വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കുട്ടികളുടെ അമ്മ. മരിച്ചവരില്‍ മൂത്ത പെണ്‍കുട്ടിയെ അടുത്ത ബന്ധു പല തവണ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് അമ്മ പൊലിസിന് മൊഴി നല്‍കി. ബന്ധുവിന് പലതവണ താക്കീത് നല്‍കിയിരുന്നതായും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

മരിച്ച മൂത്ത കുട്ടി ലൈംഗിക പീഡനത്തിനിരയായതായി പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രണ്ടാമത്തെ കുട്ടിയും പീഡനത്തിനിരയായെന്ന സംശയത്തിലാണ് പൊലിസ്. എന്നാല്‍ ഇളയ കുട്ടിയുടെ കാര്യത്തില്‍ അമ്മ മൊഴി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.

വാളയാര്‍ കഞ്ചിക്കോട് ഭാഗ്യവതിയുടെ മകള്‍ ശരണ്യ(9)യെ മാര്‍ച്ച് നാലിനാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ സഹോദരി കൃതിക (14)യും സമാന രീതിയില്‍ ജനുവരി 12ന് തൂങ്ങി മരിച്ചിരുന്നു. ഭാഗ്യവതിയുടെ ആദ്യ ഭര്‍ത്താവിലുള്ള മകളായിരുന്നു മരിച്ച മൂത്ത കുട്ടി.

രണ്ടാം ഭര്‍ത്താവിലുള്ള മകളാണ് കഴിഞ്ഞ ദിവസം മരിച്ച ഇളയ കുട്ടി. സംഭവം കൊലപാതകമാണെന്നും സംശയമുണ്ട്. സഹോദരിയുടെ മരണസമയത്ത് മുഖംമൂടി ധരിച്ച രണ്ടു പേര്‍ വീട്ടില്‍ നിന്നിറങ്ങിപ്പോകുന്നതായി ഇളയ സഹോദരി ശരണ്യ പൊലിസിന് മൊഴി നല്‍കിയിരുന്നു. കൃതികയുടെ മരണത്തിലെ ഏകദൃക്‌സാക്ഷിയായിരുന്നു ശരണ്യ.

LEAVE A REPLY

Please enter your comment!
Please enter your name here