കാസർകോട്∙ സഫിയ വധക്കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. സഫിയയെ വീട്ടുജോലിക്കു നിർത്തിയ കാസർകോട് ബോവിക്കാനം മാസ്തിക്കുണ്ടിൽ കരാറുകാരൻ കെ.സി. ഹംസ (50)യ്ക്കാണ് ജില്ലാ സെഷൻസ് കോടതി ജഡ്ജി എം.ജെ. ശക്തിധരൻ വധശിക്ഷ വിധിച്ചത്. ഇതിനു പുറമേ പത്തുലക്ഷം രൂപ പിഴയും വിധിച്ചു. കേസിലെ മൂന്നാം പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമൂനയ്ക്ക് ആറു വർഷം തടവും 10000 രൂപ പിഴയും നാലാം പ്രതിയും ഹംസയുടെ സഹോദരന്റെ ഭാര്യാ സഹോദരനുമായ ആരിക്കാടി കുന്നിൽ ഹൗസിൽ അബ്ദുല്ല (58)യ്ക്ക് മൂന്നു വർഷം കഠിന തടവും 5000 രൂപ പിഴയുംശിക്ഷ വിധിച്ചു. ഒന്നാം പ്രതിയിൽ നിന്നു പിഴയായി ഈടാക്കുന്ന തുകയിൽ എട്ടുലക്ഷം രൂപ സഫിയയുടെ കുടുംബത്തിനു നൽകണമെന്നും കോടതി വിധിച്ചു.

വീട്ടു ജോലിക്കു നിന്ന പെൺകുട്ടിയെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട കേസിലാണ് ശിക്ഷ. കുടക് കർണാടക അയ്യങ്കേരിയിലെ മൊയ്തുവിന്റെയും ആയിസുമ്മയുടെയും മകളായ സഫിയയെ 13-ാം വയസ്സിലാണ് ഹംസയുടെ വീട്ടിൽ ഏജന്റ് മുഖേന വീട്ടുജോലിക്കു നിർത്തിയത്. സഫിയയെ കാണാതായെന്ന പരാതിയെത്തുടർന്ന് ഒന്നര വർഷക്കാലം കേസ് അന്വേഷിച്ചിട്ടും എങ്ങുമെത്താതെ നിലച്ചതിനെ തുടർന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണു സഫിയയെ ഗോവയിൽ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. 2008 സെപ്്റ്റംബർ 28ന് ആണു ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

2006 ഡിസംബർ 21നാണു ആദൂർ പൊലീസ് സഫിയയെ കാണാതായതായി കേസ് റജിസ്റ്റർ ചെയ്തത്. 2006 ഡിസംബർ 20നു സഫിയയെ മാസ്തിക്കുണ്ടിലെ വീട്ടിൽ നിന്നു കാണാതായെന്നായിരുന്നു ഹംസയുടെ മൊഴി. സഫിയയുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണം പ്രഹസനമായപ്പോൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രൂപീകരിച്ച കർമസമിതിയുടെ സമരഫലമായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. 2008 ജൂലൈയിലാണു ഗോവ മല്ലോര അണക്കെട്ടിനു സമീപത്തു നിന്നു സഫിയയുടെ തലയോട്ടിയും പാവാടയും കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here