പരീക്ഷാ സമയത്ത് ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക്ക് മീറ്റ് പ്രഖ്യാപിച്ച് സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ കേരളത്തെ ചതിച്ചതോടെ താരങ്ങള്‍ ചാംപ്യന്‍ഷിപ്പില്‍ നിന്നു പിന്‍മാറുന്നു.

ഹൈ ജംപ് താരം ഗായത്രി ശിവകുമാര്‍ അടക്കം പല താരങ്ങളും ടീം പ്രഖ്യാപനത്തിനു മുന്‍പ് തന്നെ മീറ്റിനില്ലെന്നു പ്രഖ്യാപിച്ചിരുന്നു. 

കല്ലടി സ്‌കൂളിലെ മൂന്നു താരങ്ങള്‍ മീറ്റില്‍ പങ്കെടുക്കുമെങ്കിലും പരിശീലന ക്യാംപിലേക്കില്ലെന്നു അറിയിച്ചിട്ടുണ്ട്. ഇതിനു പുറമേ നിരവധി താരങ്ങള്‍ മീറ്റില്‍ നിന്നു പിന്‍മാറാനുള്ള ഒരുക്കത്തിലാണ്. പത്താം ക്ലാസ് വിദ്യാര്‍ഥികളായ താരങ്ങളെയാണ് ചാംപ്യന്‍ഷിപ്പിന്റെ തിയതി പ്രഖ്യാപനം വെട്ടിലാക്കിയത്.

പത്താം ക്ലാസ് മോഡല്‍ പരീക്ഷയും ദേശീയ ജൂനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പും ഒരേ സമയത്താണ് നടക്കുന്നത്. 13 മുതല്‍ 23 വരെയാണ് മോഡല്‍ പരീക്ഷ. ചാംപ്യന്‍ഷിപ്പ് 20 മുതല്‍ 23 വരെ ഗുജറാത്തിലെ വഡോദരയില്‍ നടക്കും. ഓവറോള്‍ കിരീടം നിലനിര്‍ത്താന്‍ ലക്ഷ്യമിടുന്ന കേരളത്തിനു പത്താം ക്ലാസ് വിദ്യാര്‍ഥികളായ താരങ്ങളുടെ പിന്‍മാറ്റം വലിയ തിരിച്ചടിയാകും.

ദേശീയ സ്‌കൂള്‍ മീറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലോക സ്‌കൂള്‍ ചാംപ്യന്‍ഷിപ്പിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. പരീക്ഷ പേടിയില്‍ ദേശീയ മീറ്റില്‍ നിന്നു വിട്ടുനില്‍ക്കുന്നതോടെ ലോക ചാംപ്യന്‍ഷിപ്പും നഷ്ടമാകും. ജൂനിയര്‍ വിഭാഗത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ താരങ്ങളുടെ അവസാന മീറ്റാണു വരാനിരിക്കുന്നത്.

പരീക്ഷയെ തുടര്‍ന്ന് വിടവാങ്ങല്‍ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതെ വരുന്നതിന്റെ നിരാശയും താരങ്ങള്‍ക്കുണ്ട്. മോഡല്‍ പരീക്ഷ ഉപേക്ഷിച്ച് മീറ്റില്‍ പങ്കെടുത്താലും 26നു മാത്രമേ നാട്ടിലേക്ക് തിരിച്ചെത്താനാകു. മാര്‍ച്ച് ഒന്‍പതിനു എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങും. ഇതും പല താരങ്ങളെയും മീറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്നു പിന്നോട്ടുവലിക്കുന്നു.

ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളം തുടരുന്ന ആധിപത്യത്തിനു തടയിടാനുള്ള നീക്കമാണ് പൊതുപരീക്ഷ സമയത്ത് ദേശീയ സ്‌കൂള്‍ ഗെയിസ് ഫെഡറേഷന്‍ ചാംപ്യന്‍ഷിപ്പ് പ്രഖ്യാപിച്ചത്. നിലവില്‍ മീറ്റ് നടത്തുന്ന സമയത്ത് മറ്റു സംസ്ഥാനങ്ങളിലൊന്നും പൊതു പരീക്ഷകള്‍ നടക്കുന്നില്ലെന്നതും കേരളത്തിനെതിരേയുള്ള സംഘടിത നീക്കമാണെന്നു വ്യക്തമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here