അഭയം
********

കായലിനരികിലായി വലിയൊരു മതിൽക്കെട്ട്. ഗേറ്റിനു പുറത്തു വലിയ ബോർഡ്‌. “തണൽവൃദ്ധമന്ദിരം”

പഴയ മാതൃകയിലുള്ള ആ വലിയ നാലുകെട്ടിലേക്കു സിബി കാറോടിച്ചു കയറ്റി. അയാളുടെ മുഖത്തു പരിഭ്രമം ദൃശ്യമായിരുന്നു. അരികിലായി ഇരുന്ന ഭാര്യ സൈറയും നല്ല ടെൻഷനിൽ ആണെന്ന് മുഖം കണ്ടാൽ അറിയാം. ബാഗിൽ നിന്ന് കർചീഫ് എടുത്തു മുഖം ഒന്നുകൂടെ അമർത്തി തുടച്ചു അവൾ ഭർത്താവിനോട് ചോദിച്ചു.

“സിബിച്ചാ. പപ്പ നമ്മുടെ കൂടെ വരില്ലേ ?”.. നിശബ്ദത മാത്രമായിരുന്നു അവന്റെ മറുപടി.

സന്ദർശകർക്കായ് കായൽക്കരയിൽ ഒരുക്കിയ ഇരിപ്പിടങ്ങൾക്കരികിലേക്കു അയാൾ പതുക്കെ നടന്നു. സിമന്റ് ബഞ്ചിൽ അസ്വസ്ഥരായി ഇരിക്കുന്ന മകനെയും മരുമകളെയും കണ്ടു ഒരുനിമിഷം അയാൾ പകച്ചു നിന്നു.കഴിഞ്ഞ മൂന്നു വർഷം ആയി അയാൾ അവരെ കണ്ടിട്ടില്ല.

ഇവിടെ എത്തിയ ആദ്യത്തെ ഒരു വർഷം ആകാംക്ഷയോടെയും ഒരു പിതാവിന്റെ നെഞ്ചുരുകുന്ന തീവ്ര സ്നേഹത്തോടെയും മകനായി കാത്തിരുന്നു. ഓരോ വണ്ടിയുടെയും ശബ്ദം അവന്റേതായിരിക്കണേ എന്നു നിശബ്ദമായി പ്രാർത്ഥിച്ചു. പതുക്കെ പതുക്കെ ആ വേദനയുടെ സ്ഥാനത്തു നിസ്സംഗത ബാക്കിയായി. ഇപ്പോൾ ഈ പ്രതീക്ഷിക്കാത്ത വേളയിൽ അവൻ കണ്മുന്നിൽ.

“കുറ്റബോധത്തിന്റെയും പശ്ചാത്താപത്തിന്റെയും നിമിഷങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു..കുനിഞ്ഞ ശിരസ്സുമായി നിൽക്കുന്ന മകന്റെ തലയിൽ വിരലോടിച്ചു അയാൾ പറഞ്ഞു.

“ശരിയെട മക്കളെ. മമ്മിക്കും സന്തോഷമാകും. ആദ്യം അവളോട് പറയട്ടെ.”അയാൾ ഉള്ളിലേക്ക് നടന്നു.

“പപ്പാ..”പുറകിൽ മകന്റെ വിളി. ഐസക് അച്ചായൻ പതുക്കെ തിരിഞ്ഞു
“എന്താടാ മക്കളെ ?”. മകന്റെയും മരുമകളുടെയും മുഖത്തേക്കു അയാൾ മാറിമാറി നോക്കി

“അത് പിന്നെ..പപ്പാ..തത്കാലം മമ്മി ഇവിടെ നിൽക്കട്ടെ. പപ്പക്കറിയാലോ സൈറക്ക് പേടിയാണ്. വീട്ടിൽ കുട്ടികൾ ഇല്ലേ ? മാറി എന്ന് പറഞ്ഞാലും ക്ഷയം ഒരിക്കൽ വന്നവരിൽ അണുക്കൾ ബാക്കി ഉണ്ടാവില്ലേ ?എല്ലാവരുടെയും കൂടെ കൂടുമ്പോൾ ശ്രദ്ധിക്കണം. അടുത്ത വർഷം മമ്മിയെ കൊണ്ട് പോകാം നമുക്കു”

“അപ്പോളേക്കും മമ്മി ചത്തൊഴിയും എന്ന് നിന്റെ കെട്ട്യോള് പറഞ്ഞോടാ മക്കളെ ?”
ജുബ്ബാക്കു മുകളിലൂടെ കൈകെട്ടി മുഖത്തു പുച്ഛചിരിയോടെ അയാൾ ചോദിച്ചു.”ഒറ്റനിമിഷം കൊണ്ട് പപ്പയുടെ മുഖത്തു വന്ന മാറ്റം അവരെ അമ്പരിപ്പിച്ചു.

“മൂന്നു കൊല്ലം മുൻപും അവൾ ചുമച്ചതും മുറ്റത്തു തുപ്പിയതും ഒക്കെ തന്നെ ആയിരുന്നല്ലോ നിങ്ങടെ പ്രശ്നം. അന്നും ഡോക്ടർ പറഞ്ഞല്ലോ അവൾക്കു പൂർണസുഖം ആവും ആറു മാസം കൊണ്ട് എന്ന്. എന്നിട്ടു നിങ്ങൾ കേട്ടോ ഇല്ലാലോ. മൂന്നു വർഷമായി കൂടെയുള്ള എനിക്കു ഈ നിമിഷം വരെയും പകരാത്ത അസുഖമാണോടാ ഇനി നിന്റെ കെട്ട്യോൾക്കും മക്കൾക്കും പകരാൻ പോകുന്നത് “?

കൈയിൽ ഒരു ബാഗുമായി അങ്ങോട്ടേക്ക് വന്ന മമ്മിയെ കണ്ടു സിബിയുടെ മുഖം വിയർത്തൊഴുകി. മമ്മി പോകാൻ തയ്യാറായാണോ വന്നത് ? അയാൾ ദയനീയമായി ഭാര്യയുടെ കോപം ജ്വലിക്കുന്ന കണ്ണിലേക്കു നോക്കി.

വെളുത്തു മെലിഞ്ഞ ആ സ്ത്രീ രൂപം പുഞ്ചിരിയോടെ. പതുക്കെ ഭർത്താവിന്റെ പുറകിൽ വന്നു നിന്നു. അയാൾ പതുക്കെ അവരുടെ കൈയിൽ പിടിച്ചു തന്നോട് ചേർത്തുനിർത്തി.

“ഡാ..മക്കളെ . 27കൊല്ലം  വിശ്രമമില്ലാതെ പണിയെടുത്തവൾ ആണെടാ ഇവൾ. അന്നൊക്കെ പപ്പയുടെ ബിസിനസ് ഒരു വക ആയിരുന്നു. നിന്റെയും മോളമ്മയുടെയും ഫീസടക്കാൻ ശമ്പളം തികയാതായതോടെ രാവിലെയും വൈകിട്ടും പിള്ളേർക്ക് ട്യൂഷൻ എടുത്തിട്ടുണ്ട് അവൾ. ഇക്കണ്ട കാലം മൊത്തം ചോക്കുപൊടിയും ശ്വസിച്ചു, തീരാത്ത അലർജിയും കൊണ്ടാണ് ഇവൾ ചങ്കുപൊട്ടി പിള്ളേരുടെ മുന്നിൽ മണിക്കൂറുകളോളം പഠിപ്പിച്ചത്.”

“അതിന്റെ ബാക്കിപത്രമായി വയസാം കാലത്തു രോഗം വരുമ്പോൾ തള്ളയും കൂടെ ഇരിക്കുന്ന തന്തയും നിനക്കൊക്കെ ശല്യം ..അല്ലേ?”

മകന്റെ മുന്നിൽ വന്നു നിന്ന് അയാൾ ജൂബയുടെ പോക്കറ്റിൽ നിന്ന് ഒരു കവർ വലിച്ചെടുത്തു. പിന്നെ അവന്റെ കൈ പിടിച്ചു അതിലേക്കു വെച്ചു കൊടുത്തു. പകച്ചു നിൽക്കുന്ന മരുമകളുടെ മുഖത്തേക്കു നോക്കി അയാൾ തുടർന്നു

“മകളെ..എനിക്കറിയാരുന്നെടീ നിങ്ങൾ എന്നെ കൊണ്ട് പോകാൻ വരും എന്ന്..ബിസിനസ് പൊളിഞ്ഞതും കേസായതും കോടതിയിൽ ഈ മാസം കാശു കെട്ടിയില്ലേൽ അവൻ ജയിലിൽ പോകും എന്നും.മാത്തച്ചൻ വന്നപ്പോ പറഞ്ഞാരുന്നു..അപ്പന്റെ പേരിൽ ഉള്ള ഡെപ്പോസിറ്റ് ആർക്കുമില്ലെന്നു അന്ന് ഞാൻ പറഞ്ഞപ്പോൾ ബാക്കിയെല്ലാം എഴുതികിട്ടിയ സന്തോഷത്തിൽ നിങ്ങൾ മിണ്ടിയില്ല. എല്ലാം മുടിപ്പിച്ചപ്പോൾ അപ്പനെയും അപ്പന്റെ കാശും ഓർമ വന്നു അല്ലെ ?”

“ഒറ്റ ചില്ലി തരില്ലായിരുന്നു ഞാൻ. നിന്റെ മമ്മിയുടെ പട്ടിണിയും, കണ്ണീരും കണ്ടു മാറ്റിയതാ ആ തീരുമാനം. എന്നിട്ടും നീയൊക്കെ എന്താ തിരിച്ചു കൊടുത്തതു ഇപ്പോളും ?”

കാൽക്കൽ വീണു പൊട്ടിക്കരയുന്ന മകന്റെ അരികിൽ ചേർന്നിരുന്നു ലിസി ടീച്ചർ. പിന്നെ അവന്റെ മുടിയിൽ തലോടി..

കണ്ണീരും ഗദ്ഗദവും അവരുടെ തൊണ്ടയിൽ കുടുങ്ങി. അവന്റെ വളർച്ചയുടെ ഓരോ നിമിഷവും അവരുടെ കണ്മുന്നിലൂടെ ഒരു സിനിമയിൽ എന്നപോലെ കടന്നു പോയി. 12വയസു വരെ തണുപ്പടിച്ചാൽ ആസ്ത്മ കൂടി. പുലരും വരെ ഉറങ്ങാതെ ബെഡ് മടക്കി അതിൽ ചാരി ഇരുത്തി ആവി കൊള്ളിച്ചു നേരം വെളുപ്പിച്ചത്. 16″ വയസുള്ളപ്പോ അപ്പന്റെ സ്‌കൂട്ടർ എടുത്തു ഓടിച്ചു ജീപ്പുമായി കൂട്ടിയിടിച്ചു. രണ്ടു കാലും പൊട്ടി. കിടന്ന കിടപ്പിൽ ആറു മാസം അച്ചായനും താനും മാറി മാറി കൂടെയിരുന്നു മലവും മൂത്രവും കോരി. ഇഷ്ടപെട്ടതൊക്കെ ആ മുറിയിൽ ഒരുക്കി അവന്റെ കൂടെ നിന്നതു.

അവന്റെ വളർച്ചയുടെ പടവുകൾ. പ്രണയം. വിവാഹം. കുഞ്ഞുങ്ങൾ. ഒടുവിൽ അറപ്പോടെ ദൂരെനിന്നു തന്നെ നോക്കിയ ആ ദിവസങ്ങൾ. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“സിബിക്കുട്ടാ. എണീക്ക് മോനെ. മമ്മിക്ക് മക്കളോട് ഒരു പിണക്കവും ഇല്ല. ഇവിടെ ഞങ്ങൾക്ക് സുഖമാണ്. ഒരുപാടു പേരുടെ വലിയ ദുഖങ്ങൾക്കിടയിൽ എത്തുമ്പോളാണ് നമ്മുടെ ദുഃഖങ്ങൾ എത്ര ചെറുതായിരുന്നു എന്ന് നാം അറിയുക.”

അവർ അരുമയോടെ മകന്റെ മുഖം പിടിച്ചുയർത്തി സാരിത്തുമ്പു കൊണ്ട് തുടച്ചു. പതുക്കെ അവനെ പിടിച്ചു കൂടെ എഴുന്നേറ്റു. പരാജിതയായി തളർന്നു നിൽക്കുന്ന സൈറയെ അവർ കൈ കാട്ടി വിളിച്ചു. ഒരു എങ്ങികരച്ചിലോടെ അവൾ അവരുടെ നെഞ്ചിലേക്ക് ചേർന്നു നിന്നു.

കായൽകാറ്റ് അവരെ തഴുകി കടന്നുപോയി. ഐസക് അച്ചായൻ പുഞ്ചിരിയോടെ അതും നോക്കിനിന്നു.

“അവസാനമായി ഒന്ന് കൂടെ യാചിക്കയാ. മമ്മി ഞങ്ങളുടെ കൂടെ വരില്ലേ ?”ഒരിക്കലും പഴയ സിബിയും. സൈറയും ആവില്ലിനി ഞങ്ങൾ.”വണ്ടിയുടെ അരികിൽ നിന്നുകൊണ്ടുള്ള സിബിയുടെ അവസാന ശ്രമവും പുഞ്ചിരിയോടെ ലിസി ടീച്ചർ കേട്ടുനിന്നു, പിന്നെ അവന്റെ ചുമലിൽ പിടിച്ചു പറഞ്ഞു.

“ഇവിടെ ഇപ്പോൾ ഞങ്ങൾക്ക് സുഖമാണ് മക്കളെ. ഒരുപാടുപേരുണ്ട് ഇവിടെ. ഓരോരുത്തരും അവരവർക്കു പറ്റുന്ന ചെറിയ പണികൾ ചെയ്യും. അതിൽനിന്നും വരുമാനവും ഉണ്ട്. അവിടെ ആവുമ്പൊ നീയും ഇവളും ഓഫിസിലും മക്കൾ ഹോസ്റ്റലിലും അവിടെ തനിച്ചിരിക്കുന്നതിനേക്കാൾ നല്ലതല്ലേ മക്കളെ ഇത്. ഇടയ്ക്കിടെ കുഞ്ഞുങ്ങളെയും കൂട്ടി വന്നാൽ മാത്രം മതി.

പിന്നെ ഈ ബാഗ്. ഇന്ന് ഇവിടെ നിന്ന് ഞങ്ങൾ എല്ലാവരും ചെറിയൊരു പിക്നിക് പോകുന്നുണ്ട് അതിന്റെ ഒരുക്കം കഴിഞ്ഞു വരുമ്പോളാ നിങ്ങളെ കണ്ടത്. അല്ലാതെ മമ്മി ബാഗൊരുക്കി വന്നതല്ല ആ വിഷമം വേണ്ട നിങ്ങൾക്കു.”

കാർ വളവു തിരിഞ്ഞു പോകുന്നതും നോക്കി നിൽക്കുന്ന ലിസി ടീച്ചറുടെ ചുമലിൽ പിടിച്ചു ഐസക് സർ ചോദിച്ചു.

“ഞാൻ അറിയാത്തൊരു പിക്നിക് ..എന്തിനാടീ ലിസിയമ്മേ ഇങ്ങനെ?”..വാക്കുകൾ തൊണ്ടയിൽ കുടുങ്ങി അയാൾ വേദനയോടെ നോക്കി അവരെ..തല തിരിക്കാതെ റോഡിലേക്കു നോക്കി കല്ലിച്ച ശബ്ദത്തിൽ അവർ പറഞ്ഞു.

“ശരിയാ അച്ചായാ..മക്കൾ കൊണ്ടുപോകാൻ വന്നതറിഞ്ഞു തന്നെയാ ബാഗൊരുക്കി വന്നത്.പക്ഷെ ഇപ്പോ അവരിൽ ഉണ്ടായ പശ്ചാത്താപവും സ്നേഹവും ഈ കാശു തീരുമ്പോൾ തീർന്നുപോയാൽ ?”

“ഇനിയും എനിക്കു വയ്യ അച്ചായാ..ഇടയ്ക്കെങ്കിലും സ്നേഹത്തോടെയുള്ള വരവും സംസാരവും ഉണ്ടാവുമല്ലോ എന്ന പ്രതീക്ഷ മതി എനിക്കിനി മരണം വരെ ജീവിക്കാൻ.”

അയാൾ പതുക്കെ അവരെ തന്നിലേക്കു ചേർത്തുപിടിച്ചു..തീവ്രവേദനയാൽ പിടയുന്ന..ഹൃദയമുരുകി ഒഴുകിയ.. കണ്ണുനീർത്തുള്ളികൾ വീണു നനഞ്ഞ ആ മുഖം സ്വന്തം നെഞ്ചിലേക്കു ചേർത്തണച്ചു അയാൾ പറഞ്ഞു..

“ശരിയാ ലിസമ്മേ. നീ പറഞ്ഞതാ അതിന്റെ ശരി…അല്ല..നീയാണ് ശരി.
ഇനിയെത്രകാലം അറിയില്ല. എങ്കിലും ഇനിയുള്ള കാലം നമുക്കു നമ്മൾ മതിയെടീ.”

കായലിലെ തണുത്ത കാറ്റു ആ വൃദ്ധദമ്പതികളുടെ മേൽ ഒരു സാന്ത്വനമാവാൻ വെറുതേ പരിശ്രമിച്ചു  കൊണ്ടേ ഇരുന്നു അപ്പോളും

LEAVE A REPLY

Please enter your comment!
Please enter your name here