ബാങ്കുകളുമായുള്ള ഇടപാടിന്റെ കാര്യത്തില്‍  ഇന്ത്യന്‍ അവസ്ഥ വളരെ പിന്നോക്കമാണെന്നു നമുക്കെല്ലാം അറിയാം. ഇന്ത്യന്‍ ജനതയുടെ മഹാഭൂരിപക്ഷവും പണം കടം വാങ്ങുന്നത് കുടുംബത്തിന്റെയും കൂട്ടുകാരുടേയും പക്കല്‍ നിന്നാണെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട് തന്നെ വെളിപ്പെടുത്തുന്നുണ്ട്. 32.3 ശതമാനം! വട്ടിപ്പലിശക്കാരും സര്‍ക്കാര്‍ കണക്കില്‍പ്പെടാത്ത ഗ്രാമീണ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുമൊക്കെയാകാമിത്. ഈ റിപ്പോര്‍ട്ട് അനുസരിച്ച് 2014ല്‍ സാമ്പത്തിക ഇടപാട് നടത്തുന്നവരില്‍ 6.4 ശതമാനം മാത്രമാണ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കുന്നവര്‍. 12.6 ശതമാനം ആളുകളും വായപക്ക് ആശ്രയിക്കുന്നത് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയാണ്. 6.6 ശതമാനം പേര്‍ കടകളില്‍ പറ്റുപടിക്കാരാണ്. 5.4 ശതമാനം തൊഴിലുടമയോട് കടം വാങ്ങുന്നവരാണ്.

 കറന്‍സിയും കണക്കില്‍ കൊള്ളിക്കാത്ത ഇടപാടുകളുമാണ്  ഇന്ത്യന്‍ സമ്പദ് സംവിധാനത്തിന്റെ ചാലകശക്തി. കണക്കില്‍ കൊള്ളിക്കാത്തത് എന്നാല്‍ കള്ളപ്പണമെന്നല്ല, കണക്ക് എഴുതി വെക്കാത്തത് എന്നാണ്. റോളിംഗ് എന്നും കൈവായപ എന്നുമൊക്കെ നാട്ടിന്‍പുറത്ത് പറയുന്ന കാര്യം. അതായത്, അനൗപചാരിക സാമ്പത്തിക ഇടപാടുകളുടെ വ്യാപനം ഇന്ത്യന്‍ സമ്പദ് വ്യസ്ഥയില്‍ കൂടുതലാണ്. ഇതെങ്ങനെ ഇപേയ്‌മെന്റ് ആയി നടത്തും. പ്രധാനമന്ത്രി മോഡി പറയുന്നതുപോലെ കറന്‍സിയില്ലാതെ വന്നാല്‍ നമ്മുടെ പറമ്പിലുള്ള നാലഞ്ച് തെങ്ങിന്റെ ചുവട് തുറക്കാനും തേങ്ങയിടാനുമൊക്കെ വരുന്നവര്‍ക്ക് കൂലി കൊടുക്കാന്‍ തെണ്ടിപ്പോകും. ഇന്ത്യന്‍ തൊഴില്‍ സമുഹത്തില്‍ 20 ശതമാനത്തിന് മാത്രമാണ് ബാങ്ക് അക്കൗണ്ട് വഴി വേതനം നല്‍കുന്നത്. നിത്യോപയോഗവുമായി ബന്ധപ്പെട്ട ബില്ലുകളും മറ്റും മൊബൈല്‍ പേമെന്റ് ആയി നല്‍കുന്നവര്‍ 0.2 ശതമാനം വരില്ലത്രെ. ബാങ്ക് അക്കൗണ്ടുള്ളവരില്‍ പേയ്‌മെന്റുകള്‍ നടത്താന്‍ ചെക്ക് ഉപയോഗിക്കുന്നവര്‍ 7 ശതമാനത്തില്‍ താഴെയാണ്. ബിസിനസ് ആവശ്യങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് പ്രയോജനപ്പെടുത്തുന്നവര്‍ ഇന്ത്യന്‍ ജനസംഖ്യയുടെ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ ഉള്ളൂ. ഈ കണക്കെല്ലാം ലോക ബാങ്കിന്റെതാണ്.

 മോദി പറയുന്നത് പോലെ ഒരു ചെറുപ്പക്കാരന്‍/കാരി 10 കുടുംബങ്ങളെ ഇഇടപാട് നടത്താന്‍ പഠിപ്പിക്കാമെന്ന് വെച്ചാല്‍ ഉടനെയെങ്ങും യാഥാര്‍ഥ്യമാകുന്ന സ്വപ്‌നമല്ല കറന്‍സി രഹിത സമ്പദ് സംവിധാനം. അതിന് ബാങ്ക് ശാഖകളും എ.ടി.എമ്മുകളും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടുന്ന വിപുലമായ ശൃംഖല ഉണ്ടാകണം.ഇന്ത്യയിലെ ബാങ്ക് ശാഖകളുടെ എണ്ണം പരിശോധിച്ചാല്‍ ഈ സ്വപ്‌നത്തിന്റെ  നിറം മുഴുവന്‍ പൊലിയും.നഗരങ്ങളല്ല, ഇന്ത്യന്‍ യാഥാര്‍ഥ്യം ഇന്നും ഗ്രാമങ്ങള്‍ തന്നെയാണെന്ന് റിസര്‍വ് ബാങ്കിന് പോലും വ്യക്തമാണ്.

 കറന്‍സി ഒഴിവാക്കി ഇന്ത്യക്കാരാകെ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം സാമ്പത്തിക ഇടപാട് നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ധനമന്ത്രി അരുണ്‍ ജയ്റ്റലിയുടേയും വാദം ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സമീപകാലത്തൊന്നും നടക്കില്ല. ഗ്രാമീണ ഭാരതത്തിന്റെ യാഥാര്‍ഥ്യങ്ങളറിയാതെ മഹാനഗരങ്ങളിലെ ആഡംബര സൗകര്യങ്ങളില്‍ അഭിരമിക്കുകയും ആരുടെയൊക്കെയോ ദുരൂഹ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്വേഛാധിപതിയുടെ വെളിപാടുകള്‍ മാത്രമാണ് കറന്‍സിയില്ലാ സമ്പദ്‌സംവിധാനത്തെകുറിച്ചുള്ള മോദിയുടെ നിലപാട്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഉപയോഗത്തിലിരിക്കുന്ന കറന്‍സിയുടെ 86 ശതമാനം വരുന്ന 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് കറന്‍സിയില്ലാ സമ്പദ് സംവിധാനം നടപ്പാക്കാനുള്ള വിശാല പദ്ധതിയുടെ ഭാഗമാണെന്നാണ് ജയ്റ്റലിയും മോദിയും ഇപ്പോള്‍ ന്യായീകരിക്കുന്നത്. അതുകൊണ്ട്, ഇ ബാങ്കിങ്ങും മൊബൈല്‍ പേയ്‌മെന്റും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് ശീലിക്കാനാണ് ഇവര്‍ ജനങ്ങളോട് ആവശ്യപ്പെട്ടത്. ബ്രെഡ് ഇല്ലാതാക്കുന്നത് എല്ലാവരും കേക്ക് കഴിക്കാന്‍ വേണ്ടിയാണെന്ന് പറയുന്നതുപോലെ! റിസര്‍വ് ബാങ്കിന്റെ തന്നെ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം, സമീപഭാവിയിലൊന്നും സാധ്യമാകുന്ന കാര്യമല്ല ഇത്. ഇത് ചെയ്യുന്നവരുടെ പോക്കറ്റ് പൊളിയുമെന്നത് വേറെ കാര്യം. എല്ലായിടത്തും സാമ്പത്തിക നവീകരണം നടത്താന്‍ ഇറങ്ങിപ്പുറപ്പെട്ട ലോക ബാങ്കിന്റെ കണക്കുപ്രകാരം ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ട് ഉള്ളവരില്‍ വെറും 2.2 ശതമാനം മാത്രമാണ് എന്തെങ്കിലും പണം ഇടപാടിന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗവും ലോക ബാങ്കിന്റെ ഫിനാന്‍ഷ്യല്‍ ഇന്‍കഌഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ മെച്ചപ്പെട്ട നിലയിലല്ല.

 2014ലെ കണക്കനുസരിച്ച് 15  വയസ്സിന് മേലെ പ്രായമുള്ളവരില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുന്നത് 11 ശതമാനവും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുന്നവര്‍ 3.4 ശതമാനവും ആണ്. കറന്‍സി കേന്ദ്രീകൃതമാണ് ഗ്രാമീണ ഭാരതം എന്ന് അവര്‍ തന്നെ പറയുന്നു. നഗരങ്ങളിലുള്ളതിന്റെ പകുതി വരില്ല ഗ്രാമങ്ങളിലെ ബാങ്ക് ശാഖകളുടെ എണ്ണം. എ.ടി.എമ്മുകള്‍ ഗ്രാമങ്ങളില്‍ നന്നെ കുറവാണ്. കാര്‍ഷിക വരുമാനമാണ് ഗ്രാമീണ ഭാരതത്തിന്റെ നട്ടെല്ല്. കാര്‍ഷിക വരുമാനം ആദായ നികുതിയില്‍നിന്ന് മുക്തമാണ്. ബാങ്ക് ശാഖകളും എ.ടി.എമ്മുകളും നന്നെ കുറഞ്ഞ ഈ ഗ്രാമീണ ഭാരതത്തിലാണ് പണത്തിന്റെ തോത് കൂടുതലുള്ളത്. വളരെ ചെറിയ തോതിലാണെങ്കിലും വ്യാപകമായി കിടക്കുന്ന ഈ സമ്പത്ത് കറന്‍സി രൂപത്തിലാണ്. ഇടപാടുകള്‍ മുഴുവന്‍ ഇവിടെ കറന്‍സിയിലൂടെയേ നടക്കൂ.

 നഗരങ്ങളിലേത് പേലെ ഗ്രാമീണര്‍ പണം ബാങ്കുകളില്‍ നിക്ഷേപിക്കുന്നില്ല. അവിടെ എങ്ങനെ കറന്‍സി രഹിത സമ്പ്രദായം നടക്കും. ജന്‍ധന്‍ യോജന പദ്ധതിയില്‍പ്പെടുത്തി ഗ്രാമീണരെ കൊണ്ട് വ്യാപകമായി ബാങ്ക് അക്കൗണ്ട്  എടുപ്പിച്ചിട്ടുണ്ടെന്ന് പറയാമെന്നല്ലാതെ ഗുണമില്ല. അവയത്രയും സീറോ ബാലന്‍സ് അക്കൗണ്ടാണ്. മാത്രമല്ല, പരസ്പരാശ്രിതത്വത്തിലും വിശ്വാസത്തിലും പുലര്‍ന്നുപോകുന്ന ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ കണക്കുവെക്കലും പറച്ചിലും ഇല്ല തന്നെ. വിശ്വാസമാണ് എല്ലാം. ഈ സാഹചര്യത്തില്‍ ജന്‍ധന്‍ അക്കൗണ്ട്, ആധാര്‍, മൊബൈല്‍ എന്നിവ ഉപയോഗിച്ച് കറന്‍സി രഹിത സമൂഹം സൃഷ്ടിക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. അത് രാജ്യത്തിന് വിനാശമാണ് സമ്മാനിക്കുക. പണമില്ലാത്ത അവസ്ഥ സംജാതമാകുകയും അത് ദാരിദ്ര്യത്തിലേക്കും കഷ്ടപാടുകളിലേക്കും ജനങ്ങളെ കൊണ്ടുചെന്നെത്തിക്കും.

  രാജ്യത്തെ പണവിനിമയത്തിന് ഉപയോഗിച്ചിരുന്ന കറന്‍സിയുടെ 86 ശതമാനം വരുന്ന 500, 1000 നോട്ടുകള്‍ പിന്‍വലിക്കുക വഴി വലിയൊരു സാമ്പത്തിക ശൂന്യതയാണ് ഉണ്ടായിട്ടുള്ളത്. 2016 ആഗസ്റ്റ് 29ന് പ്രസിദ്ധീകരിച്ച റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, 16.42 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് വിനിയമത്തിലുണ്ടായിരുന്നത്. ഇതിലാണ്, 86 ശതമാനം വരുന്ന 14.18 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകള്‍. അത് അസാധു ആക്കിയപ്പോള്‍ തത്തുല്യമായ തുക പകരം വെച്ചില്ല. അതിന്റെ ആഘാതം അപരിഹാര്യമായി തുടരുമ്പോള്‍ സമ്പദ് സംവിധാനം കറന്‍സി രഹിതം കൂടി ആയാല്‍ എന്താണ് കൂനിന്മേല്‍ കുരുവെന്ന് താനേ മനസിലാകും.

LEAVE A REPLY

Please enter your comment!
Please enter your name here