വഡോദര;ട്രാക്കിലെയും ജംപിങ് പിറ്റിലെയും ആധിപത്യവുമായി മഞ്ജല്‍പൂരിലും കേരളം ദേശീയ ജൂനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ കിരീടം നിലനിര്‍ത്തി. 200 മീറ്ററിലെ വിജയത്തിലൂടെ സ്പ്രിന്റ് ഡബിള്‍ തികച്ച കേരളത്തിന്റെ സി അഭിനവും മധ്യദൂര ട്രാക്കില്‍ രണ്ടു സ്വര്‍ണം നേടിയ മഹാരാഷ്ട്രയുടെ തായി ബമാനെയും ചാംപ്യന്‍ഷിപ്പിലെ മികച്ച അത്‌ലറ്റുകളായി. മേളയുടെ സമാപന ദിനമായ ഇന്നലെ അഞ്ചു സ്വര്‍ണവും ഒരോ വെള്ളിയും വെങ്കലവുമാണ് മിടുക്കികളും മിടുക്കന്‍മാരുമായ താരങ്ങള്‍ കേരളത്തിനായി നേടിയത്. അഭിനവിനു പുറമേ മെറിന്‍ ബിജു, ആകാശ് എം വര്‍ഗീസ് (ടിപ്പിള്‍ ജംപ്), 4-100 റിലേയിലെ ഇരു വിഭാഗങ്ങളിലുമാണ് അവസാന ദിനത്തില്‍ സ്വര്‍ണം നേടിയത്. ട്രിപ്പിള്‍ ജംപില്‍ സാന്ദ്ര ബാബും 200 മീറ്ററില്‍ ആന്‍സി സോജനുമാണ് വെള്ളി മെഡല്‍ സമ്മാനിച്ചത്.
 എതിരാളികള്‍ക്കുമേല്‍ ആധികാരിക വിജയം തന്നെയായിരുന്നു കേരളത്തിന്റേത്. മൂന്നായി വിഭജിച്ച ദേശീയ സ്‌കൂള്‍ കായിക മേളയില്‍ സീനിയര്‍ വിഭാഗത്തിനു പിന്നാലെ ജൂനിയര്‍ കിരീടവും കേരളത്തിനു സ്വന്തമായി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം ചാംപ്യന്‍മാരായത്. സബ് ജൂനിയര്‍ വിഭാഗത്തില്‍ മാത്രമാണ് കേരളം പിന്തള്ളപ്പെട്ടത്. ആദ്യ ദിനത്തില്‍ രണ്ടു വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവും നേടി കേരളം ഒന്നാം സ്ഥാനത്ത് എത്തി. എന്നാല്‍ രണ്ടാം ദിനത്തില്‍ കൈക്കരുത്തില്‍ കേരളത്തെ പിന്നിലാക്കി ത്രോയിനങ്ങളിലൂടെ ഹരിയാന ഒന്നാമതെത്തി. മൂന്നാം ദിനത്തില്‍ ദീര്‍ഘദൂര ട്രാക്കിലും സ്പ്രിന്റിലും ജംപിനങ്ങളിലും മികവു കാട്ടിയ താരങ്ങള്‍ കേരളത്തെ വീണ്ടും മുന്നിലെത്തിച്ചു. സമാപന ദിനത്തില്‍ കേരളം മാത്രമേ ട്രാക്കിലും ഫീല്‍ഡിലും ഉണ്ടായിരുന്നുള്ളു. ഇന്നലെ നടന്ന ആറു ഫൈനലുകളില്‍ അഞ്ചിലും കേരളം സ്വര്‍ണം നേടി. 200 മീറ്ററില്‍ സ്പ്രിന്റ് ഡബിള്‍ തികച്ച സി അഭിനവാണ് കേരളത്തിനായി സ്വര്‍ണ വേട്ടയ്ക്ക് തുടക്കമിട്ടത്. തൊട്ടുപിന്നാലെ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ആന്‍സി സോജന്‍ വെങ്കലം നേടി. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ മെറിന്‍ ബിജു സ്വര്‍ണവും സാന്ദ്ര ബാബു വെള്ളിയും സമ്മാനിച്ചു. 4-100 റിലേയിലും കേരളം ആധിപത്യം പുലര്‍ത്തി. ആണ്‍കുട്ടികള്‍ മധ്യപ്രദേശിനു മുന്നില്‍ അടിയറവ് പറഞ്ഞു വെള്ളിയിലേക്ക് പിന്തള്ളപ്പെട്ടു. തൊട്ടുപിന്നാലെ പെണ്‍പട തമിഴ്‌നാടിന്റെ വെല്ലുവിളികളെ മറികടന്നു റിലേയില്‍ സ്വര്‍ണം നേടി. ഇതിനിടെ മധ്യപ്രദേശിനെ അയോഗ്യരാക്കി കേരളത്തിന്റെ ആണ്‍പടയ്ക്ക് സ്വര്‍ണം സമ്മാനിച്ച വിധിയെത്തി. മീറ്റിനു സമാപനം കുറിച്ചു നടന്ന ആണ്‍കുട്ടികളുടെ ട്രിപ്പില്‍ ജംപിലെ സ്വര്‍ണ വേട്ടയിലൂടെ കേരളം ഒരിക്കല്‍ കിരീടം ഉയര്‍ത്തി. ആകാശ് എം വര്‍ഗീസാണ് കേരളത്തിനു അവസാന സ്വര്‍ണം സമ്മാനിച്ചത്. കോഴിക്കോട് ദേശീയ മീറ്റിനെ അപേക്ഷിച്ച് ഇത്തവണ സ്വര്‍ണ വേട്ടയില്‍ കേരളം പിന്നിലായി. 17 സ്വര്‍ണമാണ് കോഴിക്കോട് കേരളത്തിനു ലഭിച്ചത്.  
പെണ്‍കുട്ടികളില്‍ മഹാരാഷ്ട്ര രണ്ടു വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവും നേടി രണ്ടാമതെത്തിയപ്പോള്‍ ആണ്‍കുട്ടികളില്‍ മൂന്നു സ്വര്‍ണവും നാലു വെള്ളിയും ഒരു വെങ്കലവും ത്രോയിനങ്ങളിലൂടെ സ്വന്തമാക്കിയ ഹരിയാനയാണു രണ്ടാമത്.
ചരിത്രമെഴുതിയ
സ്പ്രിന്റ് ഡബിള്‍;
ട്രിപ്പിള്‍ ബോയ് അഭിനവ്
ഏഴാം ട്രാക്കില്‍ അഭിനവ് മിന്നലായി പാഞ്ഞപ്പോള്‍ സ്പ്രിന്റിലെ കേരളത്തിന്റെ കാലങ്ങളായുള്ള കാത്തിരിപ്പിനു വിരാമായി. 2009നു ശേഷം ആദ്യമായി കേരള താരം സ്പ്രിന്റ് ഡബിള്‍ നേടുന്നതിനു മഞ്ജല്‍പൂര്‍ സാക്ഷിയായി. നിശ്ബദ്മായിരുന്ന ഗാലറിയെ അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിപ്പിച്ചായിരുന്ന സി അഭിനവിന്റെ സ്വര്‍ണ വേട്ട. 200 മീറ്ററിന്റെ ട്രാക്കില്‍ തുടക്കം മുതല്‍ വ്യക്തമായ മുന്‍തൂക്കം നേടിയാണ് അഭിനവ് ഓടിക്കയറിയത്. ആദ്യ ദിനത്തില്‍ 100 മീറ്ററില്‍ അഭിനവ് കേരളത്തിന് സ്വര്‍ണം സമ്മാനിച്ചിരുന്നു. 22.50 സെക്കന്‍ഡെന്ന  മികച്ച സമയം കുറിച്ചാണ് 200 മീറ്ററില്‍ അഭിനവ് ഫിനിഷ് ചെയ്തത്.
100 മീറ്ററിലെ എതിരാളികള്‍ തന്നെയായ കര്‍ണാടകയുടെ വി.എ ശശികാന്തിനെയും (22.59) ഡല്‍ഹിയുടെ അന്‍ഷൂലിനെയും (22.71) രണ്ടും മൂന്നും സ്ഥാനത്തേക്കു പിന്തള്ളിയാണ് സ്പ്രിന്റ് ഡബിള്‍ തികച്ചത്. ഇരട്ട സ്വര്‍ണ നേട്ടത്തിനു പിന്നാലെ 4- 100 മീറ്റര്‍ റിലേയിലും കേരളത്തിനായി സ്വര്‍ണ ബാറ്റണ്‍ ഏന്തി ട്രിപ്പിള്‍ സ്വര്‍ണ നേട്ടവുമായാണു അഭിനവ് തലയെടുപ്പോടെ ട്രാക്ക് വിട്ടത്. 2009 ല്‍ കൊച്ചിയില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ ഇന്ദുലേഖയാണ് അവസാനമായി സ്പ്രിന്റ് ഡബിള്‍ തികച്ച കേരള താരം. അതിനു മുന്‍പ് പാലക്കാടിന്റെ പി.ബി ബിനീഷാണു ആണ്‍കുട്ടികളില്‍ അവസാനമായി സ്പ്രിന്റ് ഡബിള്‍ തികച്ചത്. കണ്ണൂര്‍ ഇരിട്ടി ഊരകത്ത് കോല്‍ക്കണ്ടി രത്‌നാകരന്‍- റീഷ ദമ്പതികളുടെ പുത്രനാണ് അഭിനവ്. തിരുവനന്തപുരം സായിയിലെ താരമായ അഭിനവ് തുണ്ടത്തില്‍ എം.വി.ജി.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.

ട്രിപ്പിളില്‍ ഡബിള്‍
ട്രിപ്പിള്‍ ജംപില്‍ കേരളം അടക്കി വാണു. ജംപിങ് പിറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത കേരള താരങ്ങള്‍ ഇരു വിഭാഗത്തിലും സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മെറിന്‍ ബിജുവും ആണ്‍കുട്ടികളില്‍ ആകാശ് എം വര്‍ഗീസുമാണ് സ്വര്‍ണം നേടിയത്. സാന്ദ്ര ബാബു പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളിയും കേരളത്തിനു സമ്മാനിച്ചു. 12.02 മീറ്റര്‍ ദൂരം താണ്ടിയായിരുന്നു മെറിന്‍ ബിജുവിന്റെ സ്വര്‍ണം നേട്ടം. സാന്ദ്ര ബാബു 11.90 മീറ്റര്‍ ദൂരം ചാടി വെള്ളിയും, തമിഴ്‌നാടിന്റെ ഡി നിവേദ 11.51 മീറ്ററില്‍ വെങ്കലവും സ്വന്തമാക്കി. ആണ്‍കുട്ടികളില്‍ 14.46 മീറ്റര്‍ ദൂരം താണ്ടിയായിരുന്നു ആകാശിന്റെ സ്വര്‍ണ നേട്ടം.  ആതിഥേയരായ ഗുജറാത്തിന്റെ മന്‍സൂക് സോളങ്കി (14.27) തമിഴ്‌നാടിന്റെ എസ് രാഘവന്‍ (14.13) എന്നിവര്‍ വെള്ളിയും വെങ്കലവും നേടി. സംസ്ഥാന മീറ്റില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടി.ടി നിഥിന്‍ 14.07 മീറ്ററില്‍ നാലാമതായി.  

റിലേയിലും കേരളം
റിലേയില്‍ കേരളത്തിനു ഇരട്ടസ്വര്‍ണം. ആണ്‍കുട്ടികളുടെ റിലേയില്‍ നാടകീയമായിരുന്നു കേരളത്തിന്റെ  സ്വര്‍ണം നേട്ടം. പോരാട്ടത്തില്‍ വെള്ളി മെഡലിലേക്കാണ് ബാറ്റണേന്തി കേരള താരങ്ങള്‍ ഓട്ടം നിര്‍ത്തിയത്. ഇതിന്റെ നിരാശയ്ക്കിടെ ഒന്നാമതെത്തിയ മധ്യപ്രദേശ് അയോഗ്യരാക്കപ്പെട്ടു. ബാറ്റണ്‍ കൈമാറ്റത്തിലെ പിഴവ് മധ്യപ്രദേശിനു തിരിച്ചടിയായി. എസ് പ്രണവ്, ആകാശ്, പി.എസ് അഖില്‍, സി അഭിവനവ് എന്നിവര്‍ 43.64 സെക്കന്‍ഡില്‍ അവസാന വര കടന്നു. കേന്ദ്രീയ വിദ്യാലയ (44.51) വെള്ളിയും തമിഴ്‌നാട് (44.53) വെങ്കലവും നേടി. പെണ്‍കുട്ടികളുടെ വിജയം ആധികാരികമായിരുന്നു. സ്റ്റാര്‍ട്ടിങ് മുതല്‍ ഫിനിഷിങ് വരെ മുന്നിലോടാന്‍ എതിരാളികള്‍ക്കായില്ല. പി.ഡി അഞ്ജലി, സോഫിയ സണ്ണി, ആന്‍സി സോജന്‍, അപര്‍ണ റോയ് എന്നിവരടങ്ങിയ ടീമാണു 48.44 സെക്കന്‍ഡില്‍ സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്. 49.36 സെക്കന്‍ഡില്‍ തമിഴ്‌നാട് വെള്ളിയും മഹാരാഷ്ട്ര (50.14) വെങ്കലവും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here