സംസ്ഥാനത്ത് പൊതുവിപണിയില്‍ അരിവില കുതിച്ചുയരുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു.
കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കാന്‍ സിവില്‍ സപ്ലൈ കോര്‍പറേഷനു കീഴിലുള്ള അരിക്കട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

തിരുവനന്തപുരം മണക്കാട്ട് ആദ്യത്തെ അരിക്കട ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പദ്ധതിക്കു തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലാണ് കടകള്‍ ആരംഭിക്കുന്നത്. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അതേ വിലയ്ക്കായിരിക്കും ഇവിടെ അരി വില്‍ക്കുക. ഇതിനായി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓപ്പണ്‍ മാര്‍ക്കറ്റ് സ്‌കെയില്‍ സ്‌കീം പ്രകാരം അരി വാങ്ങും.
ഇപ്പോള്‍ എഫ്.സി.ഐയില്‍ നിന്ന് 1400 ടണ്‍ അരിയാണ് സര്‍ക്കാര്‍ വാങ്ങിയിട്ടുള്ളത്. ചില സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളില്‍ അരി മറിച്ചുവില്‍ക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അരിക്കടകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.
ഇതിനു പുറമെ, വിപണിയില്‍ ഇടപെടുന്നതിനായി സഹകരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് നേതൃത്വം നല്‍കുന്ന 100 കോടി രൂപയുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സഹകരണസംഘം രജിസ്ട്രാര്‍ ഓഫീസില്‍ വിളിച്ചുചേര്‍ത്ത കണ്‍സ്യൂമര്‍ ഫെഡറേഷന്റെയും 25 പ്രാഥമിക സഹകരണസംഘം ഭാരവാഹികളുടെയും യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ അരി ഉല്‍പാദന കേന്ദ്രങ്ങളില്‍ നേരിട്ടു പോയി അരി വാങ്ങും. ഈ അരി സഹകരണ സംഘങ്ങളുടെയും കണ്‍സ്യൂമര്‍ ഫെഡറേഷന്റെയും ഔട്ട്‌ലെറ്റുകള്‍ വഴി സബ്‌സിഡി നിരക്കില്‍ വില്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here