തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസത്തിനിരയായ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ പ്രിന്‍സിപ്പലിനു മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ പരാതി. കോളേജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ ഷബാനയാണ് പ്രിന്‍സിപ്പലിനു പരാതി നല്‍കിയത്. കോളേജില്‍ പഠിക്കാത്ത ഒരു പുരുഷനെ വിളിച്ചുകയറ്റുകയും ഇരു വിദ്യാര്‍ത്ഥിനികളും അയാളുമായി മോശമായ സാഹചര്യത്തില്‍ കണ്ടുവെന്നും ആരോപിച്ചാണ് പരാതി.

ഈമാസം ഒമ്പതിന് കോളേജിന്റെ 15ാം വാര്‍ഷികത്തോടനുബന്ധിച്ച് കോളേജ് യൂണിയന്റെ നാടകം നടക്കുന്ന വേളയില്‍ മലയാളം വിഭാഗം മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി അഷ്മിത കബീര്‍ എന്ന വിദ്യാര്‍ത്ഥിനിയും ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റിലെ സൂര്യഗായത്രി എന്ന വിദ്യാര്‍ത്ഥിനിയും കോളേജില്‍ പഠിക്കാത്ത പുറത്തുള്ള ഒരു പുരുഷനെ വിളിച്ചുകയറ്റിയെന്നും യാദൃശ്ചികമായി പൊളിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വഴി താന്‍ നടന്നുവരുന്ന വേളയില്‍ സൂര്യഗായത്രി ക്ലാസിന്റെ പുറത്തുനില്‍ക്കുകയും അഷ്മിതയും ആ പുരുഷനുമായി മോശമായ സാഹചര്യത്തില്‍ കാണുകയും ചെയ്തതായി പരാതിയില്‍ ആരോപിക്കുന്നു.

അതുകണ്ട്, ഇവിടെ എന്തിനാണ് ഇരിക്കുന്നതെന്നു ചോദിച്ചപ്പോള്‍ അശ്ലീല ചുവയുള്ള വാക്കുകള്‍ പ്രയോഗിക്കുകയും പരിഹസിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഈ വേളയില്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇതു കാണുകയും അവരുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഈ പെണ്‍കുട്ടികള്‍ അവരെ ചീത്തവിളിക്കുകയും ചെയ്തു.

അങ്ങനെ വിദ്യാര്‍ത്ഥികളും ആ പുരുഷനുമായി സംഘര്‍ഷമുണ്ടാവുകയും ചെയ്തു. പൊലീസിനെ വിളിച്ച് അറിയിക്കുമെന്നു പറഞ്ഞപ്പോള്‍ ഞാന്‍ ഏഷ്യാനെറ്റില്‍ ജോലി ചെയ്യുന്ന ആളാണ്, എന്റെ ജോലിയെ ബാധിക്കുമെന്നു പറയുകയും തുടര്‍ന്ന്, അയാളെ കോളേജില്‍ നിന്നു പുറത്താക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. ഇതിനെതിരെ ആ പെണ്‍കുട്ടികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും അവരുടെ വീട്ടില്‍വിളിച്ച് അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നതായും ഷബാന പരാതിയില്‍ കുറിക്കുന്നു.

അതേസമയം, പരാതി കന്റോണ്‍മെന്റ് പൊലീസിന് കൈമാറിയെന്ന് യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ ഡോ എംഎസ് വിനയചന്ദ്രന്‍ പറഞ്ഞു.

ഇന്നലെയാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരുമിച്ച് ഇരുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനികള്‍ക്കും സുഹൃത്തായ യുവാവിനുംനേരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനമുണ്ടായത്. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിനികളായ സൂര്യഗായത്രിയും ജാനകിയും സുഹൃത്തും തൃശ്ശൂര്‍ സ്വദേശിയുമായ ജിജീഷുമാണ് എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനത്തിനിരയായത്.

LEAVE A REPLY

Please enter your comment!
Please enter your name here