മുസ്‌ലിം രാജ്യങ്ങള്‍ക്കു മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കില്‍ പ്രതിഷേധം തുടരുന്നതിനിടെ ഒരു മുസ്‌ലിം വനിത വൈറ്റ് ഹൗസിലെ ജോലി ഉപേക്ഷിച്ചു. ബംഗ്ലാദേശ് വംശജ റുമാന അഹമ്മദാണ് ട്രംപിന്റെ നിലപാടില്‍ കടുത്ത പ്രതിഷേധം അറിയിച്ച് രാജിവച്ചത്. 2011 മുതല്‍ വൈറ്റ് ഹൗസില്‍ ജോലി ചെയ്തുവരികയായിരുന്നു ഇവര്‍. പിന്നീട് എന്‍.എസ്.ജിയിലേക്കു മാറി.

‘ഞാനൊരു ഹിജാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീയാണ്. വെസ്റ്റ് വിങില്‍ ഞാന്‍ മാത്രമായിരുന്നു ഹിജാബ് ധരിച്ചിരുന്നത്. പക്ഷെ, ഒബാമ ഭരണകൂടം അതിനെ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്തിരുന്നു’- ദ അറ്റ്‌ലാന്റിക്കില്‍ എഴുതിയ കുറിപ്പില്‍ റുമാന പറയുന്നു.

ട്രംപ് ഏഴു മുസ്‌ലിം രാജ്യങ്ങള്‍ക്കെതിരേ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ തീരുമാനിച്ചതാണ് ജോലിയില്‍ തുടരേണ്ടതില്ലെന്ന്. ഇതോടെ ജനങ്ങള്‍ തന്നെ ഒരു പൗരയായി കാണുന്നുവെന്ന തോന്നല്‍ ഇല്ലാതായെന്നും വെല്ലുവിളിയായാണ് കാണുന്നതെന്നും കരുതുന്നതെന്നും റുമാന പറഞ്ഞു.

ട്രംപിന്റെ ഭരണത്തിനു കീഴില്‍ വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസങ്ങള്‍ അജ്ഞാതവും ബുദ്ധിമുട്ടേറിയതും ഭയാനകവുമായിരുന്നുവെന്നും റുമാന പറയുന്നു.

1978 ലാണ് റുമാനയുടെ കുടുംബം യു.എസിലേക്ക് കുടിയേറിയത്. ഒബാമയുടെ ഭരണത്തില്‍ തൃപ്തയായ റുമാന 2011 ല്‍ വൈറ്റ് ഹൗസില്‍ ജോലിക്കു ചേര്‍ന്നു. ജോര്‍ജ്ജ് വാഷിങ്ടണ്‍ യൂനിവേഴ്‌സിറ്റിയിലായിരുന്നു റുമാനയുടെ പഠനം.

LEAVE A REPLY

Please enter your comment!
Please enter your name here