മുഖ്യമന്ത്രിയായി അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി അധികാരമേറ്റതോടെ തമിഴകത്ത് കളി മാറി.

124 അംഗങ്ങളുടെ പിന്തുണയാണ് അണ്ണാ ഡിഎംകെ അവകാശപ്പെടുന്നത്. കാലുമാറ്റം തടയുന്നതിനും ഒരു സേഫ്റ്റിക്കുമായി എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസ്സിന്റെ പിന്തുണ അണ്ണാ ഡിഎംകെ ആവശ്യപ്പെട്ടിട്ടുണ്ട്.

വിശ്വാസ വോട്ടെടുപ്പ് തേടുന്നതിന് മുന്‍പ് തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ പളനിസ്വാമിക്ക് ഗവര്‍ണ്ണര്‍ അനുമതി കൊടുത്തതിനാല്‍ പ്രതിപക്ഷമായ ഡി എം കെ അംഗങ്ങളെയും പനീര്‍ശെല്‍വ വിഭാഗത്തോടൊപ്പമുള്ള എംഎല്‍എമാരെയും സ്വാധീനിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ അണിയറയില്‍ സജീവമായിട്ടുണ്ട്.

സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 117 വോട്ടുകളാണ്. 135 എംഎല്‍എമാരാണ് നിയമസഭയില്‍ അണ്ണാ ഡിഎംകെയ്ക്ക് ഉള്ളത്. ഇതില്‍ പനീര്‍സെല്‍വം ഉള്‍പ്പെടെ 11 പേരാണ് വിമതപക്ഷത്തുള്ളത്.

ആര് വരുമെന്ന ആശങ്കയില്‍ നിന്നിരുന്ന ബിസിനസ്സ് ലോബിയും ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് സൂചന.

എം എല്‍ എമാരെ താമസിപ്പിച്ചിരുന്ന കൂവത്തൂര്‍ റിസോര്‍ട്ടില്‍ പൊലീസ് കയറിയതും ശശികലയെ അടക്കം പ്രതിയാക്കി കേസെടുത്തതും ഗവര്‍ണ്ണര്‍ ഉടക്കി നിന്നതുമെല്ലാം അണ്ണാ ഡിഎംകെയുടെ ഒപ്പം നിന്നിരുന്ന ബിസിനസ്സ് ലോബിയേയും ഞെട്ടിച്ചിരുന്നു.

പുതിയ സാഹചര്യത്തില്‍ പളനിസ്വാമിക്ക് വിശ്വാസവോട്ട് നേടാന്‍ കഴിയുമെന്ന് തന്നെയാണ് ഇവര്‍ വിശ്വസിക്കുന്നത്. വലിയ കുതിര കച്ചവടത്തിന് തന്നെ വരുന്ന മണികൂറുകള്‍ തമിഴകം സാക്ഷ്യം വഹിച്ചേക്കും. പതിനഞ്ച് ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് പളനിസ്വാമിക്ക് ഗവര്‍ണ്ണര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

പനീര്‍ശെല്‍വത്തോട് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഇപ്പോള്‍ ഗവര്‍ണ്ണറുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത നീക്കമുണ്ടായിരിക്കുന്നത്.

അണ്ണാ ഡിഎംകെ ലോക്‌സഭാ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ തമ്പി ദുരൈ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിന് തൊട്ട് പിന്നാലെയാണ് ഗവര്‍ണ്ണറുടെ തീരുമാനം പുറത്ത് വന്നത്.

പ്രതീക്ഷിച്ച എം എല്‍ എമാരെ കൂടെ നിര്‍ത്താനും ഡിഎംകെ പിന്തുണ കത്ത് ഗവര്‍ണ്ണര്‍ക്ക് നല്‍കാതിരുന്നതുമാണ് പനീര്‍ശെല്‍വത്തിന് തിരിച്ചടിയായത്.

ഇനി പളനിസ്വാമി വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ തന്നെ രണ്ടാമത്തെ കക്ഷിയായ ഡിഎംകെയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കാനേ നിയമപരമായി ഗവര്‍ണ്ണര്‍ക്ക് കഴിയുകയുള്ളൂ.

അത്തരമൊരു സാഹചര്യം ഉരുതിരിഞ്ഞാല്‍ ഡിഎംകെക്ക് പിന്തുണ നല്‍കുക മാത്രമായിരിക്കും പനീര്‍ശെല്‍വത്തിന്റെ മുന്നിലുള്ള വഴി. അതല്ലങ്കില്‍ ഡിഎംകെ പനീര്‍ശെല്‍വത്തിനെ പിന്തുണക്കുന്ന കത്ത് ഗവര്‍ണ്ണര്‍ക്ക് നല്‍കണം. ഈ സാധ്യതകളെല്ലാം അടഞ്ഞാല്‍ കാര്യങ്ങള്‍ രാഷ്ട്രപതി ഭരണത്തിലെത്തും.

ഇടക്കാല തിരഞ്ഞെടുപ്പ് ആഗ്രഹിക്കാത്ത എം എല്‍ എമാര്‍ നല്ലൊരു വിഭാഗം ഉള്ളതിനാല്‍ പളനിസ്വാമി വിശ്വാസവോട്ട് നേടുമെന്ന ആത്മവിശ്വാസത്തിലാണ് അണ്ണാ ഡി എംകെ. ഇപ്പോള്‍ പനീര്‍ശെല്‍വത്തിന്റെ ക്യംപില്‍ എത്തിയിട്ടുള്ള പത്ത് എംഎല്‍എമാരെ തിരികെ എത്തിക്കുന്നതിനും അണ്ണാ ഡി എംകെ നേതൃത്വം നീക്കം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here