വാഷിങ്ടണ്‍: കുടിയേറ്റക്കാരെ ഏറ്റെടുക്കുന്നതു സംബന്ധിച്ച് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുളുമായി ഇടഞ്ഞു. പസഫിക് ക്യാമ്പുകളില്‍ കഴിയുന്ന അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച് മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുമായി ടേണ്‍ബുള്‍ ധാരണയിലത്തെിയിരുന്നു. 

ആസ്ട്രേലിയ ഇതിന്‍െറ നടപടിക്രമങ്ങള്‍ തുടങ്ങിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ട്രംപും ടേണ്‍ബുളും തമ്മില്‍  ഒരുമണിക്കൂര്‍ നേരത്തെ ഫോണ്‍സംഭാഷണമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, സംഭാഷണം തുടങ്ങി 25 മിനിറ്റിനു ശേഷം ട്രംപ് ഫോണ്‍ കട്ട് ചെയ്തതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ആസ്ട്രേലിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ട്രംപുമായുള്ള ഏകപക്ഷീയ സംഭാഷണം നിരാശപ്പെടുത്തിയെന്ന് ടേണ്‍ബുള്‍ പ്രതികരിച്ചു. യു.എസിന്‍െറ പ്രധാന സഖ്യരാജ്യങ്ങളിലൊന്നാണ് ആസ്ട്രേലിയ.

ഇന്നു താന്‍ നാലു ലോകരാഷ്ട്രങ്ങളുടെ തലവന്മാരുമായി സംസാരിച്ചെന്നും അതില്‍ ഏറ്റവും മോശം സംഭാഷണമായിരുന്നു ഇതെന്നും പിന്നീട്  ട്രംപ് പറഞ്ഞു.   നഊറുവിലെയും പാപ്വന്യൂഗിനിയിലെയും തടവുകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന 1,250  കുടിയേറ്റക്കാരെ ഏറ്റെടുക്കുന്നതിനാണ് ഒബാമ സമ്മതിച്ചത്. ‘‘ആസ്ട്രേലിയയില്‍നിന്ന് ആയിരക്കണക്കിന് കുടിയേറ്റക്കാരെ ഏറ്റെടുക്കാന്‍ ഒബാമ സമ്മതിച്ചിരിക്കുന്നു. എന്തായാലും കുടിയേറ്റക്കാരെ നമ്മുടെ രാജ്യത്തേക്ക് തള്ളുന്ന മോശം കരാറിനെക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചു’’എന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.കരാറുമായി മുന്നോട്ടുപോകുമെന്നായിരുന്നു ട്രംപ് നേരത്തേ അറിയിച്ചിരുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here