ഇ അഹമ്മദ് എം.പിയുടെ നിര്യാണത്തെത്തുടര്‍ന്നുവന്ന ഒഴിവിലേക്ക് നടക്കുന്ന മലപ്പുറം ലേക്‌സഭ മണ്ഡലം ഉപതെരഞ്ഞടുപ്പ് ഏപ്രില്‍ 12ന്. ഏപ്രില്‍ 17നാണ് വോട്ടെണ്ണല്‍. ഈ മാസം 16ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.

നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി മാര്‍ച്ച് 23നാണ്. സൂക്ഷ്മപരിശോധന മാര്‍ച്ച് 24ന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 29 ആണ്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭ മണ്ഡലമായ ആര്‍.കെ നഗറിലും ഏപ്രില്‍ 12നാണ് ഉപതെരഞ്ഞെടുപ്പ്.

മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളൊന്നും മലപ്പുറത്ത് ഇതുവരെ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വേനല്‍ച്ചൂടില്‍ കത്തിയെരിയുന്ന ഏപ്രിലില്‍ തന്നെ തെരഞ്ഞെടുപ്പു ചൂടും വരുന്നതോടെ ഇനിയുള്ള നാളുകള്‍ മലപ്പുറത്തിന്റെ മണ്ണ് തെരഞ്ഞെടുപ്പു പോരാട്ടത്തിന്റെ പ്രചാരണത്തിനായിരിക്കും സാക്ഷ്യംവഹിക്കുക.

തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉടന്‍ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും. ഏറ്റവും വലിയ ഭൂരിക്ഷത്തിനായിരുന്നു 2014ല്‍ മുസ്‌ലിം ലീഗിന്റെ ഇ അഹമ്മദ് മലപ്പുറം മണ്ഡലത്തില്‍നിന്ന് വിജയിച്ചിരുന്നത്.

കഴിഞ്ഞ ഫെബ്രുവരി ഒന്നിനായിരുന്നു മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും എം.പിയുമായിരുന്ന അഹമ്മദ് ലോക്‌സഭയില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് അന്തരിച്ചത്.

മലപ്പുറത്തിനും ആര്‍.കെ നഗറിനും പുറമെ ജമ്മുകശ്മീരിലെ രണ്ടു ലോക്‌സഭ മണ്ഡലത്തിലേക്കും വിവിധ സംസ്ഥാനങ്ങളിലെ 12 നിയമസഭ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here