“ ഞാൻ മറുപടി പറയും മുൻപേ ലെനിൻ വീണ്ടും പറഞ്ഞു തുടങ്ങി..“ നിങ്ങളുടെ പാപക്കണക്കുകൾ കൂടുതൽ മോശമാണ് ക്ളാര…തൊഴിലാളിസ്ത്രീകൾക്കൊപ്പമുള്ള വായനയ്ക്കും ചർച്ചകൾക്കുമായി ഒരുക്കുന്ന വൈകുന്നേരങ്ങളിൽ സെക്സും വിവാഹപ്രശ്നങ്ങളും മുൻപന്തിയിൽ വരുന്നതായി ഞാൻ കേട്ടിരിക്കുന്നു. നിങ്ങളുടെ രാഷ്ട്രീയസ്ഥാപനങ്ങളിലും വിദ്യാഭ്യാസപ്രവർത്തനങ്ങളിലും ഈ കാര്യങ്ങൾ പ്രധാന വസ്തുതകളായി വരുന്നു….“

ജർമൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യനേതാക്കളിലൊരാളായ, അന്താരാഷ്ട്ര വനിതാദിനം ആഹ്വാനം ചെയ്ത് നടപ്പിലാക്കാൻ മുൻ കയ്യെടുത്ത CLARA ZETKIN നും ലെനിനും തമ്മിൽ 1920 ൽ നടന്ന കൂടിക്കാഴ്ചയിലാണ് ഈ വാക്കുകൾ.
അതിനു ക്ളാരസെത്കിൻ കൊടുക്കുന്ന മറുപടി ലെനിൻ എന്ന ചരിത്രപുരുഷനെയല്ല, ചരിത്രപരമാ‍ായ പുരുഷത്വം പേറുന്ന ഒരു കമ്മ്യൂണിസ്റ്റിനെ അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്ന ഒന്നാണ്…ആൺകോയ്മയുള്ള മധ്യവർഗസമൂഹ സാമ്പത്തിക ക്രമത്തിൽ ലൈംഗികതയിലും കുടുംബബന്ധങ്ങളിലും സ്ത്രീകൾ ഉയർത്തുന്ന ചോദ്യങ്ങളെ ഒരു ഇടതുപക്ഷരാഷ്ട്രീയമായിത്തന്നെ കാണണം എന്നാണ് അതിന്റെ കാതൽ.

അവർ പറയുന്നു…“മുൻപ് സ്ത്രീകളാൽ മറയ്ക്കപ്പെട്ട പ്രശ്നങ്ങൾ ഇപ്പോൾ നഗ്നമാക്കപ്പെട്ടിരിക്കുന്നു.പഴയ വികാരങ്ങളുടെയും ചിന്തകളുടെയും ലോകം വിണ്ടുതുടങ്ങുന്നു..പഴയ സാമൂഹിക ബന്ധങ്ങൾ അയഞ്ഞുപൊട്ടുന്നു…മനുഷ്യർ തമ്മിലുള്ള പുതിയ വ്യക്തി/സാമൂഹികബന്ധങ്ങൾ പ്രത്യക്ഷപ്പെടുന്നു…താങ്കൾ ചൂണ്ടിക്കാ‍ണിച്ച പ്രശ്നങ്ങളിലുള്ള താൽപ്പര്യമെന്നത് പ്രബുദ്ധതയ്ക്കും പുതിയ പ്രവർത്തനപാതയ്ക്കും ആയുള്ള ആവശ്യത്തിന്റെ ഒരു പ്രകാശനം തന്നെയായിരുന്നു…മധ്യവർഗ സമൂഹത്തിന്റെ വ്യതിചലനങ്ങൾക്കും കാ‍ാപട്യങ്ങൾക്കും എതിരെയുള്ള ഒരു പ്രതികരണം കൂടിയായിരുന്നു അത്.വിമർശനാത്മകമായി ചരിത്രപരം — critically historical- ആയ ഒരു സമീപനം അവിടെ ( സ്ത്രീ ഇടപെടലുകളോട്, ചോദ്യങ്ങളോട്) .കൈക്കൊണ്ടപ്പോൾ അത് യാധാസ്ഥിതിക സമൂഹത്തിന്റെ സത്തയെ, കുത്തകയായിമാറിയ കപട ലൈംഗിക സദാചാരമടക്കമുള്ള അതിന്റെ അനന്തരഫലങ്ങളെ വെളിപ്പെടുത്തുന്ന ഒരു നിരന്തര അപഗ്രഥനമായിത്തന്നെ മാറി……All roads led to Rome…” ആദ്യകാലത്തെ സ്ത്രീപ്രശ്നവൈകാരിക കാലത്തിനും അതിന്റെ പുരോഗമനജീവിത പരിണാമങ്ങൾക്കും ശേഷം ഉണ്ടായ മനുഷ്യവ്യക്തികൾ എന്ന നിലയ്ക്കുള്ള അവസ്ഥയെക്കുറിച്ച് അവർ കൂട്ടിച്ചേർക്കുന്നു.

.തന്റെ നിലപാടുകളെ യുക്തിഭദ്രമായി പറഞ്ഞ് ലെനിന്റെ വിശകലനങ്ങളെ കേട്ട് തികഞ്ഞ സൗഹൃദത്തോടെ അവർ പിരിയുന്നു.ഇവിടത്തെ കൊടുംശൈത്യത്തിന് നിങ്ങളിട്ട കോട്ടു പോരാ എന്ന് അവരെ പുതപ്പിച്ച് ലെനിൻ അന്യരാജ്യക്കാരിയായ ആ സഖാവിനെ യാത്രയാക്കുന്നു. ..

ഏതാണ്ട് നൂറുകൊല്ലങ്ങൾക്കിപ്പുറത്ത് ഈ സംഭാഷണം വായിയ്ക്കുമ്പോൾ സഖാവേ, നമ്മുടെ സ്ചൂളുകളിൽ പെൺകുട്ടികൾക്കായി പ്രേമബാധാ ബോധവൽക്കരണക്ളാസ്സുകൾ തുടങ്ങാൻ പോവുകയാണ്. പിങ്ക്പോലീസ് എന്ന വിഭാഗം പൊതുജനസദാചാര പാലകരായി പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്. ഒരു യുവാവ് ആത്മഹത്യ ചെയ്തു കഴിഞ്ഞു…
.
സത്യത്തിൽ ശരീരത്തെ, ലൈംഗികതയെ നമ്മളും ചർച്ചചെയ്തുതുടങ്ങിയിട്ട് കാലം കുറച്ചായി. അതിൽ വ്യക്തിപരമായ രീതിയിൽ സ്വാതന്ത്ര്യം അനുഭവിക്കുന്ന മനുഷ്യർ ഒരു ഗണമെന്ന രീതിയിൽ കേരളത്തിൽ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്..പക്ഷേ ആ ഘട്ടത്തിൽ നിന്നു കൊണ്ട് ലിംഗ പദവിയെ, കുടുംബമടക്കമുള്ള സാമൂഹികസ്ഥാപനങ്ങളിൽ ഉണ്ടാകേണ്ട ലിംഗസമത്വപരമായ അഴിച്ചുപണികളെ ഒരു രാഷ്ട്രീയപ്രവർത്തനം എന്ന നിലയിൽ തൊടാൻ നാം തയ്യാറല്ല. .
ലിംഗനീതിയെ സംബന്ധിച്ച ഒരു അദ്ധ്യായം എന്നാണ് നമ്മുടെ കുട്ടികളുടെ പുസ്തകത്തിൽ ഉണ്ടാവുക..?
സർക്കാർ അപേക്ഷകളിൽ അമ്മയുടെ പേരു കൂടി വേണം എന്നത് ഒരു പൊലീസുകാരി വിനയയുടെ കുറുമ്പ് വാ‍ശിയായി വാൽസല്യത്തോടെ കണ്ടവരാണ് നാം…

ആൺപെൺകുട്ടികൾ ഒന്നിച്ചിരിക്കുന്ന , ഒന്നാം ക്ളാസ്…

ചുംബനം ഒരു സമരരൂപമായി ഈ നൂറ്റാണ്ടിൽ സംഘടിപ്പിക്കേണ്ടിവന്നത് നമ്മുടെ പരാജയം തന്നെയാണ് സഖാവേ…അത് വർഗ, ലിംഗ നീതീപരമായ മറ്റ് ജീവിതസമര പരിണാമങ്ങളുടെ ഫലമെന്ന നിലയിൽ നാം കൊടുക്കുകയും കൊള്ളുകയും ചെയ്യേണ്ട ഒന്നായിരുന്നുവോ…?!

LEAVE A REPLY

Please enter your comment!
Please enter your name here