ജയലളിതയുടെ സഹോദര പുത്രി ദീപ,പനീർശെൽവ വിഭാഗം അണ്ണാ ഡിഎംകെ പ്രവർത്തകരുമായി ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായതായി റിപ്പോർട്ട്. ഈ മാസം 24ന് പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുന്ന ദീപ അതേദിവസം ഇതു സംബന്ധമായ നിർണ്ണായക തീരുമാനം പ്രഖ്യാപിക്കും.

പനീർശെൽവ വിഭാഗത്തെ പ്രവർത്തകരും നേതാക്കളും മാത്രമല്ല ദീപയുടെ ഒപ്പമുള്ളവരും ഇരുവിഭാഗവും ഇനി ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

നിലവിൽ അണ്ണാ ഡിഎംകെ സംസ്ഥാന ഘടകത്തിൽ ഭൂരിപക്ഷമുണ്ടാക്കി പാർട്ടി പിടിച്ചെടുക്കുക, അതല്ലങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുക എന്നതാണ് ഇവരുടെ മുന്നിലുള്ള പോംവഴി.

അണ്ണാ ഡിഎംകെയിൽ വലിയ പിളർപ്പുണ്ടായില്ലങ്കിൽ പുതിയ പാർട്ടിക്ക് തന്നെയാണ് സാധ്യത. അത് തീരുമാനിച്ച പ്രകാരം 24ന് തന്നെ പ്രഖ്യാപിക്കുമോ അതോ ഇനിയും കാത്തിരിക്കണമോ എന്നത് മാത്രമാണ് അറിയാനുള്ളത്.

ജയലളിതയുടെ ജന്മദിനമായ 24ന് ദീപയും പനീർശെൽവവും സംയുക്തമായ പുതിയ പാർട്ടി പ്രഖ്യാപനം നടത്തുമെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. പുതിയ പാർട്ടി ജനറൽ സെക്രട്ടറിയായി ദീപയുടെ പേര് പനീർശെൽവം തന്നെ പ്രഖ്യാപിച്ചാലും അത്ഭുതപ്പെടേണ്ടതില്ലന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്.

ചൊച്ചാഴ്ച രാത്രി മറീനയിലെ ജയലളിതയുടെ സ്മൃതി മണ്ഡപത്തിൽ പനീർശെൽവവും ദീപയും സംയുക്തമായി സന്ദർശനം നടത്തിയതും ഇതിനു ശേഷം ദീപ പനീർശെൽവത്തിന്റെ വസതി സന്ദർശിച്ചതുമെല്ലാം വരാൻ പോകുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

ശശികല ജയിലിലാവുന്നതോടെ അണ്ണാ ഡിഎംകെ ഔദ്യോഗിക നേതൃത്വത്തിൽ വൻ പൊട്ടിത്തെറിയുണ്ടാകാനും കൂടുതൽ നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ട് എതിർ ചേരിയിൽ ചേക്കേറാനും സാധ്യത കൂടുതലാണ്.

ജയലളിതയുടെ ആർ കെ നഗർ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പാണ് ഇരുവിഭാഗത്തിന്റെയും ശക്തി പരീക്ഷണത്തിന് ആദ്യം വേദിയാവുക.

ദീപ ഇവിടെ മത്സരിക്കാൻ നേരത്തെ തന്നെ തീരുമാനിക്കുകയും അവരുടെ അനുകൂലികൾ മണ്ഡലത്തിലുടനീളം ഓഫീസ് തുറന്ന് പ്രവർത്തനം തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇതിന് സമാനമായി സംസ്ഥാനത്തെ എല്ലാ മേഖലയിലും അണ്ണാ ഡിഎംകെ പ്രവർത്തകർ ദീപയുടെ പേരിൽ മൺട്രങ്ങൾ ഉണ്ടാക്കുകയും കൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ ഓഫീസുകളെല്ലാം പുതിയ പാർട്ടി വരുന്നതോടെ പാർട്ടി ഓഫീസുകളായി മാറും.

പനീർശെൽവവും ദീപയും ഒരുമിക്കുന്നതോടെ അണ്ണാ ഡിഎംകെയുടെ മിക്ക ഓഫീസുകളും ഇവരുടെ നിയന്ത്രണത്തിലാകാനും സാധ്യത കൂടുതലാണ്.

എന്നാൽ പളനിസ്വാമിയെ മുൻനിർത്തി സർക്കാറുണ്ടാക്കാൻ അണ്ണാ ഡിഎംകെക്ക് കഴിഞ്ഞാൽ വലിയ വെല്ലുവിളി പ്രവർത്തനങ്ങൾക്ക് പോലും ദീപക്കും പനീർശെൽവത്തിനും നേരിടേണ്ടി വരും.

ഇപ്പോൾ ഏത് സർക്കാർ അധികാരത്തിൽ വന്നാലും ഇനി രാഷ്ട്രപതി ഭരണത്തിലേക്ക് കാര്യങ്ങൾ പോയാലും ആ സംവിധാനത്തിന് അധികം ആയുസുണ്ടാവില്ല എന്നതിനാൽ ഒരു പൊതു തിരഞ്ഞെടുപ്പ് ഉടനെയുണ്ടാകുമെന്ന നിഗമനത്തിൽ തന്നെയാണ് തമിഴകത്തെ രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് പോകുന്നത്.

ജയലളിതയുടെ മുഖച്ഛായയുള്ള ദീപയുടെ പ്രസക്തി അവിടെയാണ് പനീർശെൽവ വിഭാഗം നോക്കി കാണുന്നത്.

ജയലളിതയുടെ അഭാവത്തിൽ സംസ്ഥാന വ്യാപകമായി തിരഞ്ഞെടുപ്പിൽ ദീപയെ ഉയർത്തി കാട്ടിയാൽ നേട്ടം കൊയ്യാമെന്നാണ് കണക്ക് കൂട്ടൽ. എതിർവിഭാഗത്തിന്റെ ഈ കണക്ക് കൂട്ടലുകൾ തെറ്റിക്കാൻ മറ്റൊരു കണക്ക് കൂട്ടലുമായി ശശികല വിഭാഗവും ഇപ്പോൾ രംഗത്തുണ്ട്.

ദീപയെ മുൻനിർത്തിയാൽ ബദലായി സഹോദരൻ ദീപക്കിനെ മുൻനിർത്താനാണ് തീരുമാനം. സുപ്രീം കോടതി വിധി വന്നയുടനെ ദീപക്കിനെ വിളിച്ചു വരുത്തി ശശികല സംസാരിച്ചതും ഈ നീക്കത്തിന്റെ ഭാഗമായാണെന്നാണ് പറയപ്പെടുന്നത്.വർഷങ്ങളായി ശശികലയുമായും അവരുടെ ഭർത്താവ് നടരാജനുമായും വളരെ അടുത്ത ബന്ധമാണ് ദീപക്കിനുള്ളത്.

ജയലളിതക്ക് അന്ത്യാപചാരമർപ്പിക്കാൻ ദീപക്ക് അനുമതി നിഷേധിക്കപ്പെട്ടെങ്കിലും ശശികലക്കൊപ്പം അന്ത്യകർമ്മങ്ങൾ ചെയ്യാൻ ദീപക്കായിരുന്നു ഒപ്പമുണ്ടായിരുന്നത്.

ഇരു വിഭാഗവും ജയലളിതയുടെ സഹോദരന്റെ മക്കളെ രംഗത്തിറക്കിയാൽ അത് ഒരു മക്കൾ പോരാട്ടമായി കൂടി മാറും. ജയലളിതയെ മനസ്സിൽ ആരാധിക്കുന്ന ലക്ഷങ്ങളെയാണ് ഇത്തരം നീക്കങ്ങൾ ആശയ കുഴപ്പത്തിലാക്കുക.

പൊളിറ്റിക്കൽ സയൻസിൽ ബിരുദമെടുത്ത് പ്രമുഖ മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്ത് കഴിവ് തെളിയിച്ച വ്യക്തിയാണ് ദീപ. ദീപക്കാകട്ടെ ബിസിനസ്സ് രംഗത്ത് വളരെ സജീവമായ സാന്നിധ്യവുമാണ്. സഹോദരിയുമായി ഏറ്റുമുട്ടാൻ ദീപക്ക് തയ്യാറാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

നേരത്തെ ശശികലയെ വിമർശിച്ച് രംഗത്ത് വന്ന ദീപയെ തിരുത്തി ദീപക്ക് പരസ്യമായി രംഗത്ത് വന്നതിനാൽ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here