ഓപ്ര വിന്‍ഫ്രേ (oprah winfrey) അമേരിക്കന്‍ അവതാരകയും നടിയും സാമൂഹികപ്രവര്‍ത്തകയുമാണ്. ലോകത്തിലെ ഏറ്റവും ശക്തയായ വനിതയായി പലപ്പോഴും  തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.
1993 ല്‍ പ്രസിഡന്‍റായിരുന്ന ബില്‍ ക്ളിന്‍റണ്‍ ഓപ്ര ബില്‍ തന്നെ പാസാക്കിയിട്ടുണ്ട്. ചൈല്‍ഡ് അബ്യൂസ് തടയാനും കുട്ടികളെ പീഡിപ്പിക്കുന്നവരെ നേരിടാനും വേണ്ടിയായിരുന്നു അത്. അതിനു പിന്നില്‍ ഒരു സങ്കടകരമായ അനുഭവകഥയുമുണ്ട്.
1986 ലെ ഒരു ലൈവ് ഷോയില്‍ വിന്‍ഫ്രേ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ഒരു അനുഭവം ഷെയര്‍ ചെയ്തു. തന്‍െറ ഒമ്പതാമത്തെ വയസില്‍ ഒരു 19 കാരനാല്‍ താന്‍ റേപ്പു ചെയ്യപ്പെട്ടെന്നും തന്‍െറ 14 വയസു വരെ ചൈല്‍ഡ് അബയൂസ് തുടര്‍ന്നെന്നും. തന്‍െറ ബന്ധുക്കളടക്കമുള്ള പലരും തന്നെ 14 വയസുവരെ പീഡിപ്പിച്ചുവെന്നതായിരുന്നു ആ തുറന്നു പറച്ചില്‍. തുടര്‍ന്നു 14 വയസില്‍ ഗര്‍ഭിണിയായി. കുഞ്ഞു മരിച്ചു പോവുകയും ചെയ്തു.

താന്‍ സെക്ഷ്വലായും ശാരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ട കാര്യവും താന്‍ അക്കാലത്തും തുടര്‍ന്നും അനുഭവിച്ച വേദനകളും മാനസികവ്യഥയും സങ്കടവും നിസഹായതയും ഓപ്ര പങ്കുവച്ചത് ഞെട്ടലോടെയാണ് പ്രേക്ഷകര്‍ കേട്ടത്.
ഓപ്ര മുതിര്‍ന്നപ്പോള്‍ സെക്ഷ്വല്‍ അബ്യൂസിനെതിരെ ശക്തമായ നിലപാടെടുക്കുകയും സാമൂഹിക പ്രവര്‍ത്തകയാവുകയും ചെയ്തു.
അതിന്‍െറ പ്രധാനകാരണം താന്‍ അനുഭവിച്ച വേദനകളും യാതനകളും മാനസികവ്യഥയും കുട്ടികളെ പീഡിപ്പിക്കുന്നതിന്‍െറ ഭീകരതയും അവര്‍ക്ക് നേരിട്ടറിയാവുന്നതു കൊണ്ടാണ്.

അല്ലാതെ അവര്‍ ഒരിക്കലും കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവരുടെ ബ്രാന്‍ഡ് അമ്പാസഡര്‍ ആയില്ല. മറിച്ച് അതൊരു സാമൂഹിക തിന്മയായി കണക്കാക്കി അവര്‍ അതിനെതിരെ പോരാടുകയും വിവിധ പദ്ധതികളിലൂടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുകയുമാണ് ചെയ്തത്.

എന്നാല്‍ നമ്മുടെ നാട് എങ്ങോട്ടാണ് പുരോഗമിക്കുന്നത് എന്നു നോക്കു. നമ്മള്‍ വലിയ വില നല്‍കി സമൂഹത്തില്‍ നിന്നും തുടച്ചു നീക്കിയ ബാല്യവിവാഹമൊക്കെ ഇനിയും ആവാം… അതൊക്കെ രസമാണ്, പകരം ഒരു മഞ്ചു നല്‍കിയാല്‍ മതി എന്ന നാണംകെട്ട ‘‘പുരോഗമനവാദം’’ തിരിച്ചു വരുന്നു.

പാട്രിയാര്‍ക്കി എന്ന് നാഴികക്കു നാല്‍പ്പതു വട്ടം പുലമ്പുന്നവരൊക്കെ തന്നെയാണ് ഇതിന്‍െറയൊക്കെ വക്താക്കള്‍ എന്നതാണ് ഇതിലെ ഇരട്ടത്താപ്പ്.
മനുഷ്യര്‍ വന്നുവന്ന് മൃഗങ്ങളായി മാറുകയാണോ?
സ്ഥിരബുദ്ധിയുള്ള മനുഷ്യരേ കുഞ്ഞുങ്ങളെ ഒരു തരത്തിലും വേദനിപ്പിക്കരുത്. അവരുടെ മനസിലോ ശരീരത്തിലോ പോറല്‍ പോലും ഏല്‍പ്പിക്കരുത്.

നമുക്ക് പുരോഗമനവാദികളാവേണ്ട. മനുഷ്യരായാല്‍ മതി.

എപ്പോഴും അമേരിക്കയിലേക്കു നോക്കു. അവിടെ കുത്തഴിഞ്ഞ കാര്യങ്ങളാണ് നടക്കുന്നത് എന്നു പറയുന്നവര്‍ ഇക്കാര്യങ്ങളൊക്കെ മാതൃകയാക്കിയാല്‍ എത്ര നന്നായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here