ഞാനിന്നു പതിവായി സന്ദര്‍ശിക്കാറുള്ള ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടിക്കാനായി പോയി.  അവിടത്തെ മുതിര്‍ന്ന ബാര്‍ബര്‍ ദുഃഖിതനായി കാണപ്പെട്ടു. എനിക്കയാളെ വളരെക്കാലമായി അറിയാവുന്നതു കൊണ്ടു എന്താണു കാര്യമെന്നു ചോദിച്ചു. വിലാപം പോലെ അയാള്‍ പറഞ്ഞു, ‘എന്‌റെ മകള്‍ അമേരിക്കയില്‍ ആണു. അവള്‍ അവിടെ എം എസ് കഴിഞ്ഞ് ജോലി അന്വേഷിക്കുകയാണു. പക്ഷേ ആ ട്രംപ് അവളുടെ പ്രതീക്ഷകള്‍ക്കു തടയിടുന്നു. അവള്‍ക്കു അമേരിക്കയില്‍ ജോലി കിട്ടുന്നതിലാണു ഞങ്ങളുടെ പ്രതീക്ഷ. ആകെ വേവലാതിയാകുന്നു.’

ഇന്നു രാവിലെയാണു ഞാന്‍ വാഷിംഗ് ടണില്‍ താമസിക്കുന്ന, ഗ്രീന്‍ കാര്‍ഡുള്ള ചിത്രയുടെ വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യയില്‍ വായിച്ചതു. അവള്‍ ഹൈദരാബാദില്‍ വന്ന് ജനുവരി 24 നു അമേരിക്കയിലേയ്ക്കു തിരിച്ചു പോയെങ്കിലും അവിടെ നിന്നും അടുത്ത ഫ്‌ളൈറ്റില്‍ തിരിച്ചയക്കപ്പെട്ടു. ട്രംപ് വന്നതിനു ശേഷം അങ്ങിനെയുള്ള നിരവധി നാടുകടത്തലുകള്‍ നടന്നു.

പക്ഷേ, ഇന്ത്യയിൽ അതിനു വേറൊരു വശം കൂടിയുണ്ടു. ബിജെപി അധികാരത്തിൽ വന്നതിനു ശേഷം പല ആവശ്യങ്ങൾക്കായി ഇന്ത്യയിൽ എത്തിയിട്ടുള്ള ധാരാളം അമേരിക്കക്കാരും യൂറോപ്പുകാരും തിരിച്ചയക്കപ്പെട്ടിട്ടുണ്ടു. അവർ മതപ്രവർത്തനം ചെയ്യുന്നെന്നു ആരോപിച്ചാണു നാടുകടത്തപ്പെട്ടതു. ദശാബ്ധങ്ങളായി ഇന്ത്യയിൽ ബിസിനസ്സ് ആവശ്യങ്ങൾക്കായി വന്നു പോകുന്ന ഒരു അമേരിക്കക്കാരനെ എനിക്കറിയാം. അയാളേയും കുറച്ചു ദിവസങ്ങൾക്കു മുൻപു അമേരിക്കയിലേയ്ക്കു നാടു കടത്തി. മോദി അധികാരത്തിൽ വന്നതിനു ശേഷം അങ്ങിനെയുള്ള സംഭവങ്ങൾ പതിന്മടങ്ങായിട്ടുണ്ടു. പക്ഷേ ഒബാമ സർക്കാർ കടുത്ത നടപടികളൊന്നും എടുത്തില്ല, 2015 ഇൽ റിപ്പബ്ലിക് ദിനത്തിനു അതിഥിയായി ഡൽഹിയിൽ വന്നപ്പോൾ പോലും അദ്ദേഹം പറഞ്ഞതു ഇന്ത്യയിൽ മതപരമായ പീഡനങ്ങൾ ഉണ്ടെന്നും എല്ലാ വിശ്വാസങ്ങളേയും ബഹുമാനിക്കാൻ ഇന്ത്യ തയ്യാറാകണമെന്നും മാത്രമാണു അദ്ദേഹം അന്നു പറഞ്ഞതു.

സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം മതപരമായ കാര്യങ്ങൾക്കായി ഇന്ത്യയിലേയ്ക്കു വരാൻ യൂറോ-അമേരിക്കൻ വെള്ളക്കാർക്കു ഇന്ത്യ വിസ കൊടുക്കാറില്ലെന്നാണു ഇതിലെ കൗശലം. എന്നാൽ ആ രാജ്യങ്ങളാകട്ടെ, ഹിന്ദു പുരോഹിതന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വിസ നൽകുകയും അമേരിക്കാസ്, യൂറോപ്പ്, ആസ്ത്രേല്യ, കാനഡ എന്നിങ്ങനെയുള്ള രാജ്യങ്ങൾ ഹിന്ദു ക്ഷേത്രങ്ങൾ പണിയാൻ അനുവദിക്കുകയും ചെയ്യുന്നുണ്ടു. ആ ക്ഷേത്രങ്ങൾ വഴി യൂറോ-അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ വിഗ്രഹാരാധനാസംഘങ്ങൾ വിപുലമായിരിക്കുന്നു. ഹരേ രാം, ഹരേ കൃഷ്ണാ മഠങ്ങളും ധാരാളം ഉയർന്നിരിക്കുന്നു. അവരെല്ലാവരും ഹിന്ദു സന്യാസിമാരേയും ഗുരുക്കന്മാരേയും മതപരമായ വിസ നൽകി യാതൊരു പ്രതിബന്ധവുമില്ലാതെ രാജ്യത്തു പ്രവേശിപ്പിക്കുന്നു.

എല്ലാ പ്രധാന ഹിന്ദു സന്യാസിമാരും ഗുരുക്കന്മാരും അവിടങ്ങളിൽ പോയി സ്വതന്ത്രമായി ഹിന്ദുത്വം പഠിപ്പിക്കുന്നുണ്ടു. അവിടങ്ങളിലെ വെള്ളക്കാരായ കൃസ്ത്യാനികൾ ഹിന്ദുമതത്തിലേയ്ക്കു മാറിയിട്ടുമുണ്ടു. യോഗയും മെഡിറ്റേഷനും എല്ലാം ഹിന്ദു മതം മാറ്റലിനുള്ള സൂത്രങ്ങളാണെന്നും അവിടങ്ങളിലെ ദൈവശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നുമുണ്ടു.

വിശ്വ ഹിന്ദു പരിഷത് അവകാശപ്പെടുന്നതു അവർക്കു പടിഞ്ഞാറും കിഴക്കുമുള്ള രാജ്യങ്ങളിൽ ഹിന്ദുത്വം പ്രചരിപ്പിക്കാനുള്ള യൂണിറ്റുകൾ ഉണ്ടെന്നാണു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, അവർ കൃസ്ത്യൻ, ബുദ്ധിസ്റ്റ്, മുസ്ലീം എന്നിങ്ങനെ പല മതക്കാരേയും ഹിന്ദുക്കളാക്കുന്നുണ്ടു. അവർ മറ്റുള്ളവരെ മതം മാറ്റി പകരം ഡോളറും പൗണ്ടും സമ്പാദിക്കുന്നു.

എന്നാൽ ഇതേ സംഘങ്ങൾ തന്നെ ഇന്ത്യയിൽ മറ്റൊരു തരത്തിലാണു കളിക്കുന്നതു. യൂറോ-അമേരിക്കൻ കൃസ്ത്യാനികളെ ഇന്ത്യയിൽ പ്രവേശിപ്പിക്കാതിരിക്കാൻ ഡൽഹി എക്സ്റ്റേണൽ അഫയേഴ്സിലും അഭ്യന്തര മന്ത്രാലയത്തിലും കളിക്കുന്നു. അവർ പറയുന്നതു, വെള്ളക്കാർ ഡോളറും പൗണ്ടും നൽകി ദളിതരേയും ആദിവാസികളേയും കൃസ്ത്യാനികളാക്കുമെന്നാണു. അടുത്തിടെ ഇന്ത്യയിൽ നിന്നും നാടു കടത്തപ്പെട്ട യൂറോ-അമേരിക്കക്കാരെ (അവരിലെ സ്ത്രീകളിൽ ഭയം ജനിപ്പിച്ചു കൊണ്ടു) ദളിതരോടും ആദിവാസികളോടും സഹാനുഭൂതി ഉള്ളവരാണെന്നു ആരോപിച്ചു പേരുകൾ ഉൾപ്പടെ നൽകി പുറത്താക്കപ്പെട്ടവരാണു. ദളിതരും ആദിവാസികളും ഡോളർ നൽകിയാൽ മതം മാറുമെന്ന അവരുടെ പ്രചരണം എല്ലാവർക്കും അറിയാവുന്നതാണു. എന്നാൽ അറിയാത്ത കാര്യം എന്താണെന്നു വച്ചാൽ അവർ ഡോളർ വാങ്ങി വെള്ളക്കാരെ ഹിന്ദുക്കൾ ആക്കുമെന്നതാണു.

പുട്ടപർത്തിയിൽ ഭജനയിരിക്കാനും അമൃതാനന്ദമയിയുടെ ആശ്രമം സന്ദർശിക്കാൻ വരുന്നവരുമായ വെള്ളക്കാർക്കു ഇന്ത്യ വിസ നൽകും. ശ്രീ ശ്രീ രവിശങ്കറിനു യൂറോ-അമേരിക്കൻ രാജ്യങ്ങളിൽ വൻ അനുയായികൾ ഉണ്ടു. അവർ യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ബംഗാളുരുവിൽ ആർട്ട് ഓഫ് ലിവിംഗ് പഠിക്കാൻ വരുന്നുണ്ടു.

ഈ ഹിന്ദു സ്ഥാപനങ്ങൾക്കു ദശലക്ഷക്കണക്കിനു ഡോളർ ആണു സംഭാവനയായി ലഭിക്കുന്നതു. മതപ്രവർത്തനത്തിനുള്ള വിസ നൽകുന്ന കാര്യത്തിൽ കോൺഗ്രസ്സ് സർക്കാരും വ്യത്യസ്തരായിരുന്നില്ല. ഹിന്ദുത്വശക്തികൾ ആ പാരമ്പര്യം പരമാവധി ഉപയോഗിക്കുന്നു. പക്ഷേ, അവർ കൃസ്ത്യാനികളെ (മുസ്ലീംങ്ങൾക്കു മതത്തിന്റെ കാര്യവുമായി വിസ ചോദിക്കാൻ താല്പര്യമില്ല) സ്കൂൾ അദ്ധ്യാപകരായും പള്ളികളിലെ പുരോഹിതന്മാരായും പോലും വരാൻ അനുവദിക്കുന്നില്ല.

അമേരിക്കയിലെ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിന്റെ സമയത്തു, അമേരിക്കയിലും പടിഞ്ഞാറൻ രാജ്യങ്ങളിലുമുള്ള ക്രൈസ്തവമൂല്യങ്ങൾക്കുള്ള അപകടങ്ങൾ വലിയ ചർച്ചാ വിഷയമായിരുന്നു. യാഥാസ്ഥിതിക അമേരിക്കൻ മതശാസ്ത്രജ്ഞർ തെരഞ്ഞെടുപ്പു സംവാദങ്ങളിൽ പ്രകടിപ്പിച്ച ആശങ്ക അമേരിക്കയിലെ സെക്യുലർ-ലിബറൽ അധികാരികൾ മുസ്ലീം, ഹിന്ദു, ബുദ്ധിസ്റ്റ് മതക്കാരെ അമേരിക്കയിൽ കുടിയെറിപ്പർക്കാൻ അനുവദിക്കുന്നതു അവരുടെ ക്രൈസ്തവമൂല്യങ്ങളെ മറികടക്കാൻ അനുവദിക്കുന്നതാണെന്നായിരുന്നു. അധികരിച്ചു വരുന്ന മുസ്ലീം പള്ളികൾ അവർക്കു പ്രശ്നമാണെന്നതിൽ സംശയമില്ല. അതേപോലെ ഹിന്ദു, ബുദ്ധിസ്റ്റ് ക്ഷേത്രങ്ങൾ ഉയർന്നു വരുന്നതും പതിയെ അമേരിക്കയിലെ കൃസ്ത്യാനികൾ ആ മതങ്ങളിലേയ്ക്കു മാറുന്നതും ഗൗരവമായി എടുക്കപ്പെടുന്ന വിഷയമാണു.

മുസ്ലീം തീവ്രവാദികൾ ‘ലോകസമാധാനത്തിന്റെ’ ശല്യക്കാർ ആയി കണക്കാക്കപ്പെടുന്നെങ്കിൽ ഹിന്ദു, ബുദ്ധിസ്റ്റ് പ്രചാരകരെ വിഗ്രഹാരാധനയെ എതിർക്കുന്ന കൃസ്ത്യൻ-ജൂത രാജ്യം കണക്കാക്കുന്നതു ‘മറ്റൊരു ലോകസമാധാന ശല്യക്കാർ’ എന്നായിട്ടാണു. ഉദാഹരണത്തിനു, ക്ഷേത്രങ്ങൾ പണിതുകൊണ്ടിരിക്കുന്ന അമേരിക്കൻ ഹിന്ദു സംഘടനകൾ മുഴുവനും വി എച്ച് പി പ്രചാരകർ ആണു. അവർ ബ്രാഹ്മിൺ പുരോഹിതരെ ഇറക്കുമതി ചെയ്ത് സംസ്കൃതത്തിൽപൂജ ചെയ്തും, ക്ഷേത്രങ്ങൾ പണിതും വലിയ പൊതുപരിപാടികൾ നടത്തുന്നു.

ഒബാമ കുടുംബത്തിനു സമ്മാനിക്കപ്പെട്ട ചില വിഗ്രഹങ്ങൾ ട്രംപ് സംഘം വൈറ്റ് ഹൗസിൽ കണ്ടെത്തിയെന്നും അതെല്ലാം നീക്കം ചെയ്യപ്പെട്ടുവെന്നും പറയപ്പെടുന്നുണ്ടു. ഒബാമയുടെ പക്കൽ ഒരു ചെറിയ ഹനുമാൻ വിഗ്രഹം ഉണ്ടായിരുന്നെന്നും അഭ്യൂഹങ്ങൾ ഉണ്ടു. തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ സമയത്തു അതും ഒരു കുത്തുവാക്കു ആയിരുന്നു. ഹിലരി ക്ലിന്റൺ വാഷിംഗടണിലും മറ്റിടങ്ങളിലും ഹിന്ദു ഗുരുക്കന്മാരെ സന്ദർശിച്ചതായും പറയപ്പെടുന്നു. അവരുടെ ഫൗണ്ടേഷനു വേണ്ടി ഹിന്ദു സ്ഥാപനങ്ങളിൽ നിന്നും സംഭാവന വാങ്ങിയതായും ആരോപണമുണ്ടു. അതുകൊണ്ടാണു മതസ്വാതന്ത്ര്യത്തിനെപ്പറ്റി സംസാരിക്കുമെങ്കിലും കൃസ്ത്യൻ മൂല്യങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു എന്നു കരുതപ്പെടുന്നതു. ഹിന്ദു മതപ്രചാരകർക്കു ഫ്രീ വിസ അനുവദിച്ചതു ഒബാമയ്ക്കെതിരെ ഉപയോഗിക്കപ്പെട്ടു.

ഫെബ്രുവരി 2 നു പ്രസിഡന്റ് ട്രംപ് വാഷിംഗടണിലെ ഒരു പ്രാർഥനാച്ചടങ്ങിൽ പറഞ്ഞതു മതസ്വാതന്ത്ര്യം ദൈവം തന്നതാണെന്നായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം അനുസരിച്ചു അതു സർക്കാർ നൽകുന്ന സ്വാതന്ത്ര്യമല്ല. അമേരിക്കയിലെ കൃസ്ത്യൻ മൂല്യങ്ങൾ സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ സർക്കാർ ഏതറ്റം വരെയും പോകും. ട്രംപിന്റെ സംഘവും ഹിന്ദു ആത്മീയകേന്ദ്രങ്ങൾ ഉപയോഗിക്കാൻ ശ്രമിച്ചുട്ടുണ്ടെന്നുള്ളതു മറ്റൊരു കാര്യം. എന്നാൽ ഇപ്പോൾ ഹിന്ദു വിഗ്രഹാരാധന വികസിക്കുന്നതു അവരുടെ ബിബ്ലിക്കൽ മൂല്യങ്ങളെ ഇകഴ്ത്തുമെന്നു തിരിച്ചറിഞ്ഞിട്ടുണ്ടു.

അപ്പോൾ ഇനി മതപരമായ വിസ അനുവദിക്കുന്ന കാര്യത്തിൽ പരസ്പരധാരണയോടെയുള്ള വിസ നിയമം കൊണ്ടുവരാൻ അവർ നിർബന്ധിക്കാൻ ഇടയുണ്ട്. നെഹ്രു സർക്കാരിന്റെ കാലത്തു ബ്രിട്ടീഷ് കോളോണിയൽ അധികാരികളുമായുള്ള കരാറിൽ മതപരമായ വിസയുടെ കാര്യത്തിൽ നിർബന്ധം പിടിക്കരുതെന്നു ധാരണയായിരുന്നതു ഇന്ത്യ ഇപ്പോൾ ഉപയോഗിക്കുന്നു.

ഹിന്ദു കുടിയേറ്റക്കാർ അമേരിക്ക, ഇംഗ്ലണ്ട്, കാനഡ എന്നിവിടങ്ങളിൽ പരന്ന് അവിടെയെല്ലാം ക്ഷേത്രങ്ങൾ പണിതുയർത്തുന്നതു കാരണം ഇരുപക്ഷവുമുള്ള ചർച്ചകൾ അവർക്കും താല്പര്യമുള്ളതായിരിക്കും. വി എച്ച് പിയും മറ്റു പോഷകസംഘടനകളും കൃസ്ത്യാനികളെ മതം മാറ്റിക്കൊണ്ടിരിക്കുന്ന വേളയിൽ പ്രത്യേകിച്ചും. കൃസ്ത്യൻ, മുസ്ലീം മതങ്ങളെപ്പോലെ ഒരു മതമല്ല ഹിന്ദുത്വം എന്ന പഴയ ആശയം ഇനി വിലപ്പോവില്ലെന്നു.

എന്റെ ബാർബറുടെ മകളുടെ വിസ പ്രശ്നം 2016 ഇൽ ആരംഭിച്ച ഡി-ഗ്ലോബലൈസേഷന്റെ ഫലമായി വന്ന ദുരന്തമാണു. തന്റെ സമ്പാദ്യത്തിലെ ഓരോ അണയും സൂക്ഷിച്ചു വച്ചു തന്റെ അടുത്ത തലമുറയെ പഠിപ്പിച്ചു അമേരിക്കൻ സ്വപ്നത്തകർച്ചയിലേയ്ക്കു മകളെ തള്ളിയിട്ടു. അയാളുടെ മകളെ ഇന്ത്യയിലേയ്ക്കു തിരിച്ചയക്കപ്പെട്ടാൽ ഈ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ അവൾ തൊഴിൽ രഹിതയായി അവശേഷിക്കും.

എന്നാൽ യാഥാസ്ഥിതിക സർക്കാരുകളും ഇടുങ്ങിയ ആശയങ്ങളുള്ള ലോകവും കൊണ്ടുവരാൻ പോകുന്ന വിസ നാടകങ്ങൾ ചുരുളഴിയാനിരിക്കുന്നതേയുള്ളൂ. അതൊരു സർക്കാർ കാലഘട്ടത്തിലെ നയം ആയിരിക്കില്ല. ഭാവിലോകത്തിലെ തന്നെ ഗൗരവമുള്ള സാംസ്കാരിക കലഹം ആയിരിക്കും അതു. ദേശീയതയി ഊന്നിയിട്ടുള്ള ഹിന്ദുത്വശക്തികൾക്കു അവരുടെ ഭീഷണികളും വളർച്ചയും ഉപയോഗിക്കാൻ പറ്റാതെ വരും. മറ്റു രാജ്യങ്ങൾ ഹിന്ദുത്വത്തിനെ വികസിപ്പിക്കാൻ അവരുടേതായ വഴികൾ കണ്ടെത്തുമായിരിക്കും. ദളിതർ ആയാലും ആദിവാസികൾ ആയാലും വെള്ളക്കാർ ആയാലും ഹിസ്പാനികൾ ആയാലും അവർക്കെല്ലാം സ്വന്തം മതത്തിൽ വിശ്വസിക്കാനുള്ള അവകാശം നൽകണമെന്നാണു എന്റെ അഭിപ്രായം.

ഒരു അമേരിക്കൻ ദൈവശാസ്തജ്ഞൻ എന്നോടു പറഞ്ഞു, “നരേന്ദ്ര മോദിയെപ്പോലെ ഒരു നേതാവുള്ള യാഥാസ്ഥിതിക ഹിന്ദു സർക്കാർ നിങ്ങൾക്കുണ്ടെങ്കിൽ, ഡൊണാൾഡ് ട്രം പിനെപ്പോലെ ഒരു കൃസ്ത്യൻ യാഥാസ്ഥിതിക സർക്കാർ ഞങ്ങൾക്കുമുണ്ടു. മതപരമായ വിസ നൽകുന്നതിൽ പരസ്പരധാരണയിൽ എത്തിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. ഞങ്ങളുടെ കൃസ്ത്യൻ പുരോഹിതന്മരേയും അദ്ധ്യാപകരേയും ഇന്ത്യയിലേയ്ക്കു പ്രവേശിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ ശ്രീ ശ്രീ രവിശങ്കറും, ജാഗി വാസുദേവും മാതാ അമൃതാനന്ദമയിയും വി എച്ച് പി ഗുരുക്കന്മാരും അമേരിക്കയിലേയ്ക്കും വരാൻ സാധിക്കില്ല.”

LEAVE A REPLY

Please enter your comment!
Please enter your name here