കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും അപ്രതീക്ഷിതമായി രാജി വെച്ച് കോണ്‍ഗ്രസ്സ് നേതൃത്വത്തെ ഞെട്ടിച്ച സുധീരന്റ നടപടി ചെന്നിത്തലയെ വെട്ടിലാക്കുമോ?
ഉമ്മന്‍ ചാണ്ടി പദവികള്‍ ഏറ്റെടുക്കാതെ മാറി നില്‍ക്കുന്നതിന് തൊട്ട് പിന്നാലെ സുധീരന്‍ പദവി ഒഴിഞ്ഞതാണ് ചെന്നിത്തലയെ പ്രതിരോധത്തിലാക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനവും യു ഡി എഫ് ചെയര്‍മാന്‍ പദവിയും ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല.

ഈ ഘട്ടത്തില്‍ തുല്യ ഉത്തരവാദിത്വം കെ പി സി സി പ്രസിഡന്റ് വി എം സുധീരനും രമേശ് ചെന്നിത്തലയ്ക്കും ഉണ്ടെന്ന് ചുണ്ടികാട്ടി എ വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. മൂന്ന് പേരുമാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നത് എന്നതിനാല്‍ തുല്യ ഉത്തരവാദിത്വമുണ്ടെന്നായിരുന്നു വാദം.

സുധീരന്‍ കെ പി സി സി പ്രസിഡന്റ് പദവും ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനവും ഒഴിയണമെന്നതായിരുന്നു ആവശ്യം.

എന്നാല്‍ സുധീരന്‍ പദവി ഒഴിയണമെന്ന ആവശ്യത്തിന്‍മേല്‍ ഹൈക്കമാന്റിന് അനുകൂല നിലപാടായിരുന്നില്ല ഉണ്ടായിരുന്നത്. അതിന് പ്രധാന കാരണം സുധീരനും ഹൈക്കമാന്റും ശക്തമായി എതിര്‍ത്തിട്ടും അഴിമതി വിവാദത്തില്‍പ്പെട്ട കെ.ബാബു അടക്കമുള്ളവരെ മത്സരിപ്പിക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ കടുംപിടുത്തമാണ് തോല്‍വിക്ക് ഒരു പ്രധാന കാരണമെന്ന വിലയിരുത്തലായിരുന്നു.

ഈ കാര്യം സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും വ്യാപകമായി പ്രചരിപ്പിക്കാനും അഴിമതി വിരുദ്ധ വികാരം യു ഡി എഫിനു നേരെ തിരിച്ചുവിടാനും ഇടതുമുന്നണിക്ക് സഹായകരമായതായാണ് ഹൈക്കമാന്റ് വിലയിരുത്തിയിരുന്നത്.

ഇതിനിടെ ഡി സി സി പ്രസിഡന്റുമാരുടെ നിയമനത്തില്‍ എ ഗ്രൂപ്പിന് തിരിച്ചടി നേരിടുക കൂടി ചെയ്തതോടെ പാര്‍ട്ടി പരിപാടികളില്‍ നിന്നും യു ഡി എഫ് യോഗങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുന്ന കടുത്ത തീരുമാനവുമായി ഉമ്മന്‍ ചാണ്ടി മുന്നോട്ട് പോവുകയായിരുന്നു.

സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള ഉമ്മന്‍ ചാണ്ടിയുടെ ഈ ഉടക്കില്‍ വെട്ടിലായത് ഹൈക്കമാന്റാണ്. സംഘടനാ തിരഞ്ഞെടുപ്പെന്ന ആവശ്യം പരിഗണിക്കാമെന്ന് ഇതേ തുടര്‍ന്ന് ഡല്‍ഹിക്ക് വിളിപ്പിച്ച് നേതൃത്വം ഉമ്മന്‍ ചാണ്ടിക്ക് ഉറപ്പു നല്‍കുകയായിരുന്നു.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം നടപടികളിലേക്ക് കടക്കാമെന്നായിരുന്നു ഉറപ്പ്.

ഈ ഒരു സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഉടനെ ഹൈക്കമാന്റ് കൂടിയാലോചനകളിലേക്ക് കടക്കും മുന്‍പാണ് സുധീരന്‍ ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് രാജിവച്ചിരിക്കുന്നത്.

അനാരോഗ്യമാണ് കാരണമായി പറയുന്നതെങ്കിലും വളരെ സജീവമായി പൊതു സമൂഹത്തില്‍ നിരന്തരം ഇടപെട്ടു വരുന്ന സുധീരന്റെ ഈ വാദം അദ്ദേഹവുമായി അടുപ്പമുള്ള നേതാക്കള്‍ പോലും വിശ്വസിക്കുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം.

സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോവാന്‍ താല്‍പര്യമില്ലാത്ത സുധീരനെ ഹൈക്കമാന്റ് കൈവിടില്ലന്ന് ഉറപ്പാണെങ്കിലും അദ്ദേഹം നിലപാടില്‍ നിന്നും പിന്നോട്ട് പോകില്ലന്നാണ് അറിയുന്നത്.

സുധീരനെ രാജിവെപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്ക് കാരണമെന്ന പ്രചാരണം സ്ഥാനമേറ്റെടുത്താല്‍ പ്രതിച്ഛായയെ ബാധിക്കുമോയെന്ന പേടി ഇപ്പോള്‍ കെ പി സി സി പ്രസിഡന്റ് പദത്തിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മുതിര്‍ന്ന നേതാക്കള്‍ക്കിടയിലുമുണ്ട്.

അതേ സമയം ഉമ്മന്‍ ചാണ്ടിയും സുധീരനും മാറിയ സാഹചര്യത്തില്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനവും യു ഡി എഫ് ചെയര്‍മാന്‍ സ്ഥാനവും ഒഴിയണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമായി കഴിഞ്ഞു. ഈ രണ്ടു സുപ്രധാന പദവികളും ഐ ഗ്രൂപ്പ് കൈയ്യടക്കി വച്ചതില്‍ കടുത്ത പ്രതിഷേധമാണ് മറ്റു ഗ്രൂപ്പുകള്‍ക്കിടയിലുള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം മൂന്ന് പേര്‍ക്കും ഒരുപോലെ ബാധകമാകണമെങ്കില്‍ ചെന്നിത്തല പദവി ഒഴിയണമെന്നതാണ് ആവശ്യം. ഇക്കാര്യം ഹൈക്കമാന്റുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കാന്‍ എ വിഭാഗവും സുധീര വിഭാഗവും നേതാക്കള്‍ക്കിടയില്‍ സമ്മര്‍ദ്ദം ചെലുത്തി വരുകയാണെന്നാണ് ലഭിക്കുന്ന വിവരം.

പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമ്പോള്‍ തന്നെ ഇക്കാര്യവും പരിഗണിക്കണമെന്നതാണ് ഈ വിഭാഗങ്ങളുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here