കവിത
ഗായത്രി നിർമ്മല
നേരമില്ലൊന്നിനും നേരമില്ല
നേരമില്ലാർക്കും നേരമില്ല
നേരിട്ട കാഴ്ചകൾ കാണുന്നകണ്ണിനും
കേള്കുന്ന കാതിനും
നേരമില്ലൊന്നിനും നേരമില്ല
പിമ്പേ നടക്കാനുണ്ട് നേരം
മുമ്പേ ഗമിക്കാൻ തെല്ലുനേരം
വാലായി കൂടാനും
വൽക്കഷ്ണമാകാനും.
വാഗ്വാദം തീർക്കാനും
വാലില് തൂങ്ങാനും
വാദങ്ങൾ ചൊല്ലാനും
ഏറെ നേരം
പൊട്ടിത്തെറിക്കാൻനിമിഷനേരം
പൊട്ടത്തരങ്ങൾക്ക്
പെരുത്തുനേരം.
മാന്യനായ് ചമയാൻ
ഉണ്ടുനേരം
മാന്യത കാട്ടാൻ തെല്ലുനേരം
കള്ളത്തരത്തിനും
പൊള്ളത്തരത്തിനും
പൊളിവാക്കു കേൾക്കാനും
ഉള്ളുനേരം
കളിവാക്കുചൊല്ലാൻ
കഥനങ്ങൾ കേൾക്കാൻ
കണ്ണീരുകാണാൻ …
കടമകൾ ചെയ്യാൻ
ഇല്ല പോൽ ചൊല്ലും തെല്ലുനേരം
കാലങ്ങൾ പിന്നിടും
പാതകൾ മാറിടും
ശേഷിച്ചകാലം ശോഷിച്ചു പോകും
അന്നേരം കേൾക്കും
നേരമില്ലൊന്നിനും നേരമില്ല
പിന്നീടറിയും
നേരമില്ലാർക്കും നേരമില്ല
നേരമില്ലൊന്നിനും
നേരമില്ലാർക്കും..
നേരിട്ട… മാത്രകൾ
ഓർത്തുവക്കാൻ
നേരിന്റെ പാതകൾ
പിന്തുടരാൻ
നേർവഴി കാട്ടാൻ…
ഇല്ലനേരം
നേരമില്ലാർക്കും
നേരമില്ല
കാലചക്രം മാത്രം
കാത്തുനില്പില്ലാതെ
ഒരോരോ മാത്രയും
പൂർത്തിയാക്കും

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here