ഒരിക്കലും ഒരു കോളേജ് കാമ്പസിലെ ക്ലാസ് മുറിയില്‍ കാണാന്‍ പാടില്ലാത്തത് കണ്ടത് ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണമെന്ന് യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനി ഷബാന.

പുറത്ത് വരുന്ന വാര്‍ത്തകള്‍ മിക്കതും കെട്ടിചമച്ചതാണ്. കോളേജിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒന്‍പതാം തിയ്യതി കാലത്ത് സ്‌പോട്‌സ് മന്ത്രി പങ്കെടുത്ത ബാസ്‌ക്കറ്റ്‌ബോള്‍ ക്വാര്‍ട്ടിന്റെ ഉദ്ഘാടനമുണ്ടായിരുന്നു.

ഇതിനു ശേഷം മികച്ച നാടകത്തിന് സമ്മാനം ലഭിച്ച നാടകത്തിന്റെ പ്രദര്‍ശനം ഉച്ചക്ക് ശേഷം കാമ്പസില്‍ സംഘടിപ്പിച്ചിരുന്നു. ഇത് പൊതുപരിപാടിയായിരുന്നില്ല. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടി മാത്രം സംഘടിപ്പിച്ച പരിപാടിയായിരുന്നു. പുറത്ത് നിന്ന് വന്ന യുവാവ് യൂണിവേഴ്‌സിറ്റി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി പോലുമായിരുന്നുമില്ല.

നാടകം കാണുന്നതിന് മുമ്പായി കാമ്പസിനകത്തെ കാന്റീനില്‍ പോയി താനും പൊളിറ്റിക്‌സ് വിഭാഗത്തിലെ സൗമ്യയും ചായ കുടിച്ച ശേഷം സൗമ്യയുടെ ബാഗ് എടുക്കാന്‍ അവളുടെ ക്ലാസ് റൂമിലേക്ക് പോയപ്പോള്‍ സൂര്യഗായത്രി പുറത്ത് നിന്ന് തടയുകയായിരുന്നു.

ബാഗ് എടുക്കാനാണെന്ന് സൗമ്യ പറഞ്ഞപ്പോള്‍ കറച്ച് കഴിഞ്ഞ് വരാന്‍ പറഞ്ഞു. നാടകം കാണാനുള്ളതാണെന്നും ബാഗ് ഇപ്പോള്‍ എടുക്കണമെന്നും പറഞ്ഞ് ഞങ്ങള്‍ വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച പുറത്ത് പറയാന്‍ കൊളളാത്തതാണ്.

വാതിലില്‍ മുട്ടിയിട്ട് വന്നു കൂടേ എന്ന് അസ്മിത ചോദിച്ചു. നിങ്ങള്‍ ഈ ഡിപ്പാര്‍ട്ട്‌മെന്റിലല്ലല്ലോ പിന്നെ എന്തിന് വന്നെന്ന് സൗമ്യ ചോദിച്ചു. ഞാനും ഇടപെട്ടു. അപ്പോള്‍ കോളേജ് നിന്റെ തന്തയുടെ വകയാണോ എന്ന് ചോദിച്ച് തട്ടി കയറുകയാണുണ്ടായത്. മര്യാദയ്ക്ക് സംസാരിക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പിന്നെ വഴക്കായി ജിജീഷും ഇടപെട്ടു. മീഡിയയില്‍ വര്‍ക്ക് ചെയ്യുന്നയാളാണ് താനെന്നും, തന്നെ ഒന്നും ചെയ്യാന്‍ പറ്റില്ലന്നും അയാള്‍ പറഞ്ഞു. ഇതോടെയാണ് ബഹളം കേട്ട് അവിടെ എത്തിയ മറ്റ് വിദ്യാര്‍ത്ഥികള്‍ ഇടപെട്ടത്. അത് സ്വാഭാവികമല്ലേ?

ഏത് കാമ്പസിലാണെങ്കിലും പുറത്ത് നിന്ന് ഒരാള്‍ വന്ന് അതിക്രമം കാണിക്കുമ്പോള്‍ ആരെങ്കിലും വകവെച്ച് കൊടുക്കുമോ ? ഷബാന ചോദിക്കുന്നു.

ഞാന്‍ പ്രിന്‍സിപ്പലിന് രേഖാമൂലം പരാതി നല്‍കിയതോടെ പുറത്ത് നിന്ന് വന്നയാള്‍ കുടുങ്ങുമെന്ന് കണ്ടതുകൊണ്ടാണ് ആക്രമിച്ചു എന്ന് കാട്ടി ഈ പെണ്‍കുട്ടികളെ കൊണ്ട് പൊലീസില്‍ പരാതി കൊടുപ്പിച്ചിരിക്കുന്നത്.

അവര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് പോലെ ജിജീഷ് നാടകം കാണാന്‍ മാത്രമാണ് വന്നതെങ്കില്‍ മുന്‍പ് പലവട്ടം കാമ്പസില്‍ വന്നതെന്തിനാണ്?

ഇവര്‍ രണ്ട് പേരും കാമ്പസില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ മുന്‍പു തന്നെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത് ഇപ്പോള്‍ പ്രചരിക്കുന്നുണ്ടല്ലോ? ഇയാളുടെ മൊബൈല്‍ കാള്‍ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചാല്‍ എത്ര തവണ ഇവിടെ വന്നിട്ടുണ്ട് എന്ന് വ്യക്തമാകും.

കാമ്പസുകള്‍ വിദ്യാര്‍ത്ഥികളുടെ പഠന കേന്ദ്രമാണ് അവിടങ്ങളില്‍ പുറത്ത് നിന്ന് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വന്ന് പെരുമാറാമെങ്കില്‍ എന്ത് സുരക്ഷിതത്വമാണ് പെണ്‍കുട്ടികള്‍ക്കുണ്ടാകുക? ഷബാന ചോദിക്കുന്നു.

ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ചിലരുടെ രാഷ്ട്രീയ താല്‍പര്യമാണ്. അനവധി വര്‍ഷങ്ങളായി എസ്എഫ്‌ഐയുടെ ശക്തികേന്ദ്രമാണ് എന്നത് കൊണ്ട് മാത്രമാണത്. അതല്ലാതെ വസ്തുത പരിശോധിച്ചിട്ടല്ല.

സോഷ്യല്‍ മീഡിയകളിലൂടേയും ചാനലിലൂടേയും കടന്നാക്രമിക്കുന്ന വിഭാഗങ്ങള്‍ യൂണിവേഴ്‌സിറ്റി കോളേജിന് പകരം എസ്എഫ്‌ഐയുടെ എതിരാളികള്‍ക്ക് മേധാവിത്വമുള്ള ഏതെങ്കിലും കാമ്പസിലാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ വിവാദമാക്കുമായിരുന്നോ? അത്തരം ഏതെങ്കിലും കാമ്പസില്‍ പുറത്ത് നിന്ന് ഏതെങ്കിലും ഇടത് പക്ഷ പ്രവര്‍ത്തകനാണ് ഇങ്ങനെ കയറിയിരുന്നതെങ്കില്‍ ആതാകുമായിരുന്നില്ലേ ചാനലുകള്‍ക്ക് രാത്രി ചര്‍ച്ചയില്‍ വിഭവമാകുക… ഷബാന തുറന്നടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here