രാവിലെ മൂടൽ മഞ്ഞുള്ളതിനാൽ വളരെ മെല്ലെയാണ് വണ്ടിയോടിച്ചത്. വഴിയിൽ പലയിടത്തും മൂടൽ മഞ്ഞു കാരണം അപകടങ്ങൾ നടന്നിരിക്കുന്നത് കണ്ടു. ഓഫീസിലെത്തിയപ്പോൾ ഏഴുമണി കഴിഞ്ഞിരുന്നു. കാറിൽ നിന്നും ബാഗുമെടുത്ത് വെളിയിലിറങ്ങുമ്പോൾ പതിവില്ലാതെ ഓഫീസിലെ ഗാർഡ് കാത്തുനിൽക്കുന്നത് കണ്ടു. എന്തോ വളരെ കാര്യമായി എന്നോട് പറയാനുള്ളത് പോലെ അവന്റെ മുഖഭാവത്തിൽ നിന്ന് മനസിലായി. 

“സാബ്‌ജി… ഹമാരാ അപ്പു കോ കൽ രാത് കോ ഗോലി മാരാ  ഹേ.. വോ മർ ഗയാ.. ഓർ, ഉസ് കേ സാധ് സൗമിനി കോ ഓർ രാമു കോ ഭീ ഗോലി മാരാ  ഹേ.. തീനോം മർ ഗയാ..” ( സർ, ഇന്നലെ അപ്പുവിനെ വെടിവച്ചു, അവൻ മരിച്ചു. കൂടെ സൗമിനിയെയും രാമുവിനെയും വെടിവച്ചു കൊന്നു ). “കിസ് നേ മാരാ  ” ഞാൻ അവനോട് ചോദിച്ചു. “ഇന്നലെ സാർ വീട്ടിൽ പോയശേഷം മുനിസിപ്പാലിറ്റിക്കാർ വന്നു. അവർ മൂന്നിനേയും വെടിവച്ചു കൊന്നു ” അവൻ പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി. ഉള്ളിലെവിടെയോ വല്ലാത്തൊരു വിങ്ങൽ.. ഞാൻ പതിയെ ഓഫീസിനടുത്തേക്ക്  നടന്നു. 

അപ്പു ആരെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടാവാം. അപ്പു എന്റെ എല്ലാമായിരുന്നു. അടുത്ത സുഹൃത്ത്. ഞാനെടുത്തു വളർത്തിയ എന്റെ നായ. അപ്രതീക്ഷിതമായിട്ടാണ് ഞാൻ അപ്പുവിനെ ആദ്യമായി കാണുന്നത്. ഒരു ദിവസം രാവിലെ ഓഫീസിന്റെ പാർക്കിങ്ങിൽ വണ്ടി നിർത്തിയിട്ട് ഇറങ്ങാൻ നേരം ഒരു ചെറിയ നിലവിളി ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. ഒരു ചെറിയ നായക്കുട്ടി. എവിടുന്ന് വന്നതെന്നറിയില്ല. കാറിന്റെ ഒരു വീല് അതിന്റെ വാലിന്മേലാണ് കയറി നിൽക്കുന്നത്.. അതിന്റെ കരച്ചിലാണ്. 

ഞാൻ പെട്ടെന്ന് വണ്ടി പുറകോട്ടെടുത്ത്, അതിന്റെ വാലിൽ നിന്ന് മാറ്റി. ഓമനത്തം തോന്നുന്ന ഒരു നായക്കുട്ടി. വെള്ളനിറം. ഞാനതിനെയെടുത്ത് ഓഫീസിനടുത്ത് കൊണ്ടുവന്നിട്ട്, അതിന് കുറച്ച് പാലോ മറ്റോ കൊടുക്കാൻ ടീ ബോയോട് പറഞ്ഞു. 

അവിടം മുതലായിരുന്നു തുടക്കം.പാൻട്രിയിൽ ബാക്കി വരുന്ന ആഹാരമൊക്കെ കഴിച്ച് അവനവിടെ അങ്ങ് കൂടി. പാർക്കിങ്ങിന്റെ അടുത്ത് പഴയ ഗാരേജിന്റെ അരികിലായി പഴയ പാലെറ്റ് ഒക്കെ വച്ച് ടീ ബോയ് അവനൊരു ചെറിയ കൂടും ഉണ്ടാക്കി കൊടുത്തു. ഞങ്ങൾ അവനൊരു പേരുമിട്ടു -അപ്പു.അപ്പു പെട്ടെന്ന് വളർന്ന് നല്ലൊരു സുന്ദരക്കുട്ടപ്പനായി. രാവിലെ ഞാൻ വരുമ്പോൾ അവനുണ്ടാവും, പാർക്കിങ്ങിൽ. തലകുനിച്ച്, വാലാട്ടി വന്ന് കാലിലുരുമ്മി നിൽക്കും. ചിലപ്പോൾ എന്നെ അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ സമ്മതിക്കാതെ മുന്നിൽ കിടന്ന് എനിക്ക് ചുറ്റും ചാടിക്കളിക്കും. പിന്നെ വഴക്ക് പറഞ്ഞാലേ അത് നിർത്തുകയുള്ളു. ശേഷം എന്റെ കൂടെ ഓഫീസിന്റെ മുന്നിൽ വരെ വരും. ഞാനകത്ത് കേറിയിട്ടേ തിരിയെ പോകുകയുള്ളു. വൈകിട്ടും അത് തന്നെ അവസ്ഥ.ഞാനിറങ്ങുന്നതും കാത്ത്  നാലരയാകുമ്പോൾ ഓഫീസിന് മുൻപിൽ വന്നു നിൽക്കും. ഓഫീസിൽ നിന്നിറങ്ങിക്കഴിഞ്ഞാൽ എന്റെ കൂടെ കാറിന്റെ അരികിൽ വരെ വരും. കാർ മുന്നോട്ടെടുത്തു കഴിഞ്ഞാൽ കാറിന്റെ പുറകേ കുറേ ദൂരം ഓടും. ചുരുക്കത്തിൽ അവനെനിക്ക് പ്രിയപ്പെട്ട സുഹൃത്തായി മാറി. ചൊരിയാത്ത സ്നേഹം മുലപ്പാല് പോലെയാണ്. അത് പകർന്നു കൊടുത്തില്ലെങ്കിൽ നെഞ്ചകം  വിങ്ങി നിറഞ്ഞ് വേദനിക്കും. അങ്ങനെ എന്റെ സ്നേഹമെല്ലാം ഏറ്റുവാങ്ങി അവനവിടെ സസുഖം വാഴുന്ന നേരത്താണ്, അന്നൊരു ദിവസം അവന്റെ കൂടെ ഒരു കൂട്ടുകാരിയെ കണ്ടത്. വെള്ളനിറത്തിലുള്ള ഒരു പെൺപട്ടി. ഞങ്ങളന്നവനെ ഒരുപാട് കളിയാക്കി. വാലാട്ടി, ചെവി മടക്കി, തലകുനിച്ചിരുന്ന് അവനതെല്ലാം കേട്ടു.അവന്റെ കൂട്ടുകാരിയും അവനൊപ്പം താമസം തുടങ്ങി. ഞങ്ങൾ അവൾക്ക് സൗമിനി എന്ന് പേരിട്ടു. താമസിയാതെ അവർക്കൊരു കുട്ടിയുണ്ടായി. ഞങ്ങളവന് രാമു എന്ന് പേരിട്ടു. 

അങ്ങനെയിരിക്കെയാണ് ഞാൻ അവധിക്ക് നാട്ടിൽ പോകുന്നത്. എന്റെ വണ്ടി ഞാൻ ഓഫീസിലെ പാർക്കിങ്ങിൽ തന്നെ ഇട്ടിട്ടാണ് പോയത്. അന്ന് മുതൽ രാവും പകലും ഞാൻ തിരിച്ചു വരുന്നത് വരെ അവനും കുടുംബവും ആ കാറിന്റെ കീഴിൽ തന്നെയായിരുന്നു താമസം. ഒറ്റയൊരു മനുഷ്യൻ ആ കാറിൽ തൊടാൻ പോലും അവൻ സമ്മതിച്ചില്ലെന്ന് ടീ ബോയ്, ഞാൻ തിരിച്ചു വന്നപ്പോൾ പറഞ്ഞു. തിരിച്ച് വന്നപ്പോൾ ഞാൻ കാർ എടുക്കാൻ തുടങ്ങിയപ്പോൾ എന്നെയും സമ്മതിക്കുന്നില്ല.വണ്ടിയുടെ അടിയിലെ സ്പ്രിങ്‌ലേക്ക് നോക്കിക്കൊണ്ട് കുരയോട് കുര . എന്താണെന്ന് ആദ്യം എനിക്കും മനസിലായില്ല. അപ്പോൾ എന്റെ പാന്റ്സിൽ കടിച്ചു വലിച്ച് വണ്ടിയുടെ അടിയിലേക്ക് നയിച്ചു. സംശയം തോന്നി നോക്കിയപ്പോൾ കണ്ടു, വണ്ടിയുടെ അടിയിൽ സ്പ്രിങ്ങിനോടൊപ്പം ചുറ്റിപ്പിണഞ്ഞ് ഒരു അണലി. അതിനെ തല്ലിക്കൊന്ന് കഴിഞ്ഞിട്ടേ വണ്ടിയെടുക്കാൻ അവൻ സമ്മതിച്ചുള്ളൂ. 

ഇന്നലെ വൈകിട്ടും വീട്ടിലേക്ക് പോകാൻ നേരം അവര് മൂന്നും കൂടി എന്നെ യാത്രയാക്കാൻ വന്നതാണ്. ഇന്നിപ്പോൾ കേൾക്കുന്നത് ഈ ദുഃഖവാർത്തയാണ്. ഇടക്ക് അവൻ സൗമിനിയെയും രാമുവിനെയും കൂട്ടി ഓഫീസിന് മുന്നിലുള്ള റോഡിൽ പോകുമായിരുന്നു. അങ്ങനെയാണ്, അലഞ്ഞു തിരിയുന്ന തെരുവ് നായ്ക്കളാണെന്ന് വിചാരിച്ച് മുനിസിപ്പാലിറ്റി അധികൃതർ മൂന്നുപേരെയും ഇന്നലെ രാത്രി വെടിവച്ച് കൊന്നതെന്ന് ടീ ബോയ് പറഞ്ഞു. 

മനസ്സ് വല്ലാതെ കലങ്ങി. ഉള്ളിനുള്ളിൽ വല്ലാത്തൊരു നീറ്റൽ. സ്നേഹമുൾപ്പടെ എല്ലാത്തിലും മായം കലർത്തുന്ന ഇക്കാലത്ത്, ഒരു മിണ്ടാപ്രാണിയുടെ സ്നേഹവും കരുതലും ചെറുതാണെന്ന് എനിക്ക് തോന്നിയില്ല. ഒന്നും ചെയ്യാൻ തോന്നുന്നില്ല. ഞാൻ കാറിനടുത്തേക്ക് തന്നെ തിരിഞ്ഞു നടന്നു. അന്നെന്റെ വഴിമുടക്കി കളിക്കുവാൻ അവര് മുന്നും ഉണ്ടായിരുന്നില്ല, അപ്പുവും, സൗമിനിയും, രാമുവും…

————————————————————————© ബിനു കല്ലറക്കൽ

LEAVE A REPLY

Please enter your comment!
Please enter your name here