എൻ. പി. ചന്ദ്രശേഖരൻ

പനിക്കുള്ള കുറിപ്പടി
===================

പനിയാണെങ്കിൽ നീ
ഇനി, യറിയുക:

പനി ശരീരത്തിൻ
പണിമുടക്കാവാം,
മുനിയുമുള്ളിന്റെ
കലഹവുമാകാം.

പണിയെടുത്തേറെ-
ത്തളരുമ്പോൾ ദേഹം
കൊടിയെടുക്കാതെ
പണിമുടക്കിടാം;
പുറംചൂടേറ്റുമാ
വെറും പനിയെങ്കിൽ
പനിയകറ്റിടാം
പ‍ഴമരുന്നിനാൽ,
പകലുറക്കത്താൽ,
പണിയൊ‍ഴിവിനാൽ.

പുതിയ കാലത്തു
പുരാപുരങ്ങളിൽ
പ‍ഴയ നോവുകൾ
പനിയായെത്തിടാം;
(പുറംതള്ളപ്പെട്ടു
പുരം വെടിഞ്ഞാറെ
നിനക്കു വന്നതും
പനിതന്നെ, യോർക്ക.
മഹാപ്രസ്ഥാനത്തിൽ
മ‍ല കയറുമ്പോൾ
മനസ്സിൽ വന്നതാം
മതിഭ്രമം പനി.
ചതിക്കെതിരേ നീ
ചിലമ്പെറിഞ്ഞപ്പോൾ
ചുരമാന്തി നിന്നിൽ-
ച്ചുരന്നതും പനി.)
മനസ്സിനെത്തീണ്ടി-
ക്കനലിൽ നീറ്റുമാ
മറുപനിയെങ്കിൽ-
പ്പറഞ്ഞിടാം പെണ്ണേ:
തനിച്ചിരിക്കുക,
കിനിയും മൗനത്തെ
നുണഞ്ഞിരിക്കുക,
തനിത്തരം വിട്ടു
പനി കനക്കുമ്പോൾ-
ത്തുനിഞ്ഞിറങ്ങുക.

പനിക്കുമ്പോ‍ഴെന്നെ-
ത്തനിച്ചു വായിക്ക!

LEAVE A REPLY

Please enter your comment!
Please enter your name here