കഴിഞ്ഞദിവസം രാജിവച്ച മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം തനിക്കെതിരെ നടത്തിയ നീക്കങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തി. തന്നെ നിര്‍ബന്ധിപ്പിച്ച് രാജിവയ്പ്പിച്ചെന്നും ശശികലയ്ക്ക് മുഖ്യമന്ത്രിയാവാന്‍ വേണ്ടിയാണിതെന്നും ഒ പനീര്‍ശെല്‍വം പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതു വരെ താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കേണ്ടിയിരുന്ന ശശികല നടരാജനെതിരെ രൂക്ഷമായ വിമര്‍ശനവുമായാണ് പനീര്‍ശെല്‍വം മാധ്യമങ്ങളെ കണ്ടത്.

ജനങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ തന്റെ രാജി പിന്‍വലിക്കും. പാര്‍ട്ടിക്കും അമ്മയുടെ പൈതൃകത്തിനും കോട്ടം തട്ടില്ലെങ്കില്‍ താന്‍ ഒന്നും വെളിപ്പെടുത്തില്ലായിരുന്നു. മന്ത്രിമാരായ ആര്‍.ബി ഉദയകുമാര്‍, സെല്ലൂര്‍ രാജു, തമ്പിദുരൈ എന്നിവര്‍ ശശികല മുഖ്യമന്ത്രിയാവണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. തന്റെ മന്ത്രിമാര്‍ തന്നെ എതിരേ വന്നത് വേദനയുണ്ടാക്കിയെന്നും പനീര്‍ശെല്‍വം പറഞ്ഞു.

ജയലളിതയാണ് തന്നോട് മുഖ്യമന്ത്രിയാവാന്‍ ആവശ്യപ്പെട്ടത്. ജനസമ്മതി കാരണമാണത്. ജയലളിത ആശുപത്രിയിലായിരുന്നപ്പോഴേ നേതൃമാറ്റത്തെക്കുറിച്ച് ചര്‍ച്ച വന്നു. മധുസൂദനനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നു. എന്നാല്‍ ഈ തീരുമാനത്തെ താന്‍ എതിര്‍ത്തു. ധൃതിയെന്തിനാണെന്നു ചോദിച്ചായിരുന്നു എതിര്‍ത്തത്- അദ്ദേഹം പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ശവകുടീരത്തിനരികില്‍ അരമണിക്കൂറോളം ചെലവഴിച്ചാണ് മാധ്യമങ്ങളെ കണ്ടത്. മനസാക്ഷിക്കുത്തുള്ളതിനാലാണ് ശവകുടീരത്തിനടുത്തെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here