ലോ അക്കാദമിയിലടക്കം സംസ്ഥാനത്തെ ഒരു കാമ്പസിലും സി പി ഐ വിദ്യാർത്ഥി സംഘടനയുമായി സഹകരിക്കില്ലന്ന നിലപാടിൽ എസ് എഫ് ഐ.

വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പായാലും പ്രക്ഷോഭ സമരങ്ങളായാലും വർഗ്ഗവഞ്ചകരുമായി ഇനി കൂട്ടില്ലെന്ന് പ്രമുഖ എസ് എഫ് ഐ നേതാവ് വ്യക്തമാക്കി.

കഴിഞ്ഞ തവണ വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ തന്നെ സമരം തീരേണ്ടതായിരുന്നുവെന്നും എ ഐ എസ് എഫ് നേതാക്കളുടെ നിലപാടാണ് ചർച്ച അലസാൻ കാരണമെന്നും എസ് എഫ് ഐ ആരോപിക്കുന്നു.

ആർ എസ് എസ് – എ ബി വി പി സംഘടനകളുമായി ചേർന്ന് സമരം നടത്താൻ പോലും മടിയില്ലാത്ത എഐഎസ്എഫ് ,ഇപ്പോൾ പ്രതിപക്ഷ സംഘടനകളുടെ കൂടെ കൂടി ഇല്ലാത്ത നേട്ടം ഉണ്ടാക്കിയതായാണ് ചിത്രീകരിക്കുന്നതെന്നാണ് ആക്ഷേപം.

എസ് എഫ് ഐ മാനേജ്മെന്റുമായി ഉണ്ടാക്കിയ ധാരണയിലാണ് വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ എല്ലാം പരിഹരിച്ചത്. മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയുടെ ഭാഗമായുണ്ടാക്കിയ ധാരണയും എസ് എഫ് ഐ ക്ക് മാനേജ്മെന്റ് ഒപ്പിട്ട് നൽകിയ രേഖകളും പരിശോധിച്ചാൽ ഇക്കാര്യങ്ങൾ ബോധ്യമാകുമെന്നും നേതൃത്വം വ്യക്തമാക്കുന്നു

ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് ക്ലാസിൽ ക്യാംപയിൻ ചെയ്യാൻ അനുവദിക്കാതിരുന്നതിനെ തുടർന്നാണ് 17 ആവശ്യങ്ങൾ ഉന്നയിച്ച് ലോ അക്കാദമിയിലെ വിദ്യാർത്ഥി സംഘടനകൾ സമരം തുടങ്ങിയിരുന്നത്.

ഇത് പിന്നീട് പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ രാജി ആവശ്യത്തിൽ എത്തിചേരുകയായിരുന്നു.

മാനേജ്മെന്റുമായി എസ്എഫ്ഐ നടത്തിയ ചർച്ചയിൽ അഞ്ച് വർഷത്തേക്ക് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ മാറ്റി നിർത്താമെന്നും മറ്റെല്ലാം ആവശ്യങ്ങളും അംഗീകരിക്കാമെന്നും രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്ന് എസ്എഫ്ഐ സമരം അവസാനിപ്പിച്ചിരുന്നു.

എസ്എഫ്ഐയോട് മാത്രം ചർച്ച നടത്തിയ മാനേജ്മെന്റ് നടപടിയാണ് സി പി ഐ വിദ്യാർത്ഥി സംഘടനയടക്കം മറ്റെല്ലാ സംഘടനകളെയും ചൊടിപ്പിച്ചിരുന്നത്.

തുടർന്ന് അവർ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു. സർക്കാരുമായി മാത്രമേ ചർച്ചയൊള്ളൂ എന്നായിരുന്നു നിലപാട്.

ഇന്റേണൽ മാർക്കിന്റെ സുതാര്യത മുതൽ കോളജ് ടൂർ വരെയുള്ള അടിസ്ഥാന കാര്യങ്ങളിൽ തീരുമാനമുണ്ടാക്കിയത് എസ്എഫ്ഐയുമായുള്ള ചർച്ചയിൽ മാത്രമാണെന്നാണ് നേതൃത്വം ചൂണ്ടി കാട്ടുന്നത്.

സമരം അവസാനിച്ചെങ്കിലും സോഷ്യൽ മീഡിയയിൽ എസ്എഫ് ഐ ഒരു ഭാഗത്തും മറ്റെല്ലാ സംഘടനകളും മറുഭാഗത്തുമായി വൻ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്.

എസ്എഫ്ഐക്കെതിരെ സംഘടിതമായാണ് കടന്നാക്രമണമെങ്കിലും സോഷ്യൽ മീഡിയയിൽ മുൻ എസ്എഫ്ഐ പ്രവർത്തകരടക്കം ഇപ്പോൾ പ്രത്യാക്രമണവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.. ട്രോളൻമാരും അവസരം ശരിക്കും മുതലെടുക്കുന്നുണ്ട്.

മന്ത്രിയുമായുളള ചർച്ചയിൽ ലോ അക്കാദമി മാനേജ്മെന്റ് പ്രതിനിധികളായി ഡയറക്ടർ നാരായണൻ നായരും നാരായണ ദാസും മാത്രം പങ്കെടുത്തതും ഇപ്പോൾ ചൂടുള്ള ചർച്ചാ വിഷയമാണ്.ഗവേണിംങ്ങ് കൗൺസിൽ ചർച്ചക്കായി ചുമതലപ്പെടുത്തിയ അഞ്ചുപേരിൽ മറ്റ് മൂന്ന് പേർ പങ്കെടുക്കാതിരുന്നതിനാൽ എടുത്ത തീരുമാനം പാലിക്കാൻ മാനേജ്മെന്റിന് ബാധ്യതയുണ്ടോ എന്നതാണ് ഒരു ചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here