ഓരോ പ്രദേശത്തിന്‍റെയും പ്രത്യേകതകള്‍ ഐസ് ലാന്‍ഡിലെ സ്ഥലപേരുകളിലുണ്ട്. വിക്(vik) എന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഉള്‍ക്കടലുണ്ടെന്നാണ്. പേരില്‍ ഇത് പോലെ ഐസും, മലയും, പുകയുമൊക്കെയുണ്ട്. റെയ്ക്യാവിക്കെന്നാല്‍ പുകയുന്ന ഉള്‍ക്കടലെന്നാണ്. ഒരു പേരില്‍ ഒന്നുമില്ലാതെയില്ല, ഐസ് ലാന്‍ഡില്‍ പലതുമുണ്ട്! കേഫ്ലാവിക് എയര്‍പ്പോര്‍ട്ടില്‍ നിന്ന് ഷട്ടില്‍ ബസ്സില്‍ റെന്റ്-എ-കാര്‍ കമ്പനിയുടെ ഓഫീസിന് മുന്നില്‍ ഇറങ്ങി. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തതാണ്, എന്നാലും ചടങ്ങുകളൊക്കെ കഴിഞ്ഞ് കാറും, ഇനിയുള്ള ദിവസങ്ങളില്‍ വഴികാട്ടിയാകുമെന്ന് പറഞ്ഞ ജി.പി.എസും കൈയില്‍ കിട്ടിയപ്പോഴേക്കും മണി ഏഴായി. സുപ്രഭാതത്തിന് പൊട്ടിവിടരാനുള്ള ആലോചന പോലുമില്ലെന്ന് തോന്നിയതിനാല്‍ താമസസ്ഥലത്ത് പോയി കുറച്ചു നേരം കിടന്നുറങ്ങാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു.

DSC_2925

വിശ്രമവും ഭക്ഷണവും കഴിഞ്ഞു പുറത്തിറങ്ങുന്നതിനു മുമ്പായി ഫോണില്‍ ‘112 Iceland’ എന്ന മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്തു. സ്വന്തം കൈയിലിരിപ്പ് നന്നായി അറിയാവുന്നത് കൊണ്ടൊരു മുന്‍കരുതല്‍. കാലാവസ്ഥ പ്രവചനമനുസരിച്ച് ഫെബ്രുവരി 12 മുതല്‍ 17 വരെ മഴയാണ്. പെയ്യാനും പെയ്യാതിരിക്കാനുമെന്നല്ല, പെയ്തുകൊണ്ടേയിരിക്കുകയാണ്… നമുക്കിത് ചാറ്റല്‍മഴയായേ തോന്നൂ. “ഇടി വെട്ടി മഴ കുത്തി പെയ്ത നാട്ടില്‍” ഇത്തവണ മഴ പെയ്തില്ലല്ലോന്നുള്ള പരാതികളോര്‍ത്ത് മഴ ചാറ്റിലാവോളം ആസ്വദിച്ച് സിറ്റിയില്‍ നിന്ന് സുവര്‍ണ്ണ വൃത്തത്തിലേക്ക് കയറി. മൂടി കെട്ടിയ ആകാശവും മഴയും കാട്ടി പേടിപ്പിക്കാന്‍ നോക്കിയത് വെറുതെയായിയെന്നു തോന്നിയിട്ടാവും ഇടയ്ക്കിടയ്ക്ക് മാനത്തിനൊരു തെളിച്ചം.

DSC_2959

ആംഗലേയത്തില്‍ “ഗോള്‍ഡന്‍ സെര്‍ക്കിളെ”ന്നറിയപ്പെടുന്ന 300 കി.മി ലൂപ്പ്- റോഡ്‌-ഡ്രൈവ് വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ്. റെയ്ക്യാവിക്കില്‍ നിന്ന് തുടങ്ങി തിരിച്ച് അവിടെ തന്നെയെത്തുന്ന ഈ റോഡില്‍ ടൂറിസ്റ്റ് ബസ്സുകളുടെയും കാറുകളുടെയും തിരക്കുണ്ട്. ഐസ് ലാന്‍ഡ്‌ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട Thingvellir (Þingvellir) നാഷണല്‍ പാര്‍ക്കാണ് സുവര്‍ണ്ണ വൃത്തത്തില്‍ ഒന്നാംസ്ഥാനത്ത്. എ.ഡി 930ലെ അല്‍പിങ്ങി(Alþingi)യെന്ന അതിപുരാതനമായ ജനാധിപത്യവ്യവസ്ഥിതിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ഇവിടെയാണത്രേ. കൂടാതെ 1928 മുതല്‍ ഇതൊരു നേച്ചര്‍ റിസേര്‍വും കൂടിയാണ്.

DSC_3095

കാനഡയില്‍ കണ്ട് പരിചയിച്ചത് പോലെ ഐസ് ലാന്‍ഡില്‍ സ്ഥലങ്ങളെ അടയാളപ്പെടുത്തുന്ന ഫലകങ്ങളോ വിശദമായ കുറിപ്പുകളോ കണ്ടിരുന്നില്ല. തുടക്കത്തില്‍ അതൊരു വിഷമമായിരുന്നെങ്കിലും പിന്നെ അതും ശീലമായി. ഒരിടത്ത് രണ്ട് മൂന്ന് കാറുകള്‍ നിര്‍ത്തിയിട്ടത് കണ്ടിട്ടാണ് ഞങ്ങളും അവിടെ നിര്‍ത്തിയത്. കാറിന്‍റെ ഡോര്‍ തുറന്നിട്ട്‌ ക്യാമറ ശരിയാക്കരുതെന്ന് ഹുസൈനെ എപ്പോഴും ഓര്‍മ്മിപ്പിക്കേണ്ടി വന്നു. കാരണം ഇവിടുത്തെ കാറ്റാണത്രേ കാറ്റ്! ഡോര്‍ കാറ്റില്‍ പാറിപ്പോകും പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് കാറ് വാടകയ്ക്ക് എടുത്തപ്പോള്‍ കിട്ടിയ മുന്നറിയിപ്പ്. സ്പൈഡര്‍ വുമനായി പാറി നടക്കാന്‍ തീരെ ആഗ്രഹമില്ലാത്തത് കൊണ്ട് എന്നെക്കാള്‍ ഭാരമുള്ള ജാക്കെറ്റും, മുള്ളുള്ള ബൂട്ട്സൊക്കെയിട്ട് (Ice Crampons) ഞാന്‍ തയ്യാറായി. പകുതി ദൂരം നടന്നപ്പോഴാണ് ക്യാമറക്കുള്ള യാതൊരുവിധ മുന്‍കരുതലുമെടുത്തില്ലാന്നു ക്യാമറാമാന് ഓര്‍മ്മ വന്നത്.

DSC_3287

ഓക്സ്റാര്‍ഫോസ് വെള്ളച്ചാട്ടത്തേക്കാള്‍ അതിലേക്കുള്ള വഴിയാണ് പ്രധാനം. പാറക്കെട്ടുകള്‍ക്കിടയിലൂടെ കുന്നിറങ്ങിയും കയറിയും വേണം വെള്ളച്ചാട്ടത്തിനരികിലെത്താന്‍. ഒന്ന് നില്‍ക്കണേ, ഒരു പാലമുണ്ട്. അവിടെ നിന്ന് ചുറ്റുമൊന്ന് നോക്കുന്നത് നല്ലതാണ്. ഇരുഭാഗത്തുമുള്ള കൂറ്റന്‍ പാറക്കെട്ടുകള്‍ രണ്ടു ഭൂഖണ്ഡങ്ങളുടെയാണ്(North-American & Eurasian Plates). ചവുട്ടി നില്‍ക്കുന്ന ഭൂമി നീങ്ങി ഭൂഖണ്ഡങ്ങള്‍ക്ക് സ്ഥാനഭ്രംശം സംഭവിച്ചിരിക്കുന്നിടത്താണ് നില്‍ക്കുന്നത്. എന്തൊക്കെ കീഴടക്കിയെന്നു അഹങ്കരിച്ച്‌ നടന്നാലും പ്രകൃതിക്ക് മുന്നില്‍ മനുഷ്യന്‍ ഒന്നുമല്ലല്ലോ. ഭൂമി നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണെന്നും തരം കിട്ടിയാല്‍ പിളര്‍ന്ന് നീങ്ങുമെന്നും ഞാന്‍ പരീക്ഷക്ക്‌ ഉത്തരമെഴുതുകയല്ല. അങ്ങിനെ സംഭവിച്ചിടത്ത് വിശ്വസിക്കാനാവാതെ നില്‍ക്കുകയാണ്.

പാറക്കെട്ടുകള്‍ക്കിടയിലൂടെ വെള്ളം ഒഴുകുന്നുണ്ട്, ചിലയിടങ്ങളില്‍ നല്ല ആഴമുണ്ട്. തെളിമയാര്‍ന്ന വെള്ളമായതിനാല്‍ ആളുകള്‍ എറിഞ്ഞ നാണയങ്ങള്‍ കാണാം. നാണയങ്ങള്‍ എറിയുന്നതെന്തിനാണാവോ? പണ്ട് വധശിക്ഷ നടപ്പിലാക്കിയിരുന്നതും ഇവിടെയായിരുന്നത്രേ. കുറ്റം ചെയ്തവരെ കയ്യും കാലും കെട്ടി വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു. Drowning Pool എന്ന വെള്ളകെട്ടിലാണ് “പ്രണയ”മെന്ന അതിഭീകരമായ കുറ്റത്തിന് പതിനഞ്ചിലേറെ യുവതികളെ മുക്കി കൊന്നത്. വഴിയില്‍ പലയിടത്തും കല്ലുകള്‍(Rock Cairns) കൂട്ടി വെച്ചിട്ടുണ്ട്. ആ കല്ലുകളില്‍ നിന്ന് ഒന്നെടുത്ത് മാറ്റാനോ കൂട്ടി ചേര്‍ക്കാനോ പാടില്ലാന്നും നിര്‍ദേശമുണ്ട്. ചിലത് വഴിയടയാളങ്ങളായിരിക്കാമെന്നാല്‍ ചിലത് വിശ്വാസങ്ങളുടെ ഭാഗമാണ്. എന്തായാലും അതില്‍ തൊട്ട് കളിക്കേണ്ടെന്ന് സാരം. വെള്ളച്ചാട്ടത്തിനരികില്‍ എത്തിയപ്പോഴേക്കും വീണ്ടും മഴ ചാറി തുടങ്ങിയിരുന്നു. ഒരുവിധത്തില്‍ അതിനെ മെരുക്കി ക്യാമറയിലാക്കിയിട്ട് ഞങ്ങള്‍ തിരിച്ച് കുന്ന് കയറി.

ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ അടുത്തുണ്ടെന്നു അറിഞ്ഞപ്പോള്‍ കാപ്പി കുടിക്കണമെന്ന ആഗ്രഹം കലശലായി. ചെറിയ രണ്ടു കപ്പ് കാപ്പിയുടെ വില കേട്ടപ്പോഴാണ് ശരിക്കും “വൗ” ആയത്. 450 ക്രോണയാണൊരു ചെറിയ കപ്പ് കാപ്പിക്ക്. അതായത് CAD 5.84. ഐസ് ലാന്‍ഡില്‍ എന്തിനും വിലയേറും. 2008 ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പതുക്കെ കരകയറുകയാണ് ഐസ് ലാന്‍ഡ്‌. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എല്ലാം ഇറക്കുമതി ചെയ്യണം. ആകെയുള്ള വരുമാനം കടലില്‍ നിന്നാണ്. പിന്നെ പാലുല്‍പ്പന്നങ്ങളും. കൃഷിയില്ല. ഇപ്പോള്‍ ചിലയിടങ്ങളില്‍ ഗ്രീന്‍ ഹൗസുകളില്‍ എന്തെങ്കിലുമൊക്കെ നട്ട് വളര്‍ത്താന്‍ ശ്രമിക്കുകയാണ്. ടൂറിസം മേഖലയും വളര്‍ന്നു വരുന്നതേയുള്ളൂ. അനുഗ്രഹിക്കുന്നതും നിഗ്രഹിക്കുന്നതും പ്രകൃതി തന്നെ. ജിയോ തെര്‍മല്‍ പാടങ്ങളും കുളങ്ങളും നിറഞ്ഞതാണ് ഐസ് ലാന്‍ഡിലെ ഭൂപ്രദേശം. ഭൂമിയില്‍ നിന്ന് തിളച്ചു പൊങ്ങുന്ന ആവിയില്‍ നിന്ന് ഐസ് ലാന്‍ഡ്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു. യൂറോപ്പിന് മുഴുവന്‍ വൈദ്യുതി നല്‍കാനാവുമെത്രേ. അങ്ങോട്ടെത്തിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തല്‍ക്കാലം ഇപ്പോഴില്ല. എനര്‍ജി സുപ്പര്‍ പവറെന്നാണ് ഐസ് ലാന്‍ഡിനെ വിശേഷിപ്പിക്കുന്നത്. അണ്ണാറക്കണ്ണനും തന്നാലായത്.

സുവര്‍ണ്ണ വൃത്തത്തിനുള്ളില്‍ അടുത്തതായ് ഞങ്ങള്‍ക്ക് കാണേണ്ടത് സില്‍ഫ്രയാണ്. ഭൂമിയിലെ ഏറ്റവും തെളിഞ്ഞ വെള്ളം ഇവിടെയാണെന്നതും, ഭൂഖണ്ഡങ്ങളുടെ പിളര്‍പ്പിനിടയിലൂടെ സ്നോര്‍ക്കലിംഗ് നടത്താമെന്നുള്ളത് കൊണ്ടും സില്‍ഫ്രയുടെ പ്രാധാന്യം ഊഹിക്കാവുന്നതേയുള്ളൂ. എല്ലാ വര്‍ഷവും ഭൂഖണ്ഡങ്ങള്‍ തമ്മില്‍ ഉമ്മവെച്ച് പിണങ്ങി പിളരുന്നതും സില്‍ഫ്രയിലാണ്. നിര്‍ഭാഗ്യവശാല്‍ അങ്ങോട്ടുള്ള വഴി അടിയന്തിരമായി അടച്ചിരുന്നു. സില്‍ഫ്രയെ വിട്ട് ഞങ്ങള്‍ അതിനടുത്തുള്ള ഫൌണ്ടന്‍ ഗെയ്സിറി(Strokkur or Fountain Geysir)ലേക്ക് പോയി. ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് സജീവമായതാണീ ചൂടുറവ. മണ്ണിലെ കുഴിയില്‍ വെള്ളം തിളച്ചുമറിയുന്നത് കാണാം. ചൂടുണ്ടോന്നു പരീക്ഷിക്കരുതെന്ന മുന്നറിയിപ്പുണ്ട്. അഥവാ പരീക്ഷിക്കണമെന്ന് തോന്നിയാല്‍ അടുത്തുള്ള ആശുപത്രി 62 കി.മി അകലെയാണെന്ന് കൂടെ ഓര്‍ക്കണം. കുറെയധികം കുഴികളില്‍ നിന്ന് ആവി പൊന്തുന്നുണ്ടെങ്കിലും ഒരെണ്ണത്തില്‍നിന്നാണ് ഓരോ പത്ത് മിനിറ്റിലും തിളച്ച വെള്ളം ഇരുപത് മീറ്റര്‍ ഉയരത്തില്‍ അന്തരീക്ഷത്തിലേക്ക് പൊങ്ങുന്നത്. വെള്ളം തിളച്ചുമറിയുന്നതും നോക്കി നില്‍ക്കുമ്പോള്‍ പേടി തോന്നി. കാല്‍ വഴുതി വീണാല്‍ പിന്നെ സൂപ്പായിട്ടെങ്കിലും ബാക്കി കിട്ടോന്ന് സംശയമാണ്. പ്രകൃതിയുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശമാണ്, മാറി നിന്ന് ആദരവോടെ നോക്കി കാണുക തന്നെ. Strokkur Youtube Link

മഴയും, ചൂടും, ചളിയും, സള്‍ഫറി(ചീമുട്ടയുടെ)ന്‍റെ സുഖകരമല്ലാത്ത നാറ്റവും സഹിച്ച് ഫോട്ടോകള്‍ എടുത്തു മതിയായപ്പോഴേക്കും ഇരുട്ടി തുടങ്ങിയിരുന്നു. സൂര്യാസ്തമയം അഞ്ചു മണിക്കായതിനാല്‍ അടുത്തുള്ള ഗുള്‍ഫോസ് (Gullfoss Waterfalls) വെള്ളച്ചാട്ടവും, കെറിഡ് ക്രേറ്റര്‍ തടാകവും (Kerid Crater lake) കാണാന്‍ പോകാതെ ഞങ്ങള്‍ ഹോട്ടല്‍ മുറിയിലേക്ക് മടങ്ങി. വീതി കുറവുള്ള റോഡുകളാണ് ഐസ് ലാന്‍ഡില്‍ കൂടാതെ അവിടെയുള്ളവര്‍ക്ക് വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കൊന്നുമില്ലെന്ന് തോന്നുന്നു. ഡ്രൈവിങ്ങിനേക്കാള്‍ ശ്രദ്ധ ഫോണിലാണ്. ഒറ്റവരി പാതയും, റോഡിനടിയില്‍ നിന്ന് ഐസ് പൊന്തിയുണ്ടായ കുഴികളില്‍ വെള്ളം നിറഞ്ഞു കിടക്കുന്നതും, പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന മൂടല്‍മഞ്ഞും രാത്രി യാത്രക്ക് പറ്റിയതല്ലായിരുന്നു. വാഹനങ്ങളുടെ ടയറുകളില്‍ നിറയെ സ്റ്റഡുകള്‍ പതിച്ചിട്ടുണ്ടെങ്കിലും വഴുക്കലിനു കുറവൊന്നുമില്ല.

മൂന്ന് മണിക്കൂര്‍ ഡ്രൈവിംഗ് സമയം പറയുന്നുണ്ടെങ്കിലും ഇടയ്ക്ക് നിര്‍ത്തുന്ന സ്ഥലങ്ങള്‍ അനുസരിച്ച് സുവര്‍ണ്ണ വൃത്തം കറങ്ങിയെത്താന്‍ ആറേഴ് മണിക്കൂറെങ്കിലുമെടുക്കും. ആടുകളും, ഐസ് ലാന്‍ഡ്‌ കുതിരകളും റോഡിനിരുവശമുള്ള ഫാമുകളില്‍ മേഞ്ഞുനടക്കുന്നത് കാണാം. തലയിലും ദേഹത്തും നിറയെ രോമങ്ങളും, അധികം വലിപ്പമില്ലാത്തതുമായ കുതിരകളാണ്‌ ഐസ് ലാന്‍ഡിലുള്ളത്. ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് വൈക്കിങ്ങുകളുടെ കൂടെ എത്തിയതായിരിക്കണം. രാജ്യത്തിന്‍റെ വിശ്വസ്ത സേവകനെന്നു വിശേഷിപ്പിക്കുന്ന ഈ കുതിരകള്‍ ഇവിടുത്തെ കാലാവസ്ഥയെ അതിജീവിക്കാന്‍ പ്രാപ്തരാണത്രേ. അപരിചിതരോടായാലും ചങ്ങാത്തം കൂടാന്‍ മടിയൊന്നുമില്ല. നീരസമൊന്നും കാട്ടാതെ ഫോട്ടോഗ്രാഫറുടെ ഇഷ്ടത്തിന് നിന്ന് കൊടുക്കുന്നവരുമുണ്ട്‌. ഒറ്റ കപ്പ് കാപ്പിയില്‍ ഉച്ചഭക്ഷണം ഒതുക്കിയതിനാല്‍ എട്ട് മണിക്ക് കെഫ്ലാവിക്കിലെത്തി സബ് വേയില്‍ നിന്നൊരു സാന്‍ഡ് വിച്ചും കഴിച്ചു പുറത്തിറങ്ങിയപ്പോഴാണ് കണ്ണൊന്ന് തെളിഞ്ഞത്. പിറ്റേ ദിവസത്തെ പരിപാടികളുടെയൊരു കരടുരേഖ തയ്യാറാക്കിയെങ്കിലും രാത്രി പന്ത്രണ്ട് മണിക്കുള്ള കാലാവസ്ഥ പ്രവചനം എല്ലാം മാറ്റി മറിച്ചു…

LEAVE A REPLY

Please enter your comment!
Please enter your name here