പത്രപ്രവര്‍ത്തകരും കൃത്യമായ രാഷ്ട്രീയമുള്ള മനുഷ്യരാണ്. എന്നാല്‍ അതില്‍ അന്തസ്സുള്ളവര്‍ തങ്ങളുടെ രാഷ്ട്രീയം തൊഴിലുമായി ബന്ധപ്പെടുത്തുകയോ ഇടകലര്‍ത്തുകയോ ഇല്ല. രാഷ്ട്രീയക്കാരല്ലാതെ പത്രപ്രവര്‍ത്തകരായി തന്നെ തൊഴിലെടുക്കും.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തോമസ് ഐസക്കിന്‍േറയും രമേശ് ചെന്നിത്തലയുടേയും പിന്നെ മറ്റു പലരുടേയും കൂടെ പത്രപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നുണ്ട്. അപ്പോള്‍ അവര്‍ വെറും പത്രവ്രര്‍ത്തകരാവണോ രാഷ്ട്രീയമുള്ള പത്രപ്രവര്‍ത്തകരാവണോ എന്നത് തര്‍ക്ക വിഷയമാണ്.
ഇന്നുതന്നെ പത്രപ്രവര്‍ത്തകര്‍ക്കുള്ള ഹൈലൈറ്റ്സ് ധനമന്ത്രിയുടെ പത്രക്കാരനായ പ്രൈവറ്റ് സെക്രട്ടറി മനോജ് കെ പുതിയവിള കുറച്ചു നേരത്തെ പത്രക്കാര്‍ക്കു നല്‍കി. അദ്ദേഹം അപ്പോള്‍ കൂറു കാണിച്ചത് പത്രസമൂഹത്തോടാണ്. താന്‍ ജോലി ചെയ്യുന്ന മന്ത്രിയോടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തോടും ഇദ്ദേഹം കൂറു കാണിച്ചില്ല. അയാള്‍ വെറും പത്രക്കാരനായി വാര്‍ത്ത നേരത്തെ നല്‍കി.
എന്നാല്‍ ഇതു ലഭിച്ച പത്രക്കാരില്‍ രമേശ് ചെന്നിത്തലയുടേയും കോണ്‍ഗ്രസ്സുകാരുടേയും കൂടെ ജോലി ചെയ്യുന്നവര്‍ ഇതു കയ്യില്‍ ലഭിച്ചപ്പോള്‍ പത്രക്കാര്‍ എന്നതിലുപരി ഒന്നാം നമ്പര്‍ രാഷ്ട്രീയം കളിച്ചു. പ്രിന്‍െറടുത്ത് രമേശ് ചെന്നിത്തലക്ക് എത്തിച്ചു കൊടുത്തു. ഇവര്‍ പത്രക്കാരായിരുന്നില്ല. രാഷ്ട്രീയക്കാരായിരുന്നു. എന്നാല്‍ പത്രക്കാര്‍ എന്ന ലേബലില്‍ നടക്കുന്നതിനാല്‍ ഇവര്‍ക്കും കിട്ടിയിരുന്നു ആ കോപ്പി.
ഇവിടെ ആരു തെറ്റ് , ആരു ശരി എന്നു പറയാന്‍ പ്രയാസമായിരിക്കും. അതൊക്കെ കാഴ്ചപ്പാടിന്‍െറ പ്രശ്മാണ്. പക്ഷേ പത്രസമൂഹത്തോടു നീതി പുലര്‍ത്തുന്നവരെ പത്രക്കാര്‍ എന്നും രാഷ്ട്രീയക്കാരോട് നീതി പുലര്‍ത്തുന്നവരെ രാഷ്ട്രീയക്കാര്‍ എന്നും നമുക്ക് വിളിക്കാം. കൂടെ നില്‍ക്കുന്നവരെ തിരിച്ചറിയാന്‍ മന്ത്രിമാര്‍ക്ക് ഇതൊരു നല്ല അവസരവും പാഠവുമാണ്.
എത്രയോ നാളത്തെ ധനമന്ത്രിയുടെ അദ്ധ്വാനവും അദ്ദേഹത്തിന്‍െറ വിശ്വാസ്യതയുമാണ് വെറും പത്രക്കാരനായി മാറി മന്ത്രിയോട് കൂറു കാണിക്കാത്ത പത്രപ്രവര്‍ത്തകന്‍ ചെയ്തത്.
എന്നാല്‍ തങ്ങളെ വിശ്വസിച്ചു നല്‍കിയ പത്രക്കുറിപ്പു ചോര്‍ത്തി പ്രിന്‍റ് എടുത്തു പ്രതിപക്ഷ നേതാവിനു നല്‍കി വിവാദമുണ്ടാക്കിയവന്‍ ഇത്രയും തന്നെ അല്ലെങ്കില്‍ അതിലും കൂടുതല്‍ വൃത്തികേടു കാണിച്ചുവെന്നു തന്നെ വിലയിരുത്തേണ്ടി വരും.
ഇന്ന് പത്രക്കാരില്‍ പലരും ഉപയോഗിച്ചു കണ്ട ഒരു വാക്കാണ് ‘embargo’ എന്നത്. ഏറ്റവും ആദ്യം അതെഴുതി പത്രക്കാരെ അതോര്‍മ്മിപ്പിച്ചത് മാധ്യമപ്രവര്‍ത്തകനും ഇപ്പോള്‍ അധ്യാപകനുമായ എസ് ആര്‍ സഞ്ജീവ് ഭരതനാണ്. ‘‘Journalists should know the meaning of the word ’embargo’ ’’ എന്നാണ് അദ്ദേഹം എഴുതിയത്.
പത്രപ്രവര്‍ത്തനത്തില്‍ മിനിമം പാലിക്കേണ്ട ഒരു മര്യാദയാണ് ന്യൂസ് എംബാര്‍ഗോ.
ഒരു വാര്‍ത്താ സോഴ്സ് ഒരു വാര്‍ത്ത പത്രക്കാരനു ചോര്‍ത്തി നല്‍കുകയാണെങ്കില്‍ ചിലപ്പോള്‍ അയാള്‍ പറയും ഇന്ന സമയം വരെ അല്ളെങ്കില്‍ ഞാന്‍ പറയുന്നതു വരെ ഇതു പുറത്തു വിടരുത് എന്ന്. സാധാരണ നിലയില്‍ അന്തസുള്ള പത്രക്കാര്‍ അതു പാലിക്കും.
പത്രക്കാര്‍ക്കു ബജറ്റ് ഹൈലൈറ്റ് നല്‍കിയ പത്രക്കാരന്‍ കരുതുന്നത് ഇതു ലഭിക്കുന്നവര്‍ മൂഴുവന്‍ ന്യൂസ് എംബാര്‍ഗോ ഉള്ളവരായിരിക്കും എന്നാവാം. എല്ലാ വാര്‍ത്തകളും പരസ്പരം കൈമാറുന്നത് ഒരു പരസ്പര വിശ്വാസത്തിന്‍െറ പുറത്തു തന്നെയാണ്. പൊതുവേ പത്രപ്രവര്‍ത്തകര്‍ വാര്‍ത്ത നല്‍കിയ സോഴ്സ് പുറത്തു വിടുകയോ ന്യുസ് എംബാര്‍ഗോ കാണിക്കാതിരിക്കുകയോ ഇല്ല.
ഇന്ന് സംഭവിച്ചത് ബജറ്റ് ചോര്‍ച്ച എന്നതിനപ്പുറം ചില പത്രപ്രവര്‍ത്തകര്‍ എംബാര്‍ഗോ കാണിക്കാത്തതു കൂടിയാണ്. അവര്‍ പത്രക്കാരന്‍െറ വേഷം ധരിച്ച രാഷ്ട്രീയക്കാരായിരുന്നുവെന്നതു കൊണ്ട് അവരതു പാലിക്കണമായിരുന്നുവെന്നു പറയാന്‍ പത്രസമൂഹത്തിനും ന്യായമില്ല.
ചുരുക്കി പറഞ്ഞാല്‍ ഇത് ബജറ്റ് ചോര്‍ച്ചയല്ല. മാധ്യമപ്രവര്‍ത്തകര്‍ പരസ്പരം ചതിക്കുകയും രാഷ്ട്രീയം കളിക്കുകയും ചെയ്തതിന്‍െറ നേര്‍കാഴ്ചയാണ്.
രാഷ്ട്രീയക്കാര്‍ക്കും പത്രക്കാര്‍ക്കും ഒരു കണക്കെടുപ്പിനുള്ള സമയമാണിത്. നിങ്ങള്‍ക്കു നിശ്ചയിക്കാം നിങ്ങളുടെ കൂടെ നില്‍ക്കുന്നവരില്‍ ആരു പത്രക്കാരന്‍ ആരു രാഷ്ട്രീയക്കാരന്‍ എന്ന്.
ഇരുവഞ്ചിയില്‍ കാലിട്ടുള്ള യാത്ര പത്രപ്രവര്‍ത്തനം പോലൊരു തൊഴിലിനു യോജിച്ചതല്ല. പത്രപ്രവര്‍ത്തകര്‍ ഇരു കാലും ഒരു തോണിയിലിട്ടു മുന്നോട്ടുള്ള യാത്ര തുടരുക.
ചിലര്‍ പത്രപ്രവര്‍ത്തകരും മറ്റു ചിലര്‍ രാഷ്ട്രീയക്കാരുമാവുക. രാഷ്ട്രീയം കളിക്കുന്നവരും രഹസ്യം സൂക്ഷിക്കാന്‍ കഴിയാത്തവരും രാഷ്ട്രീയക്കാരാവട്ടെ. ന്യൂസ് എംബാര്‍ഗോ കാണിക്കാന്‍ കഴിയുന്നവരും രഹസ്യം സൂക്ഷിക്കാന്‍ കഴിയുന്നവരും പത്രക്കാരാവട്ടെ. അപ്പോള്‍ ഈ കണ്‍ഫ്യൂഷനും വഞ്ചനയും ഒഴിവാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here