ജമ്മു∙ പ്രധാന മന്ത്രി നരേന്ദ്ര മോദി നാളെ കശ്മീർ സന്ദർശിക്കാനിരിക്കെ ജമ്മുവിലെ ഇന്ത്യ-പാക്ക് അതിർത്തിയിൽ വീണ്ടും വെടിവയ്പ്പ്. ആർഎസ് പുര സെക്ടറിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ നാലുപേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി പാക്കിസ്ഥാൻ റേഞ്ചേഴ്സ് അഞ്ച് ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തിരുന്നു. ബിഎസ്എഫ് ജവാൻമാരും പാക്ക് റേഞ്ചർമാരും തമ്മിൽ ശക്തമായി ഏറ്റുമുട്ടലുണ്ടായതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബുധനാഴ്ച പാക്കിസ്ഥാൻ നടത്തിയ വെ‌ടിവെയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. രണ്ട് ബിഎസ്എഫ് ജവാൻമാരടക്കം നാലു പേർക്കു പരുക്കേറ്റിരുന്നു. മോട്ടോര്‍ ഷെല്‍ പതിച്ചാണ് യുവതി കൊല്ലപ്പെട്ടത്. ജില്ലയിലെ അഖ്നൂർ സെക്ടറിലുള്ള മോലു പോസ്റ്റിലേക്ക് രാവിലെ ഒൻപതുമണി മുതൽ പാക് റേഞ്ചർമാർ വെടിവെയ്ക്കുകയായിരുന്നു. പാക്ക് വെടിവെയ്പ്പിനെ തുടർന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.

കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. എന്നാൽ പാക്കിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ച് ഇന്ത്യയുടെ ഡ്രോൺ പാക്ക് അതിർത്തിയിൽ കടന്ന കാര്യം പാക്കിസ്ഥാനും ചൂണ്ടിക്കാണിച്ചു. ഇന്ത്യ ചാരപ്രവർത്തിക്കായാണ് ഈ ഡ്രോണ്‍ ഉപയോഗിച്ചതെന്നും പാക്കിസ്ഥാൻ ആരോപിച്ചു. എന്നാൽ ഇന്ത്യ ഇക്കാര്യം തള്ളി. ഇസ്‍ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ നേരിട്ട് വിളിച്ചുവരുത്തിയാണ് പാക്കിസ്ഥാൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here