2017 മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുവാനാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്ലാവര്‍ക്കും ഗുണമേന്മയുള്ള വൈദ്യുതി എന്ന പ്രഖ്യാപിതലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അന്താരാഷ്ട്ര വൈദ്യുത സുരക്ഷാ ശില്‍പശാല ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വൈദ്യുതോത്പാദനത്തില്‍ വന്‍കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും പവര്‍കട്ടോ ലോഡ്‌ഷെഡിംഗോ ഈവര്‍ഷം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡ് നിര്‍മാണത്തിലിരിക്കുന്ന 200 മെഗാവാട്ട് സോളാര്‍ നിലയത്തിന്റെ പണി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യുമെന്നും വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 മെഗാവാട്ടിന്റെ സോളാര്‍ നിലയം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ടതും എന്നാല്‍ പിന്നീട് മുടങ്ങിയതുമായ പള്ളിവാസല്‍, തൊട്ടിയാര്‍, ചാത്തങ്കോട്ടുനട എന്നീ പദ്ധതികള്‍ പുനഃരാരംഭിക്കുവാന്‍ തീരുമാനിച്ചു. അക്കാലത്ത് 85 അസംബ്ലി നിയോജക മണ്ഡലങ്ങളിലും നാല് ജില്ലകളിലും സമ്പൂര്‍ണവൈദ്യുതീകരണം കൈവരിച്ചു.

അതേ രീതിയിലുള്ള പ്രവര്‍ത്തനം തുടര്‍ന്നിരുന്നുവെങ്കില്‍ 2012ഓടെ കേരളം സമ്പൂര്‍ണവൈദ്യുതീകരണം പൂര്‍ത്തിയാകുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് സാധിച്ചില്ല. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സമ്പൂര്‍ണവൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയിരിക്കുന്നത്. നിര്‍മാണഘട്ടത്തിലുള്ള കക്കയം, പെരുന്തേനരുവി തുടങ്ങിയ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി വൈദ്യുതോത്പാദനം സമയബന്ധിതമായി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പെരുവണ്ണാമൂഴി, പഴശ്ശി, ലാന്‍ഡ്രം, ആനക്കയം, പെങ്ങല്‍ക്കൂത്ത്, മാങ്കുളം തുടങ്ങിയ പുതിയ ചെറുകിട ജലവൈദ്യുതി പദ്ധതികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കും. കാസര്‍കോട്ട് നിര്‍മാണത്തിലിരിക്കുന്ന 200 മെഗാവാട്ട് സോളാര്‍ നിലയത്തിന്റെ പണി 2017ല്‍ തന്നെ പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യും. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 മെഗാവാട്ടിന്റെ സോളാര്‍ നിലയം പൂര്‍ത്തിയാക്കും.

ഇത്തവണ സംസ്ഥാനത്ത് കടുത്ത വരള്‍ച്ചയനുഭവപ്പെടുകയാണ്. നമ്മുടെ ഡാമുകളിലെ ജലലഭ്യത മുന്‍കാലങ്ങളിലെയപേക്ഷിച്ച് വളരെ കുറവാണ്. ഇതു മൂലം ഏകദേശം 350 കോടി യൂണിറ്റിന്റെ കുറവാണ് സംസ്ഥാനത്തിന്റെ വൈദ്യുതോല്പാദനത്തിലുണ്ടായിരിക്കുന്നത്. എങ്കിലും പവര്‍കട്ടോ ലോഡ്‌ഷെഡിങ്ങോ കൂടാതെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

അനാവശ്യമായ വൈദ്യുതോപഭോഗം പൂര്‍ണമായൊഴിവാക്കിക്കൊണ്ടും കാര്യക്ഷമത കൂടിയ വൈദ്യുതോപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടും, ഇതിനു വേണ്ടുന്ന ബോധവല്‍കരണപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടും പ്രതിസന്ധിയുടെ രൂക്ഷത വലിയൊരളവ് വരെ കുറയ്ക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here