ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്തര്‍ദേശീയ ഹിന്ദു സംഗമത്തിന്റെ പ്രചരണാര്‍ത്ഥം നോര്‍ത്ത് കരോലിന ഷാര്‍ലെറ്റ് ഹിന്ദു സെന്ററിലെ ഗാന്ധിഭവനില്‍ വച്ചു ഹൈന്ദവ കുടുംബസംഗമം നടന്നു.

കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രപഞ്ചത്തിലുള്ള സകല ചരാചരങ്ങളുടേയും നിലനില്‍പും, സമാധാനപരമായ സഹവര്‍ത്തിത്വവും ഉറപ്പുവരുത്തുന്ന സനാതനമായ ഒരു ധര്‍മ്മസങ്കല്‍പം ലോകത്തിനു സമര്‍പ്പിച്ച ഭാരതീയ വേദസംഹിതകള്‍ എല്ലാ മതസങ്കല്‍പ്പങ്ങളും മാതൃകയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങളേയും ആരാധിച്ചിരുന്ന ആവാസവ്യവസ്ഥ ലോകം മുഴുവന്‍ നിലനിന്നിരുന്നപ്പോള്‍ ഭാരതീയ മനീഷിമാര്‍ നടത്തിയ സത്യാന്വേഷണത്തില്‍ പ്രകൃതിയും മനുഷ്യനും ഒരേ ചൈതന്യത്തിന്റെ ഊര്‍ജ്ജപ്രവാഹം തന്നെയാണെന്നും വ്യത്യസ്തത കേവലമായ ബാഹ്യ സ്വഭാവമാണെന്നും ഉറപ്പിച്ചിരുന്നു. ആ ഏകതാ ഭാവത്തില്‍ നിന്നാണ് ലോക നന്മയ്ക്കായുള്ള ആദ്യത്തെ വിശ്വപ്രാര്‍ത്ഥനയും എല്ലാ വിശ്വാസങ്ങളേയും സമന്വയിപ്പിക്കുന്ന അദൈ്വതദര്‍ശനം ഉണ്ടായത്. ആധുനിക കാലം ആവശ്യപ്പെടുന്നതുപോലെ വ്യത്യസ്തകളില്ലാത്ത ഏകാത്മദര്‍ശനം ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോ ഭാരതീയനും പരിശ്രമിക്കണമെന്നും അദ്ദേഹം ഏവരേയും ഓര്‍മ്മിപ്പിച്ചു.

കണ്‍വന്‍ഷന്‍ കണ്‍വീനര്‍ അംബികാ ശ്യാമളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കുടുംബ സംഗമത്തിന് അനീഷ് രാഘവന്‍, അജയ് നായര്‍, രമേഷ് വാര്യം, ലിനേഷ് പിള്ള, രാജേഷ് പില്ലച്ചേരി, ശിവദാസ്, സജ്ഞയ് മഠം എന്നിവര്‍ നേതൃത്വം നല്‍കി. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here