എച്ച് 1 ബി വിസ അനുവദിക്കുന്നത് അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഏപ്രില്‍ മൂന്നു മുതല്‍ ആറു മാസത്തേക്കാണ് വിസ നല്‍കുന്നത് നിര്‍ത്തി വച്ചത്. ഫാസ്റ്റ് ട്രാക്ക് രീതിയിലെത്തുന്ന അപേക്ഷകളാണ് പരിഗണിക്കാതിരിക്കുക.

ഇന്ത്യയില്‍ നിന്നുള്ള ഇന്ത്യയിലെ ഐ.ടി കമ്പനികള്‍ക്കും പ്രൊഫഷനലുകള്‍ക്കും ഇത് കനത്ത തിരിച്ചടിയാണ്. നിരവധി ഇന്ത്യന്‍ തൊഴിലാളികള്‍ അമേരിക്കയിലെ ഐ.ടി കമ്പനികളില്‍ ജോലി ചെയ്യുന്നുണ്ട്.

യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വീസസിന്റേതാണ് ഉത്തരവ്. അമേരിക്കയില്‍ എച്ച് 1 ബി വിസ പതിച്ചു നല്‍കുന്നതില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍ക്കാണ്. 85,000 എച്ച് 1 ബി വിസകളാണ് യു.എസ് ഇതിനകം വിതരണം ചെയ്തത്.

എച്ച്1ബി, എല്‍1 വിസാ നിയന്ത്രണങ്ങള്‍ക്കു പുറമേ തൊഴില്‍ വിസയില്‍ എത്തുന്നയാളുടെ പങ്കാളിക്ക് എംപ്ലോയ്‌മെന്റ് ഓതറൈസേഷന്‍ കാര്‍ഡ് നല്‍കുന്നതു നിര്‍ത്തലാക്കുന്ന വ്യവസ്ഥകളും നിയമത്തിലുണ്ടാകും. ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയത്തിന്റെ ഭാഗമാണ് എച്ച്1 ബി വിസാ നിയന്ത്രണവും.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപ് വിസക്കെതിരേ പ്രതികരിച്ചിരുന്നു. ഇന്ത്യയും ചൈനയും അമേരിക്കക്കാരുടെ ജോലികള്‍ തട്ടിയെടുക്കുന്നുവെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയിരുന്നത്.

നേരത്തെ ഇന്ത്യന്‍ ഐടി കമ്പനികളുടെ വിസ പരിമിതിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എച്ച്.വണ്‍ ബി വിസക്കാരുടെ ശമ്പളം വലിയ തോതില്‍ വര്‍ധിപ്പിച്ച് യു.എസ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. എച്ച്.വണ്‍.ബി വിസക്കാരുടെ കുറഞ്ഞ ശമ്പളം 130,000 ഡോളറായി പുനസ്ഥാപിക്കാനാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്. 60,000 ഡോളറായിരുന്നു ഈ വിസയില്‍ ഇതുവരെയുള്ള മിനിമം ശമ്പളം.

LEAVE A REPLY

Please enter your comment!
Please enter your name here