യനിഷ്ഠ കണ്ടുപഠിക്കേണ്ടതാണ് എന്നാണ് സഖ്‌ലൈന്‍ പറയുന്നത്. ജിമ്മില്‍ വെച്ച് കൊഹ്‌ലിയുമായി നടന്ന ഒരു കൂടിക്കാഴ്ചയും സഖ്‌ലൈന്‍ ഓര്‍മിക്കുന്നു. കെ എല്‍ രാഹുല്‍, കേദാര്‍ ജാദവ്, കരുണ്‍ നായര്‍ തുടങ്ങിയ ഇന്ത്യന്‍ യുവ കളിക്കാരുടെ പ്രകടനമാണ് അക്തറിന് ഇഷ്ടപ്പെട്ടത്.

പാകിസ്താന്റെ ഒരു കളിക്കാരും മുന്‍താരങ്ങളെ ഉപദേശങ്ങള്‍ക്കായി സമീപിക്കാറില്ല എന്നാണ് വസിം അക്രമിന്റെ പരാതി. എന്നാല്‍ ഇന്ത്യന്‍ കളിക്കാര്‍ അങ്ങനെയല്ല. എപ്പോഴൊക്കെ അവസരം കിട്ടുന്നോ അപ്പോഴൊക്കെ മുന്‍കാല കളിക്കാരെ കണ്ട് അഭിപ്രായം ചോദിക്കാനും സ്വന്തം കളി മെച്ചപ്പെടുത്താനും ശ്രമിക്കുന്നവരാണെന്ന് ഇന്ത്യന്‍ താരങ്ങള്‍ അക്രം പറയുന്നു.

അക്രം കമന്ററി ടീമിനൊപ്പവും സഖ്‌ലൈന്‍ ഇംഗ്ലണ്ട് ടീമിന്റെ സ്പിന്‍ കോച്ചായും ഇന്ത്യയിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here