ഷാജഹാന്‍പൂര്‍∙ സ്വരക്ഷയ്ക്കായി ഒരു തോക്കു അനുവദിച്ചുതരണമെന്ന് ആശറാം ബാപ്പു പ്രതിയായ പീഡനക്കേസിലെ കൊല്ലപ്പെട്ട സാക്ഷി കൃപാല്‍ സിങ്ങിന്റെ ബന്ധുക്കൾ. നിലവിലെ സാഹചര്യത്തിൽ കൃപാല്‍ സിങ്ങിന്റെ കുടുംബം സുരക്ഷിതമല്ല. എപ്പോഴും ആക്രമണം ഉണ്ടായേക്കാം. ഇതിനായി ഒരു തോക്ക് കൈവശം വയ്ക്കാൻ അനുമതി നൽകണമെന്ന് അധികൃതരോട് അദ്ദേഹത്തിന്റെ ഭാര്യയും ആവശ്യപ്പെട്ടു. ജൂലൈ പത്തിനാണ് ആശാറാം ബാപ്പുവിനെതിരെയുള്ള പീഡനക്കേസിലെ സാക്ഷി കൃപാല്‍ സിങ് വെടിയേറ്റു മരിച്ചത്.

കൃപാല്‍ സിങ്ങിന്റെ ഭാര്യ ഗര്‍ഭിണിയാണ്. ഇവർക്ക് ആറ് വയസ്സുള്ള ഒരു മകനുമുണ്ട്. കൊലപാതകം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒരാളും സാക്ഷി പറയാൻ പോലും രംഗത്തുവന്നിട്ടില്ല. കൊല്ലപ്പെട്ട കൃപാല്‍ സിങ്ങ് ഒരിക്കലും സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോൾ തങ്ങളുടെ രക്ഷക്ക് ആരുമില്ല. ഇതിനായി ഒരു തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് അനുവദിക്കണമെന്നാണ് അപേക്ഷയെന്നും കൃപാല്‍ സിങ്ങിന്റെ ബന്ധുക്കൾ പറഞ്ഞു.

2013 ഓഗസ്റ്റിൽ ആശ്രമത്തില്‍ വെച്ച് ആശാറാം ബാപ്പു പീഡിപ്പിച്ച പെണ്‍കുട്ടി കൃപാല്‍ സിങ്ങിന്റെ സുഹൃത്തിന്റെ മകളാണ്. ഈ കേസിലെ സാക്ഷിയായിരുന്നു കൃപാല്‍ സിങ്ങ്. എന്നാൽ ഭർത്താവ് കൃപാല്‍ സിങ്ങ് ഈ കേസിലെ മുഖ്യസാക്ഷിയായിരുന്നു എന്ന് അറിയില്ലായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.

വെള്ളിയാഴ്ച ജോലിക്ക് പോയതായിരുന്നു. പിന്നീട് വൈകീട്ട് വീട്ടില്‍ നിന്ന് ഒരു കീലോമീറ്റര്‍ അകലെ ഭർത്താവ് വെടിയേറ്റു മരിച്ചെന്ന വാര്‍ത്തയാണ് കേൾക്കാനായതെന്ന് അവർ പറഞ്ഞു.

കൃപാല്‍ സിങ്ങിന്റെ കുടുംബത്തിന്റെ സംരക്ഷണത്തിനായി പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഈ സുരക്ഷയിലൊന്നും തൃപ്തിയില്ല. സ്വയരക്ഷയ്ക്ക് തോക്കു അനുവദിച്ചില്ലെങ്കിൽ തങ്ങളുടെ ജീവൻ ഭീതിയിലാണെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

സര്‍ക്കാര്‍ ഒരു തോക്ക് അനുവദിച്ചു തന്നാല്‍ അവളെയും കുട്ടികളെയും സംരക്ഷിക്കാമായിരുന്നു. എത്ര ദിവസത്തേക്കാണ് പൊലീസിന്റെ ഈ സംരക്ഷണമുണ്ടാവുക എന്നാണ് സഹോദരന്‍ ശിവപാല്‍ ചോദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here