പ്രാഥമിക സര്‍വിസ് സഹകരണ ബാങ്കുകളിലൂടെ വിതരണംചെയ്ത 6.53 ലക്ഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മാര്‍ച്ച് 31നകം റുപേ കിസാന്‍ കാര്‍ഡുകളാക്കി മാറ്റും. സഹകരണ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘം അസോസിയേഷന്‍ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

കാര്‍ഷിക വായ്പകളും മറ്റ് ആധുനിക ബാങ്കിങ് സൗകര്യങ്ങളും റുപേ കിസാന്‍ കാര്‍ഡിലൂടെ നല്‍കാന്‍ കഴിയുമെന്ന് നബാര്‍ഡ് പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. പദ്ധതിപ്രകാരം പ്രാഥമിക സര്‍വിസ് സഹകരണ ബാങ്ക് ഉപഭോക്താക്കളുടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ജില്ലാ സഹകരണ ബാങ്കുകളില്‍ തുറക്കും. എന്നാല്‍, ജില്ലാ ബാങ്ക് ബ്രാഞ്ചില്‍ നിന്ന് നേരിട്ട് പണം പിന്‍വലിക്കാന്‍ അനുവദിക്കില്ല. എ.ടി.എം, പി.ഒ.എസ് മെഷീനുകള്‍, പ്രാഥമിക സംഘങ്ങളുടെ ബ്രാഞ്ചുകള്‍ വഴി പണം പിന്‍വലിക്കാം.
റുപേ കാര്‍ഡ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ ഡെബിറ്റ് കാര്‍ഡായും കാര്‍ഷിക വായ്പാ അക്കൗണ്ടില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡായും ഉപയോഗിക്കാം. കേരളത്തിലെ 1,625 പ്രാഥമിക സഹകരണ സംഘങ്ങളിലെ ഉപഭോക്താക്കള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
കാര്‍ഷിക വായ്പാ രംഗത്ത് സഹകരണ മേഖലയുടെ പങ്ക് വര്‍ധിപ്പിക്കുന്നതിന് പ്രാഥമിക ബാങ്കുകള്‍ കാര്‍ഷിക വായ്പകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് മന്ത്രി പറഞ്ഞു.യോഗത്തില്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘം അസോസിയേഷന്‍ പ്രസിഡന്റ് വി.ജോയ് എം.എല്‍.എ, സഹകരണ സ്‌പെഷല്‍ സെക്രട്ടറി പി.വേണുഗോപാല്‍, സഹകരണസംഘം രജിസ്ട്രാര്‍ ലളിതാംബിക, നബാര്‍ഡ് ഉദ്യോഗസ്ഥര്‍, പി.എ.സി.എസ് അസോസിയേഷന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here