നോട്ട് നിരോധനം നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നുവെന്നും ഇതുമൂലം പാഴായി പോവുകയായിരുന്ന 40,000 കോടി സംരക്ഷിക്കാനായതായും പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യക്തമായ മുന്നൊരുക്കത്തോട് കൂടി തന്നെയാണ് നോട്ട് നിരോധനം നടപ്പാക്കിയത്.

രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ഇങ്ങനെയുള്ള തീരുമാനങ്ങളുണ്ടാവുമെന്ന് തന്റെ എതിരാളികള്‍ക്ക് അറിയാമായിരുന്നു. കള്ളപ്പണക്കാരെ ഒരു പാഠം പഠിപ്പിക്കാന്‍ താന്‍ തന്ത്രം ആവിഷ്‌കരിച്ചു വരികയാണെന്നും മോദി പറഞ്ഞു. അലിഗഢില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തെ ബിജെപി മുന്നേറ്റത്തെ പിടിച്ചു കെട്ടാന്‍ ഒരു പാര്‍ട്ടിക്കും കഴിയില്ല. രാജ്യമെങ്ങും വികസനമാണ് തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശ് ജനത മാറ്റം ആഗ്രഹിക്കുന്നു. സ്ത്രീകള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയാണ് ബിജെപിയുടെ പോരാട്ടം. കോടികള്‍ കരണ്ടു തിന്നുന്ന ചുണ്ടെലികളില്‍ നിന്നും പൊതുജനത്തെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ആധാര്‍, ജന്‍ ധന്‍ പദ്ധതികള്‍ കൊണ്ടുവന്നതെന്നും മോദി പറഞ്ഞു.

യു.പി യില്‍ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. തന്നെ ഏറെ സ്‌നേഹിച്ചവരാണ് യു.പിക്കാര്‍. അവര്‍ക്ക് കുറച്ചെങ്കിലും തനിക്ക് തിരിച്ച് കൊടുക്കണം. യു.പിക്കാര്‍ക്ക് വെള്ളം, റോഡ്, വൈദ്യുതി എന്നിവ ഉറപ്പിക്കുകയാണ് തന്റെ ലക്ഷ്യം. വികസനം എന്നാല്‍ താന്‍ ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഉറപ്പാക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here