നാളെ, ജനുവരി ഇരുപത്താറാം തീയതി, ഇന്ത്യൻ സമയം രാവിലെ അഞ്ചരയ്ക്ക് ആസ്‌ട്രേല്യൻ ഓപ്പൻ ടെന്നീസ് ടൂർണമെന്റിന്റെ സെമിഫൈനൽ മത്സരങ്ങൾ ആരംഭിയ്ക്കും. കൊക്കൊ വാൻഡവൈ, വീനസ് വില്യംസ് എന്നിവർ തമ്മിലുള്ളതാണു പ്രഥമ മത്സരം. തുടർന്ന്, ക്രൊയേഷ്യക്കാരിയായ മിര്യാനാ ലൂചിച്ച് ബറോനിയും അമേരിക്കയുടെ സെറീന വില്യംസും തമ്മിലുള്ള മത്സരം നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്കൊന്നരയ്ക്കാണു ലോകമെമ്പാടുമുള്ള ടെന്നീസ് പ്രേമികൾ ആകാംക്ഷാപൂർവം കാത്തിരിയ്ക്കുന്ന റോജർ ഫെഡററും സ്റ്റെനിസ്‌ലാസ് വാവ്രിങ്കയും തമ്മിലുള്ള പോരാട്ടം. റഫേൽ നഡാലും ഗ്രിഗോർ ഡിമി‌ട്രോവും തമ്മിലുള്ള സെമിഫൈനൽ മത്സരം അടുത്ത ദിവസമാണു നടക്കുക.

ആസ്‌ട്രേല്യൻ ഓപ്പനിൽ നിന്നു കളിക്കാർക്കു കിട്ടുന്ന സമ്മാനത്തുകയെത്രയെന്ന് അറിയുന്നതു രസകരമായിരിക്കും; പലർക്കും പ്രചോദനപ്രദവും. ജനുവരി ഇരുപത്തെട്ടിനു നടക്കുന്ന വനിതകളുടെ ഫൈനലിൽ വിജയം നേടുന്ന കളിക്കാരിയ്ക്കു കപ്പോടൊപ്പം കിട്ടാൻ പോകുന്ന ചെക്കിന്റെ തുക പത്തൊമ്പതു കോടി രൂപയ്ക്കു തുല്യമായ 37 ലക്ഷം ആസ്‌ട്രേല്യൻ ഡോളറാണ്. ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച് ആസ്‌ട്രേല്യൻ ഡോളറിന് അമ്പത്തൊന്നര രൂപ വിലയുണ്ട്. ജനുവരി ഇരുപത്തൊമ്പത്, ഞായറാഴ്‌ച, നടക്കാനിരിക്കുന്ന പുരുഷന്മാരുടെ ഫൈനലിലെ ജേതാവിനു ലഭിയ്ക്കാൻ പോകുന്നതും ഇതേ തുക തന്നെ.

ആസ്‌ട്രേല്യൻ ഓപ്പൻ, ഫ്രെഞ്ച് ഓപ്പൻ, വിംബിൾഡൻ, യു എസ് ഓപ്പൻ എന്നിവയാണു ടെന്നീസിലെ ഏറ്റവുമുയർന്ന ടൂർണമെന്റുകൾ. ഇവ ഗ്രാന്റ് സ്ലാമുകൾ എന്നും അറിയപ്പെടുന്നു. ഇവയിൽ പങ്കെടുക്കുന്ന പുരുഷന്മാർക്കു തങ്ങളുടെ ഓരോ കളിയിലും പരമാവധി അഞ്ചു സെറ്റുകൾ കളിയ്ക്കേണ്ടി വന്നേയ്ക്കാം; എന്നാൽ വനിതകൾക്കാകട്ടെ, ഓരോ കളിയിലും പരമാവധി മൂന്നു സെറ്റുകൾ വീതം കളിച്ചാൽ മതി. ജയം നേടാൻ പുരുഷന്മാർ കൂടുതൽ സെറ്റുകൾ കളിയ്ക്കേണ്ടി വരുന്നതിനാൽ പുരുഷന്മാർക്ക് ഉയർന്ന സമ്മാനത്തുക നൽകണമെന്ന ആവശ്യം ഏറെക്കാലം ലോകഒന്നാം നമ്പർ താരമായിരുന്ന നൊവാക്ക് ജ്യോക്കോവിച്ച് ഉയർത്തിയിരുന്നു. തുല്യസമ്മാനത്തുക വേണമെന്ന വനിതകളുടെ അവകാശവാദത്തെ പരിഹസിച്ച മുൻകാല അമേരിക്കൻ ടെന്നീസ് താരം ജിമ്മി കോണേഴ്‌സ് അക്കാലത്തു പറഞ്ഞത്, പുരുഷന്മാർക്കും വനിതകൾക്കും കൂടി ഒറ്റ ടൂർണമെന്റു മാത്രം മതിയെന്നായിരുന്നു.

ഇതൊക്കെയാണെങ്കിലും, തുല്യസമ്മാനത്തുക വേണമെന്ന വനിതകളുടെ ആവശ്യത്തെ ഭൂരിപക്ഷം പുരുഷകളിക്കാരും ശക്തമായി പിന്തുണയ്ക്കുകയും, ഒടുവിൽ അന്താരാഷ്‌ട്ര ടെന്നീസ് രംഗത്തു നിന്നു ലിംഗവിവേചനം നിഷ്‌കാസിതമാകുകയും ചെയ്തു. തൽഫലമായി ടെന്നീസിൽ പുരുഷന്മാർക്കു ലഭിയ്ക്കുന്ന തുക തന്നെ വനിതകൾക്കും ലഭിയ്ക്കുന്നു. ഫുട്ബോൾ, ബാസ്‌കറ്റ് ബോൾ എന്നിങ്ങനെ പല രംഗങ്ങളിലും ഈ പൂർണസമത്വം നിലവിൽ വന്നിട്ടില്ല.

ഫൈനലിൽ ജേതാവാകുന്നയാൾക്കു മാത്രമല്ല സമ്മാനത്തുക കിട്ടുന്നത്. ആസ്‌ട്രേല്യൻ ഓപ്പനിൽ പങ്കെടുക്കുന്ന സകല കളിക്കാർക്കും സമ്മാനത്തുക കിട്ടുന്നു. ഒന്നാം റൗണ്ടിൽ കളിക്കുന്നവർക്കു കിട്ടുന്ന തുക പോലും വലുതാണ്: ഇരുപത്തഞ്ചേമുക്കാൽ ലക്ഷം രൂപ! കളിക്കണമെന്നേയുള്ളൂ, ജയിക്കണമെന്നില്ല. രണ്ടാം റൗണ്ടിൽ കളിക്കുന്നവർക്ക് നാല്പത്തൊന്നു ലക്ഷം രൂപ, മൂന്നാം റൗണ്ടിൽ അറുപത്തേഴു ലക്ഷം, നാലാം റൗണ്ടിൽ നൂറ്റിപ്പതിമൂന്നു ലക്ഷം – ഒരു കോടിയിലേറെ – എന്നിങ്ങനെയാണു കിട്ടുക. രണ്ടേകാൽക്കോടി, നാലരക്കോടി, ഒമ്പതേമുക്കാൽക്കോടി എന്നീ തുകകൾ യഥാക്രമം ക്വാർട്ടർ, സെമി, ഫൈനൽ എന്നീ തലങ്ങളിൽ കളിക്കുന്നവർക്കു കിട്ടുന്നു; ഫൈനൽ ജേതാവിനു 19 കോടി രൂപയും. സിംഗിൾസിലെ സമ്മാനത്തുകകൾ മാത്രമാണ് ഇവിടത്തെ പരാമർശവിഷയം.

ആസ്‌ട്രേല്യൻ ഓപ്പനിൽ കപ്പു നേടാൻ ഒരു കളിക്കാരന് – കളിക്കാരിക്കും – ആകെ ഏഴു തവണ കളിക്കേണ്ടതുണ്ട്. മറ്റൊരു വിധത്തിൽപ്പറഞ്ഞാൽ, പത്തൊമ്പതുകോടി രൂപ നേടാൻ ആകെ എഴു കളിക്കാരെ മാത്രം പരാജയപ്പെടുത്തിയാൽ മതി. കേൾക്കുന്നയത്ര എളുപ്പമല്ലിത്. ആസ്‌ട്രേല്യൻ കളിക്കാരനായ സാമുവൽ ഗ്രോത്ത് ഒരിക്കൽ എതിരാളിയുടെ നേർക്കു സെർവു ചെയ്ത പന്തിന്റെ വേഗം 263 കിലോമീറ്ററിലേറെയായിരുന്നു. ഇന്നുള്ള ടെന്നീസ് കളിക്കാരിൽ പലരും ഇരുനൂറു കിലോമീറ്ററിലേറെ വേഗത്തിൽ സെർവു ചെയ്തിട്ടുള്ളവരാണ്; ചില പേരുകളിതാ:

ജോൺ ഈസ്‌നർ – 253 കി.മീ.

മിലോസ് റാവനിച്ച് – 250 കി.മീ.

ജോ വിൽഫ്രീഡ് സോങ്ക – 237 കി.മീ.

ഗെയൽ മോൺഫീൽസ് – 235 കി.മീ.

സ്റ്റെനിസ്ലാസ് വാവ്രിങ്ക – 234 കി.മീ.

എഴുപത്തെട്ടടി നീളവും ഇരുപത്തേഴടി വീതിയുമുള്ള സിംഗിൾസ് കോർട്ടിൽ മുകളിൽ സൂചിപ്പിച്ച തരം വേഗങ്ങളിൽ പന്തു നിരന്തരമടിച്ച് എതിരാളിയെ കീഴടക്കുന്നത് അതികായന്മാർക്കു മാത്രം സാദ്ധ്യമാകുന്ന കാര്യമാണ്. ഇന്ത്യയിൽ നിന്നാരും പുരുഷന്മാരുടേയോ വനിതകളുടേയോ സിംഗിൾസ് ഗ്രാന്റ് സ്ലാമുകളിൽ ഒന്നു പോലും ഇത്രയും കാലത്തിനിടയിൽ നേടിയിട്ടില്ലെന്ന സങ്കടകരമായ വസ്തുത ഇവിടെ ഓർക്കാതെ നിവൃത്തിയില്ല. ഫ്രെഞ്ച് ഓപ്പനും ആസ്‌ട്രേല്യൻ ഓപ്പനും ഓരോ തവണ നേടിയ ലീ നാ എന്ന ചൈനീസ് വനിതയെ മാറ്റി നിർത്തിയാൽ, ഏഷ്യയുടെ നിലയും ഇന്ത്യയുടേതിൽ നിന്നു വിഭിന്നമല്ല.

ഉടൻ നടക്കാൻ പോകുന്ന സെമിഫൈനൽ മത്സരങ്ങളിൽ വിവിധ കളിക്കാർക്കുള്ള ജയസാദ്ധ്യത വിലയിരുത്താൻ ശ്രമിക്കാം. പ്രഥമ മത്സരം കൊക്കൊ വാൻഡവൈയും വീനസ് വില്യംസും തമ്മിലുള്ളതാണെന്നു സൂചിപ്പിച്ചു കഴിഞ്ഞു. 36 വയസ്സായ വീനസ് വില്യംസ് രണ്ടു തവണ യു എസ് ഓപ്പനും അഞ്ചു തവണ വിംബിൾഡനും നേടിയിട്ടുണ്ട്. അങ്ങനെയിരിക്കെയാണു വീനസിനെ ഷോഗ്രൻസ് സിൻഡ്രോം എന്ന രോഗം ബാധിച്ചത്. ഈ രോഗം മൂലമുണ്ടാകുന്ന സന്ധിവേദനയും പെട്ടെന്നുള്ള തളർച്ചയും സഹിയ്ക്കുന്നൊരാൾക്ക് അങ്ങേയറ്റത്തെ കായികക്ഷമത ആവശ്യമുള്ള ഗ്രാന്റ് സ്ലാം ടൂർണമെന്റിൽ വിജയം നേടുക അസാദ്ധ്യമാണ്. എന്നിട്ടും ഇത്തവണത്തെ ആസ്‌ട്രേല്യൻ ഓപ്പനിൽ സെമിഫൈനൽ വരെയെത്താനായത് വീനസിന്റെ സഹനശക്തിയും ദൃഢനിശ്ചയവും മൂലമാണ്. ലോകറാങ്കിംഗിൽ പതിനേഴാമതാണു വീനസ്സിന്റെ സ്ഥാനം.

25 വയസ്സുകാരിയായ കൊക്കൊ വാൻഡവൈ പ്രൊഫഷണൽ ടെന്നീസ് കളിക്കാരിയായത് 2008ൽ മാത്രമാണ്; വീനസ്സാകട്ടെ, 1994ലും. നീണ്ട ഇരുപത്തിമൂന്നു വർഷത്തെ തഴക്കം വീനസ്സിനുണ്ട്. വാൻഡവൈയുടേത് ഒമ്പതു വർഷം മാത്രവും. വാൻഡവൈയുടെ റാങ്ക് 21. റാങ്കിലും തഴക്കത്തിലുമുള്ള അന്തരങ്ങൾ തൽക്കാലം നമുക്കു വിസ്‌മരിക്കാം. പകരം, ഇത്തവണത്തെ ആസ്‌ട്രേല്യൻ ഓപ്പനിൽ ഇരുവരും കാഴ്‌ച വെച്ച പ്രകടനങ്ങളെ ഒന്നു താരതമ്യം ചെയ്യാം.

എതിരാളിയ്ക്കു സ്പർശിക്കാനാകാത്ത സെർവുകളാണ് ഏയ്സുകൾ. ഈ ടൂർണമെന്റിൽ വാൻഡവൈ ആകെ 35 ഏയ്സുകൾ ഉതിർത്തിട്ടുണ്ട്; വീനസ് 17 മാത്രവും. ടെന്നീസിൽ ഓരോ സെർവും രണ്ടു തവണ വീതം ചെയ്യാവുന്നതാണ്. ഒന്നാമത്തെ സെർവു പിഴച്ചുപോയാൽ, രണ്ടാമതും ചെയ്യാം. ടെന്നീസിൽ മാത്രമുള്ളൊരു ആനുകൂല്യമാണത്. ഇതുമൂലം, ഒന്നാം സെർവു പൊതുവിൽ അതിശക്തമായിരിക്കും; ശക്തി കൂടുമ്പോൾ കണിശത കുറഞ്ഞെന്നു വരാം. പക്ഷേ, ശക്തിയോടൊപ്പം കണിശത കൂടി ലഭിച്ചാൽ, ഒന്നാം സെർവുകൾ എതിരാളിയെ കുഴക്കിയതു തന്നെ. വാൻഡവൈയുടെ 82% ഒന്നാം സെർവുകൾ പോയിന്റുകൾ നേടിയപ്പോൾ വീനസ്സിന്റെ ശതമാനം 66 മാത്രമായിരുന്നു. ടെന്നീസിൽ സ്‌ട്രോക്കുകളും – അടികൾ – സെർവിനോടൊപ്പം പ്രധാനമാണ്. എതിരാളിയ്ക്കു സ്പർശിയ്ക്കാനാകാഞ്ഞ 172 അടികൾ വാൻഡവൈ അടിച്ചപ്പോൾ വീനസിന് 153 എണ്ണം മാത്രമേ ഉതിർക്കാനായുള്ളൂ.

സെമിഫൈനലിലേക്കുള്ള പാതയിൽ ഇരുവരും കീഴടക്കിയ എതിരാളികൾ ആരൊക്കെയെന്നു നോക്കാം. ലോകറാങ്കിംഗിൽ പതിനേഴാമതുള്ള വീനസിനു കീഴടങ്ങിയ എതിരാളികളും അവരുടെ ലോകറാങ്കിംഗും താഴെ കൊടുക്കുന്നു:

കാറ്ററൈന കോസ്ലോവാ – 101

സ്റ്റെഫനി വോഗൽ – 112

യിങ് യിങ് ദുവാൻ – 87

മോന ബാർട്ടൽ – 181

അനസ്റ്റേസ്യ പാവ്‌ല്യുച്ചെങ്കോവ – 24

ലോകറാങ്കിംഗിൽ ഇരുപത്തൊന്നാം സ്ഥാനമുള്ള വാൻഡവൈ തോല്പിച്ച കളിക്കാർ താഴെപ്പറയുന്നവരാണ്:

ഗാർബൈൻ മുഗുരൂസ – 7

ഏഞ്ചലീക്ക് കേർബർ – 1

യൂജനി ബൗച്ചേഡ് – 47

പൗലീൻ പാമെന്റിയ – 67

റോബർട്ടാ വിൻസി – 19

താരതമ്യേന ഉയർന്ന റാങ്കുള്ളവരാണ് വാൻഡവൈക്കു കീഴടങ്ങിയ അഞ്ചിൽ നാലു പേരും. അവരിൽ ലോകഒന്നാം നമ്പറും ഏഴാം നമ്പറും ഉൾപ്പെടുന്നുണ്ടെന്നതു ശ്രദ്ധേയമാണ്. വീനസ് പരാജയപ്പെടുത്തിയവരിൽ ഒരാളൊഴികെ മറ്റെല്ലാവരും വളരെത്താഴ്‌ന്ന റാങ്കു മാത്രമുള്ളവരാണ്.

എന്നാലിതൊന്നും നാളത്തെ കളിയെപ്പറ്റിയുള്ള പ്രവചനത്തിന് ഉപകരിച്ചെന്നു വരില്ല. കളിക്കളത്തിൽ വച്ചു തൽസമയം പുറത്തെടുക്കുന്ന കളിയുടെ നിലവാരമാണു വിജയിയെ നിർണയിക്കുന്നത്. ഏ സമം ബി, ബി സമം സി, അതുകൊണ്ട് ഏ സമം സി എന്നിങ്ങനെയുള്ള ഗണിതസമവാക്യങ്ങളൊന്നും ഇവിടെ വിലപ്പോവില്ല. എന്നുവരികിലും, ഇരുവർക്കും മുകളിൽ കൊടുത്തിരിക്കുന്ന ഘടകങ്ങൾ അതേ തോതിൽത്തന്നെ സെമിഫൈനലിലും തുടരാനായാൽ, കൊക്കൊ വാൻഡവൈക്കു ജയസാദ്ധ്യത കൂടുതലുണ്ടാകും.

നാളെ രണ്ടാമതു സെമിഫൈനൽ സെറീന വില്യംസും മിര്യാന ലൂച്ചിച് ബറോനിയും തമ്മിലുള്ളതാണെന്നു മുകളിൽ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. ലോകരണ്ടാം നമ്പർ കളിക്കാരിയാണു സെറീന. മിര്യാനയുടെ റാങ്ക് 79 മാത്രവും. തൊണ്ണൂറുകളിലാണു മിര്യാനയുടെ ടെന്നീസ് ജീവിതം ആരംഭിക്കുന്നത്. എങ്കിലും ഇടക്കാലത്ത് ഒരു പതിറ്റാണ്ടിലേറെക്കാലം മിര്യാന ടെന്നീസിൽ നിന്നു വിട്ടു നിന്നിരുന്നു. പതിനെട്ടു കൊല്ലം മുമ്പാണു മിര്യാന ഒരു ഗ്രാന്റ് സ്ലാമിന്റെ സെമിഫൈനലിൽ അവസാനമായി കളിച്ചത്. ടെന്നീസ് രംഗത്തേക്കു വീണ്ടും വന്ന ശേഷം ഏതാനും വർഷങ്ങൾ കഴിഞ്ഞെങ്കിലും, മിര്യാനയ്ക്കു വലുതായ നേട്ടങ്ങൾ കൊയ്യാനായിട്ടില്ല. സെറീനയാകട്ടെ മികച്ച പ്രകടനം തുടർച്ചയായി കാഴ്‌ചവെച്ചു പോരുകയാണു താനും. വിജയസാദ്ധ്യത കൂടുതലുള്ളതു സെറീനയ്ക്കാണ്.

പുരുഷന്മാരുടെ സെമിഫൈനലുകളുടെ ഫലപ്രവചനം ദുഷ്കരമാണ്. ഒന്നാമത്തെ സെമിഫൈനൽ റോജർ ഫെഡററും സ്റ്റെനിസ്ലാസ് വാവ്രിങ്കയും തമ്മിലാണ്. രണ്ടാമത്തേതു റഫേൽ നഡാലും ഗ്രിഗോർ ഡിമിട്രോവും തമ്മിലും.

ഫെഡററും വാവ്രിങ്കയും ഒരേ നാട്ടുകാരാണ്: സ്വിറ്റ്സർലന്റുകാർ. സ്വിറ്റ്സർലന്റിനു വേണ്ടി ഒരുമിച്ചു കളിച്ച് ഒളിമ്പിക് സ്വർണം വരെ നേടിയിട്ടുള്ളവർ. ഇരുവരുടേയും കഴിവുകൾ ഇരുവർക്കും സുപരിചിതം. സ്വിറ്റ്സർലന്റിനു വേണ്ടി ഇരുവരും ഒന്നിക്കുമെങ്കിലും, വ്യക്തിഗതടൂർണമെന്റുകളിൽ ഇവർ പരസ്പരം ഏറ്റുമുട്ടാറുണ്ട്, ഇതുവരെയായി 21 തവണ ഏറ്റുമുട്ടിയിട്ടുമുണ്ട്. 18 തവണ ഫെഡററും, മൂന്നു തവണ മാത്രം വാവ്രിങ്കയും ജയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിലത്തെ രണ്ടു തവണ വിജയം നേടിയതു ഫെഡററായിരുന്നു. ഈ വിജയങ്ങൾ രണ്ടും 2015ലായിരുന്നു.

2016ൽ പരിക്കു കാരണം ഫെഡറർക്ക് ആറുമാസത്തോളം കളിക്കളത്തിൽ നിന്നു വിട്ടു നിൽക്കേണ്ടി വന്നിരുന്നു. ഇതുമൂലം ഫെഡററുടെ ലോകറാങ്കിംഗിന് ഇടിവു തട്ടി. ഫെഡററുടെ ഇപ്പോഴത്തെ റാങ്ക് 17 ആണ്. വാവ്രിങ്കയ്ക്ക് ഉയർന്ന റാങ്കുണ്ട്: നാല്. ആറുമാസത്തെ ഇടവേളയ്ക്കു ശേഷം ഫെഡറർ കളിക്കളത്തിൽ തിരികെയെത്തിയതു വലിയ പ്രതീക്ഷകളൊന്നുമില്ലാതെയായിരുന്നു. ആസ്‌ട്രേല്യൻ ഓപ്പനിൽ ഇത്രത്തോളം പോലും എത്താനാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫെഡറർ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ആറു മാസത്തെ ഇടവേള മൂലം ഫെഡററുടെ റാങ്കിംഗിന് ഇടിവു തട്ടിയിട്ടുണ്ടെങ്കിലും, ഫെഡററുടെ കളിയുടെ നിലവാരത്തിൽ കാര്യമായ ഇടിവുണ്ടായിട്ടില്ലെന്നാണു ഈ ടൂർണമെന്റിലെ ഫലങ്ങൾ സൂചിപ്പിക്കുന്നത്. തോമസ് ബേർഡിച്ചിന്റെ മേൽ ഫെഡറർ നേടിയ അനായാസവിജയം ഇതിനൊരു തെളിവാണ്. വാവ്രിങ്ക മികച്ച ഫോമിലാണിപ്പോൾ. എങ്കിലും, നാളത്തെ സെമിഫൈനലിൽ വാവ്രിങ്കയ്ക്കുള്ളതിനേക്കാൾ ഒരല്പം കൂടുതൽ വിജയസാദ്ധ്യത ഫെഡറർക്കാണുള്ളത്.

റഫേൽ നഡാലും ഗ്രിഗോർ ഡിമിട്രോവും തമ്മിലാണു രണ്ടാമത്തെ സെമിഫൈനൽ. അവരിരുവരും ആകെ എട്ടു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഏഴു തവണ നഡാലും ഒരു തവണ മാത്രം ഡിമിട്രോവും വിജയിച്ചു. അവർ തമ്മിൽ അവസാനം നടന്ന കളി കഴിഞ്ഞ വർഷം ബെയ്ജിംഗിൽ വെച്ചായിരുന്നു. അതിൽ വിജയം ഡിമിട്രോവിനൊപ്പം നിന്നു. ഇരുവരും മികച്ച ഫോമിലാണ്. സെമിഫൈനലിലേയ്ക്കുള്ള വഴിയിൽ അലക്സാണ്ടർ സ്വരേവിനെ കീഴ്‌പെടുത്താൻ നഡാൽ അല്പം ബുദ്ധിമുട്ടിയെങ്കിലും, ഫ്ലോറിയൻ മായർ, മാർക്കോസ് ബഗ്ഡാറ്റിസ്, ഗേയൽ മോൺഫീൽസ്, മിലോസ് റാവനിച്ച് എന്നിവരെ അധികം വിയർക്കാതെ തന്നെ കീഴടക്കാൻ നഡാലിന്നായി. മറുവശത്ത് ഡിമിട്രോവ് പരാജയപ്പെടുത്തിയ എതിരാളികളിൽ നൊവാക്ക് ജ്യോക്കോവിച്ചിനെ തറ പറ്റിച്ച ഡെനിസ് ഇസ്റ്റോമിൻ ഉൾപ്പെടുന്നുണ്ടെങ്കിലും, നഡാലിന്റെ സെമിഫൈനൽ പാതയായിരുന്നു കൂടുതൽ ദുർഘടം പിടിച്ചത്. അതുകൊണ്ട്, നേരിയൊരു മുൻതൂക്കം നഡാലിനാണ് എന്നാണെന്റെ അഭിപ്രായം.

വായനക്കാരുടെ അഭിപ്രായങ്ങൾക്കു സ്വാഗതം. അഭിപ്രായങ്ങൾ sunilmssunilms@rediffmail.com എന്ന ഈമെയിൽ ഐഡിയിലേയ്ക്കയയ്ക്കുക.

ജനുവരി 25, 2017, 11 PM

LEAVE A REPLY

Please enter your comment!
Please enter your name here