വാഷിങ്ടൺ ∙ പ്ലൂട്ടോയുമായി ‘ക്ലോസ് അപ്’ മുഖാമുഖത്തിനു ശേഷം, ദൗത്യം വിജയിച്ചെന്ന ആഹ്ലാദവാർത്തയുമായി ന്യൂ ഹൊറൈസൺസ് പേടകം ഭൂമിയിലേക്കു ‘വിളിച്ചു.’ കുള്ളൻ ഗ്രഹത്തിന്റെ 12,500 കിലോമീറ്ററോളം അടുത്തെത്തിയ ശേഷം, 21 മണിക്കൂർ നിശ്ശബ്ദതയിലാണ്ട പേടകം വിനിമയബന്ധം പുനഃസ്ഥാപിച്ചതോടെ ശാസ്ത്രജ്ഞരുടെ ആശങ്കകൾക്കും വിരാമമായി.

ദൗത്യവിജയം സ്ഥിരീകരിക്കാനായി ഭൂമിയിലെ ശാസ്ത്രസംഘം നേരത്തേ സജ്ജീകരിച്ചുവച്ച ‘ഫോൺ വിളി’യാണ് ഇന്നലെയെത്തിയത്. പേടകത്തിന്റെ ഇപ്പോഴത്തെ നില അറിയിച്ചുകൊണ്ടുള്ള 15 മിനിട്ട് നീണ്ട സന്ദേശപരമ്പരയാണു മെരിലാൻഡിലെ ജോൺ ഹോപ്‌കിൻസ് യൂണിവേഴ്സിറ്റി അപ്ളൈഡ് ഫിസിക്സ് ലബോറട്ടറിയിലെത്തിയത്.

പ്ലൂട്ടോയ്ക്കരികിലെത്തിയതോടെ ആന്റിനകൾ അങ്ങോട്ടുതിരിച്ചു വിവരണശേഖരണത്തിൽ മുഴുകിയതു മൂലമാണു പേടകം ഭൂമിയിലെ ‘കൺട്രോൾ റൂമു’മായുള്ള ബന്ധം താൽക്കാലികമായി വേർപെടുത്തിയത്. അപൂർവ മുഖാമുഖത്തിനിടെ പേടകം പകർത്തിയ അമൂല്യ ചിത്രങ്ങളും സുപ്രധാന വിവരങ്ങളും ഭൂമിയിലെത്താൻ ഒന്നര വർഷമെടുക്കുമെന്നാണു ശാസ്ത്രജ്ഞരുടെ നിഗമനം. അപ്പോഴേക്കും പേടകം സൗരയൂഥത്തിലെ വിദൂര നിഗൂഢതയായ കിയ്‌പർ വലയത്തിനുള്ളിലേക്കു കോടിദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കും.

പ്ലൂട്ടോ ദൗത്യവിജയത്തിൽ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങുമുൾപ്പെടെ പ്രമുഖർ നാസയ്ക്ക് അഭിനന്ദനം ചൊരിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here