ലണ്ടൻ ∙ ദന്തഡോക്ടറുടെ അടുക്കൽ പോയി റൂട്ട് കനാൽ ചികിൽസ കഴിഞ്ഞയുടൻ മുപ്പത്തിയെട്ടുകാരനു 90 മിനിറ്റ് ഒഴികെ ഓർമ മുഴുവൻ നഷ്ടമായി. ‘ഗജിനി’യിലെ നായക കഥാപാത്രത്തിനു സംഭവിച്ചതുപോലെ ഒരു ദുരവസ്ഥ.

90 മിനിറ്റ് ഓർമ മാത്രമേ അയാൾക്കു സൂക്ഷിക്കാനാകൂ. ഓരോവട്ടം മറവിയിൽനിന്ന് ഉണരുമ്പോഴും താൻ ദന്ത ഡോക്ടറെ കാണാൻ പോകുകയാണെന്നാണ് അയാളുടെ വിചാരം. എന്നാൽ, തന്റെ പേരും മറ്റു കാര്യങ്ങളും അയാൾക്ക് ഓർമയുണ്ട്. ശീലങ്ങളിലോ വ്യക്തിത്വത്തിലോ മാറ്റം വന്നിട്ടുമില്ല. 90 മിനിറ്റിനപ്പുറം പുതിയ ഓർമ നിലനിർത്താൻ കഴിയാത്തതാണു പ്രശ്നം. ഒരുദശകം മുൻപാണു സംഭവം ഇലക്ട്രോണിക് ഡയറിയുടെ സഹായത്താലാണ് ഈ ബ്രിട്ടിഷുകാരൻ ഇപ്പോൾ ജീവിക്കുന്നത്. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ ഡയറിയാണ് ഓർമിപ്പിക്കുക.

ഒരു മണിക്കൂർ റൂട്ട് കനാൽ ചികിൽസയ്ക്കിടെ വായ്ക്കകം അനസ്തീഷ്യ നൽകിയിരുന്നു. അതിനുശേഷമാണ് ഓർമനഷ്ടം. സിനിമയിൽ കണ്ടുശീലമുള്ള ഈ പ്രത്യേക ഇനം മറവിക്കു കാരണമെന്തെന്നു കണ്ടെത്താൻ ദശകം നീണ്ട പഠനത്തിനുമായില്ലെന്നു യൂണിവേഴ്സിറ്റി ഓഫ് ലെസ്റ്റർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ജെരാൾഡ് ബർജ് പറയുന്നു. ഒരു ഇന്ത്യക്കാരൻകൂടി അംഗമായ ഗവേഷകസംഘത്തിന്റെ കേസ് സ്റ്റഡി ന്യൂറോ സയൻസ് ജേണലിലാണു പ്രസിദ്ധീകരിച്ചത്.

ഗ്രൗണ്ട്ഹോഗ് ഡേ, മെമൻഡോ എന്നീ പ്രശസ്ത സിനിമകളിലെ കേന്ദ്ര കഥാപാത്രം കുറച്ചുനേരം മാത്രം ഓർമ സൂക്ഷിക്കാൻ കഴിയുന്ന കഥാപാത്രങ്ങളാണ്. മെമൻഡോയുടെ തമിഴ് പതിപ്പായിരുന്നു ഗജിനി.

LEAVE A REPLY

Please enter your comment!
Please enter your name here