Home / ഫീച്ചേർഡ് ന്യൂസ് / എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം;ആമി സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച്‌ മഞ്ജു വാര്യര്‍ 
manju-warrier

എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം;ആമി സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച്‌ മഞ്ജു വാര്യര്‍ 

കമല്‍ സംവിധാനം ചെയ്യുന്ന ആമി സിനിമയില്‍ അഭിനയിക്കുന്നതിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ക്കു മറുപടിയുമായി മഞ്ജു വാര്യര്‍.ആമി സിനിമയില്‍ അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ലെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

രാഷ്ട്രീയ ചര്‍ച്ചകളില്‍ പക്ഷം ചേരലായി ഇതിനെ കണക്കാക്കരുത്. സംവിധായകന്‍ കമല്‍ തനിക്ക് ഗുരുതുല്യനാണെന്നും ഇരുപത് വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതിലുള്ള ആവേശമാണ് ഇപ്പോഴുള്ളതെന്നും മഞ്ജു വിശദീകരിച്ചു.ഭാരതത്തില്‍ ജനിച്ച ഏതൊരാളെയും പോലെ എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയമെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.മാധവിക്കുട്ടിയെന്ന എഴുത്തുകാരി ഒരു ഇതിഹാസമാണ്. അവരെ വെളളിത്തിരയില്‍ അവതരിപ്പിക്കാനുള്ള അവസരം ഏതൊരു അഭിനേത്രിയേയും പോലെ എന്നെയും കൊതിപ്പിക്കുന്നു. ദയവായി ആമിയെ ഒരു സിനിമയായും എന്റേത് അതിലെ ഒരു കഥാപാത്രമായും മാത്രം കാണുക.

സിനിമ ഒരു കലാരൂപമാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല ആശയസംഹിതകളും രാഷ്ട്രീയനിലപാടുകളുമുണ്ടാകാം. അവര്‍ അത് മറന്ന് ഒരേ മനസോടെയും നിറത്തോടെയും പ്രവര്‍ത്തിക്കുന്നത് നല്ലൊരുസിനിമ സൃഷ്ടിക്കാനാണ്. ‘ആമി’യിലും അതുതന്നെയാണ് സംഭവിക്കുക. ഇല്ലാത്ത അര്‍ഥതലങ്ങള്‍ നല്‍കി വിവാദമുണ്ടാക്കുന്നവര്‍ ഉദ്ദേശിക്കുന്നത് മറ്റുപലതുമാണ്. അത് തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും മഞ്ജു പറയുന്നു.

മഞ്ജു പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രത്തിന് താഴെ ആമി സിനിമയില്‍ അഭിനയിക്കുന്നതിനെചൊല്ലി പ്രതിഷേധം കമന്റുകളായി വന്നുകൊണ്ടിരിക്കുന്നതിന് മറുപടിയായാണ് മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ആമിയില്‍ മഞ്ജുവിനെ നായികയായി നിശ്ചയിച്ചതോടെയാണ് സൈബര്‍ ആക്രമണം.

രാഷ്ട്രീയമുണ്ടെന്ന് ഉറക്കെ പറഞ്ഞ് മാധവിക്കുട്ടിയാകാന്‍ നടി മഞ്ജു വാര്യരോട് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ലെന്നും ദീപ നിശാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രീയവത്കരിക്കുക എന്നതിനര്‍ത്ഥം പാര്‍ട്ടിവല്‍ക്കരിക്കുക എന്നല്ല എന്ന് മാര്‍ത്താ ഹാര്‍നേക്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. പരമ്പരാഗതരീതിയിലുള്ള മുദ്രാവാക്യം വിളികളോ സമരമുഖങ്ങളിലെ പോരാട്ടമോ മാത്രമല്ല, ഇടപെടല്‍ കൂടി രാഷ്ട്രീയമാണ്. ശരിയെന്ന് തോന്നുന്നതിനോട് ചേര്‍ന്നു നില്‍ക്കലും രാഷ്ട്രീയമാണ്. മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ്. രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ല എന്നര്‍ത്ഥം. രാഷ്ട്രീയം ഒരു നിലപാട് കൂടിയാണെന്നും ദീപ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

മാധവിക്കുട്ടിയുടെ കഥപറയുന്ന കമല്‍ ചിത്രം ആമിയില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ മഞ്ജു വാര്യര്‍ക്കെതിരെ പല ഭാഗത്തു നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് തന്റെ നിലപാട് വ്യക്തമാക്കി മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. താന്‍ സിനിമയില്‍ അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ലെന്നും ചിത്രത്തിന്റെ സംവിധായകന്‍ കമല്‍സാറിനെ ചുറ്റിയുളള രാഷ്ട്രീയചര്‍ച്ചകളിലെ പക്ഷംചേരലായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും മഞ്ജു പറഞ്ഞിരുന്നു.

ഭാരതത്തില്‍ ജനിച്ച ഏതൊരാളെയും പോലെ തന്റെ രാജ്യമാണ് തന്റെ രാഷ്ട്രീയം. ഈ സിനിമ ഓരോ മലയാളിയുടെയും അഭിമാനമായി മാറുമെന്നും ഇത് ലോകസിനിമയ്ക്കുള്ള മലയാളത്തിന്റെ ഐതിഹാസികമായ സമര്‍പ്പണമാകുമെന്നുമാണ് വിശ്വാസമെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രാഷ്ട്രീയവത്കരിക്കുക എന്നതിനർത്ഥം പാർട്ടിവൽക്കരിക്കുക എന്നല്ല എന്ന് മാർത്താ ഹാർനേക്കർ പറഞ്ഞിട്ടുണ്ട്. പരമ്പരാഗതരീതിയിലുള്ള മുദ്രാവാക്യം വിളികളോ സമരമുഖങ്ങളിലെ പോരാട്ടമോ മാത്രമല്ല, ഇടപെടൽ കൂടി രാഷ്ട്രീയമാണ്. ശരിയെന്ന് തോന്നുന്നതിനോട് ചേർന്നു നിൽക്കലും രാഷ്ട്രീയമാണ്. മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ്. രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ല എന്നർത്ഥം. ഒരു നിലപാടു കൂടിയാണത്. എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാൾ അശ്ലീലമായി മറ്റൊന്നുമില്ല മഞ്ജൂ… രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവൂ

ആശംസകൾ..

Check Also

INDIAN CHRISTIAN

ഭാരത് കി ബേട്ടി- ജൂലൈ 22- പെർസികുഷൻ റിലിഫ് ഇന്ത്യയിൽ ക്രിസ്ത്യൻ രക്ത സാക്ഷി ദിനം ആചരിക്കുന്നു

ഇന്ത്യയിൽ ക്രിസ്ത്യൻ രക്ത സാക്ഷി ദിനം ആചരിക്കുന്നു .പെർസികുഷൻ റിലിഫ് എന്ന ക്രിസ്തവ സംഘടന ആണ് ഇതിനു ചുക്കാൻ പിടിക്കുന്നത് …

Leave a Reply

Your email address will not be published. Required fields are marked *