വെള്ളത്തിനുവേണ്ടി രാജ്യങ്ങള്‍ യുദ്ധം ചെയ്യുമെന്നാണു കഴിഞ്ഞ ദശകത്തില്‍ നാം കേട്ടതെങ്കില്‍ ഇന്നു സംസ്ഥാനങ്ങള്‍ അതിനൊരുമ്പെട്ടിരിക്കുന്നുവെന്നാണു മുല്ലപ്പെരിയാറും കാവേരിയുമൊക്കെ വിളിച്ചുപറയുന്നത്. നാളെ വീട്ടുകാര്‍ തമ്മില്‍, അതു കഴിഞ്ഞ് ഒരു വീട്ടിനുള്ളില്‍ കഴിയുന്നവര്‍ തമ്മില്‍ വെള്ളത്തിനുവേണ്ടി പോരാടില്ലെന്നു ആരുകണ്ടു.

വെള്ളം കിട്ടാതാവുന്നതോടെ മാരകരോഗങ്ങളുടെ ആക്രമണം രൂക്ഷമാകുമെന്ന തിരിച്ചറിവ് തിരുവല്ലയിൽ ഈയിടെ നടന്ന ശാസ്ത്രകോണ്‍ഗ്രസ് ഒരിക്കല്‍ കൂടി വിളംബരം ചെയ്തിരിക്കുന്നു. രണ്ടുനേരം കുളിക്കുന്നവര്‍, അലക്കിത്തേച്ച വസ്ത്രം ധരിക്കുന്നവര്‍ എന്നൊക്കെ മലയാളികളെ മറ്റുദേശക്കാര്‍ വിശേഷിപ്പിച്ച കാലമുണ്ടായിരുന്നു.

മാറിയ കാലഘട്ടത്തില്‍ നാം മലിനീകരണത്തിനു പേരുകേട്ടവരായിരിക്കുന്നു. ദൈവത്തിന്റെ സ്വന്തംനാട് മാറാരോഗങ്ങളുടെയും സ്വന്തംനാടായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. മൂന്നരകോടി മാത്രമാണു കേരളത്തിലെ ജനസംഖ്യയെങ്കിലും ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 859 ആണ്. അതുകൊണ്ടുതന്നെ രോഗവ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്ലാസ്റ്റിക് ഉപകാരത്തേക്കാള്‍ കൂടുതല്‍ ഉപദ്രവമുണ്ടാക്കുന്നുണ്ട് എന്നു മലയാളിക്കറിയാം. പ്ലാസ്റ്റിക് മാലിന്യം വര്‍ധിക്കുന്നതു തടയാന്‍ ഉപയോഗം കുറയ്ക്കുകയല്ല ഉപയോഗിച്ചവ കൂട്ടിയിട്ടുകത്തിക്കുകയാണു നാം ചെയ്യുന്നത്. അതിനാല്‍, ശ്വാസകോശരോഗങ്ങള്‍ ഇവിടെ വ്യാപകമാകുകയാണ്.
അടുക്കള പൂട്ടിയിട്ടു തട്ടുകട മുതല്‍ നക്ഷത്ര ഹോട്ടല്‍വരെ വച്ചുവിളമ്പിത്തരുന്ന ഭക്ഷണപാനീയങ്ങള്‍ കണ്ണുംപൂട്ടി കഴിക്കുന്നവരാണു നാം. അപ്പോഴും നമ്മള്‍ അറിയുന്നില്ല പണംകൊടുത്ത് എത്ര വിഷാംശമാണു വയറ്റിലാക്കുന്നതെന്ന്. ആരോഗ്യസംരക്ഷണത്തിനു പേരുകേട്ട സംസ്ഥാനം പ്രമേഹം മുതല്‍ അര്‍ബുദംവരെയുള്ള രോഗങ്ങളുടെ വിളനിലമായി മാറിയിരിക്കുന്നു.

വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ചതോടെ നാട്ടിലെങ്ങും ഡയാലിസിസ് കേന്ദ്രങ്ങളാണ്. അര്‍ബുദത്തിന്റെ പിടിയിലമര്‍ന്നു വേദനിക്കുന്നവര്‍ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായി പാലിയേറ്റിവ് കെയര്‍ കേന്ദ്രങ്ങളില്ലാത്ത ഗ്രാമങ്ങള്‍ കാണാന്‍ വിഷമം. പണ്ടൊന്നും കേട്ടറിവില്ലാത്ത വിധം ആശുപത്രികള്‍ തഴച്ചുവളരുകയാണ്. പത്രങ്ങള്‍ വഴിയും മറ്റും പരസ്യം നല്‍കുന്ന ഏറ്റവും ആദായകരമായ ബിസിനസായി അവ മാറിയിരിക്കുന്നു.

ജലദുര്‍വിനിയോഗവും മാലിന്യനിക്ഷേപവുമാണു പൊതുവെ കേരളത്തെയാകെ രോഗഗ്രസ്ഥമാക്കുന്നത്. അതിനെതിരേ മനോഭാവം വളര്‍ത്താനുള്ള പദ്ധതികളാണു ശാസ്ത്ര കോണ്‍ഗ്രസ് ആവിഷ്‌കരിച്ചത്. പുകവലി ഹാനികരമാണെന്നും വെറ്റില മുറുക്കു മാരകമാണെന്നുമൊക്കെ സര്‍ക്കാര്‍തലത്തില്‍ വലിയപ്രചാരണം നടക്കുന്നുണ്ട്. എന്നിട്ടും പുകയില ഉപയോഗം കുരുന്നുകളില്‍പോലും നിര്‍ബാധം തുടരുന്നുണ്ട്. ഇത്തരം കാര്യങ്ങളാണ് പ്രദര്‍ശനം ഓരോ കാഴ്ചക്കാരെയും ഓർമ്മിപ്പിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here