പ്രമുഖ നടിക്കുണ്ടായ ദുരനുഭവം ഒറ്റപ്പെട്ടതല്ല. കുറേ നാളുകളായി മലയാള സിനിമാലോകം മയക്കുമരുന്നിന്റെ പിടിയിലാണ്. ഇതിനുപുറമെ, ക്രിമിനല്‍ മാഫിയകളും സിനിമാലോകം അടക്കിവാഴുന്നു. പല നിര്‍മാതാക്കള്‍ക്കും നടീനടന്മാര്‍ക്കും ഇത്തരക്കാരുമായി സാമ്പത്തിക ഇടപാടുകളുണ്ട്. ഇത്തരം ഗുണ്ടകളെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നതും സിനിമാക്കാര്‍ തന്നെയാണ്.
മുംബൈയില്‍ സിനിമാ റിയല്‍ എസ്‌റ്റേറ്റ് അധോലോക മാഫിയ വാഴുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ കൊച്ചിയും അതുപോലെയാണ്. ഒരു അധോലോകത്തിന്റെ സ്വഭാവമാണു കൊച്ചിയിലെ സിനിമാലോകത്തിനുള്ളത്. കൊച്ചിയിലെ ന്യൂ ജനറേഷന്‍ സിനിമകള്‍ ശ്രദ്ധിച്ചാല്‍ അതു മനസ്സിലാവും.
മാതൃകയാക്കാന്‍ പറ്റിയ എത്രയോ വ്യക്തികള്‍ ഇവിടെയുണ്ടായിട്ടും അവരെയൊന്നും കഥാപാത്രമാക്കിയല്ല മലയാളത്തില്‍ സിനിമയെടുക്കുന്നത്. ഒരിക്കലും അനുകരിക്കാന്‍ പാടില്ലാത്ത മൂന്നാംകിടക്കാരും ഗുണ്ടകളുമൊക്കെയാണ് ഇന്നു മലയാള സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി വരുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവര്‍ അഭിനയിക്കുന്ന ചില സിനിമകള്‍പോലും ഇത്തരം നിലവാരം കുറഞ്ഞവരുടേതാണ്.
സിനിമയില്‍ ശക്തരാകാന്‍ പലരും ഗുണ്ടകളെ ഉപയോഗിക്കുന്നു. ഇവര്‍ക്കു വസ്തു ഇടപാടുകാരുമായും ബന്ധമുണ്ട്. സിനിമാമേഖലയ്ക്കു നിരവധി മാറ്റങ്ങള്‍ സംഭവിച്ചു. ഈ മേഖലയില്‍വന്ന മാറ്റങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ എനിക്കു കഴിയും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനേക്കാളും അനുഭവസമ്പത്ത് എനിക്കുണ്ട്.
സിനിമയെടുക്കുന്ന കാര്യത്തില്‍ പണ്ടുണ്ടായിരുന്ന നല്ല അന്തരീക്ഷമൊക്കെ പോയി. ഒരുപാടു മോശം പ്രവണതകള്‍ സിനിമയിലേക്കു കടന്നുവന്നു. സാമൂഹികവിരുദ്ധമായ ഒരുപാടു തലങ്ങള്‍ സിനിമയില്‍ കടന്നുകൂടി. ആക്രമിക്കപ്പെട്ട യുവനടിയെ നേരിട്ടു കണ്ടിരുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായും സംസാരിച്ചു. എല്ലാവരും മനസ്സിലാക്കുന്നതിലും കഷ്ടമാണു നടിയുടെ അവസ്ഥ. അത്രയ്ക്കു മോശമായ അനുഭവമാണ് അവര്‍ക്കുണ്ടായത്.
ഈ ദുരനുഭവത്തിനു പിന്നിലെ കാരണം സംഘടനകള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ്. ഇതിനു മുമ്പും സിനിമാ രംഗത്തുള്ളവര്‍ക്കു പുറമെ പുറത്തുനിന്നുള്ള സ്ത്രീകളെയും സിനിമാക്കാരും അവരുടെ ഗുണ്ടകളും മറ്റു പലരും ബ്ലാക്ക് മെയിലിങ്ങിന് ഇരയാക്കിയിട്ടുണ്ട്. സിനിമാ സംഘടനകളിലേക്ക് ഇപ്പോള്‍ ആള്‍ക്കാരെ ചേര്‍ക്കുന്നതു തോന്നിയപോലെയാണ്. ‘അമ്മ’യിലെ അംഗത്വത്തിന് അടുത്തിടെ വന്ന അപേക്ഷയില്‍ ഏഴു ക്രിമിനല്‍ കേസിലെ പ്രതിയുമുണ്ടായിരുന്നു.
സംഘടനകളിലേക്ക് അംഗങ്ങളെ ചേര്‍ക്കുമ്പോള്‍ പൊലിസിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം.നടിയെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ സംഭവം ദേശീയശ്രദ്ധ നേടിയ പശ്ചാത്തലത്തില്‍ ഇതിനെതിരേ സര്‍ക്കാര്‍ ഇടപെടല്‍ ഉറപ്പാക്കും. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ നേരിട്ടു ധരിപ്പിക്കും. ഒരു സ്ത്രീക്കും ഇത്തരം അനുഭവം ഇനിയുണ്ടാകാന്‍ പാടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here