– വേശ്യയുടെ പകൽ –

 ” ഇവളുമാർക്കിപ്പോ നല്ല ടൈമാ. പഴയ നോട്ടൊക്കെ അവിടേം മാറിക്കിട്ടും “

തിരിഞ്ഞു നോക്കിയില്ല…

പണ്ടൊക്കെ നാവിനു ഒരു തരിപ്പുണ്ടാവാറുണ്ടായിരുന്നു .

എന്തോ , ഒന്നും പറയാൻ തോന്നിയില്ല . 

ഇതിപ്പോ രണ്ടാമത്തെ ദിവസമാ ബാങ്കിലെ  അതേ ക്യൂ . 

കയ്യിലുള്ള ആയിരത്തിലെ ഗാന്ധിയെ നോക്കി , ആ പുഞ്ചിരിയിലെന്തോ ഉള്ളത് പോലെ പരിഹാസമാണോ അതോ സ്വാന്തനമോ . 

ഏറെ നേരം നില്ക്കാൻ നടുവേദന ഇന്നും സമ്മതിക്കുമെന്നു തോനുന്നില്ല . 

” മോളെ ഞായിപ്പോ ബരാ , മൂത്രക്കടച്ചിലാ കൊറേനേരം പിട്‌ച്ക്കാമ്പറ്റൂലാ “.

ശാരീരികാവശതകൾ മുഴുവൻ ആ വൃദ്ധന്റെ ചെറിയ സംസാരത്തിലുണ്ടായിരുന്നു ..

വാർധക്യം , അതനുഭവിക്കുന്നവർക്കു പലപ്പോഴും ഒരു ബാധ്യത തന്നെയാണ്. യൗവനത്തിൽ തന്നെ വേദനായറിയാതെ മരിക്കാൻ കഴിഞ്ഞെങ്കിൽ അതിനേക്കാൾ വലിയ ഭാഗ്യമൊന്നുമില്ലെന്നു തോന്നും ചിലപ്പോൾ .

ആർക്കുമൊരു ഭാരമാവാതെ , ഓർമകളുടെ ചാരവുമായി ജീവിച്ചു മടുത്തു മണ്ണിലേക്കലിയാൻ…!

ബാങ്കിൽ ആകെ ബഹളമയമാണു . നോട്ടുമാറ്റാനുള്ള ക്യൂ കുറഞ്ഞുവരുന്നു . സാധാരണക്കാരന്റെ കയ്യിലുള്ള പഴയനോട്ടെല്ലാം കഴിഞ്ഞെന്നു  തോന്നുന്നു  

തുടക്കത്തിലേ ആളും ആരവവും കഴിഞ്ഞു. ഇനിയിപ്പോൾ വിയർത്തുണ്ടാക്കിയത് ചോദിച്ചു വാങ്ങാൻ ഇനിയും വിയർക്കണം . സാധാരണക്കനെപ്പോഴും ഈ വിഴുപ്പു ചുമന്നു കൊണ്ടേയിരിക്കും. 

ഇവിടുത്തെ എസ് ബി ടി ക്ക് ഒരു മാറ്റവുമില്ല . ഒരു പക്ഷെ സംസ്ഥാനത്തെ എറ്റവും പഴക്കം ചെന്ന ബാങ്കുകളിൽ ഒന്നായിരിക്കും ഇതു . മുപ്പതു വർഷം മുൻപ് അച്ഛന്റെ കയ്യിൽത്തൂങ്ങി ഓരോ പടികളുമെണ്ണി കേറിവന്ന ആറു വയസ്സുകാരിയിൽ നിന്നുഓടുപാട്‌ ദൂരം പിന്നിട്ടിരിക്കുന്നു . 

കാലം മനുഷ്യനിൽ തീർക്കുന്ന മാറ്റങ്ങൾ ഒരു കലയാണെന്ന് തോന്നും അത്രയ്ക്ക് കാവ്യാത്മകമാണ് ചില മാറ്റങ്ങൾ . 

അമ്മയുടെ കൂടെ പുറത്തേക്കു പോയതിന്റെ ഓർമ്മയൊന്നുമില്ല. 

ഒരുപാട് ശ്രമിച്ചിരുന്നു എന്തെങ്കിലും ഓർത്തെടുക്കാൻ പക്ഷെ കഴിഞ്ഞില്ല , ഓർത്തിരിക്കാൻ ഒന്നും തന്നെ അമ്മ തന്നിരുന്നില്ല എന്നതാണ് സത്യം.

അമ്മയെന്ന രൂപം ഏതൊരു വ്യക്തിയുടെയും ഉള്ളിൽ ദൈവസങ്കല്പങ്ങൾക്കുമപ്പുറമായിരിക്കും.

പക്ഷെ തനിക്കതിനു കണ്ണീരിന്റെ ഉപ്പുരുചിയായിരുന്നു.

അച്ഛനെ വിട്ടു മറ്റൊരാളുടെ കൂടെ പോയത് കൊണ്ടു മാത്രമല്ല. എന്നിലെ സ്ത്രീയുടെ തുടക്കങ്ങളിൽ ഞാനൊരുപാട് ആഗ്രഹിച്ചിരുന്നു അമ്മയുടെ സാമീപ്യം. അപ്പോഴൊക്കെ മരവിച്ച മനസ്സുമായി ചിരിച്ചുകൊണ്ട് എന്റെ മൂർദ്ധാവിൽ തലോടുന്ന അച്ഛന്റെ ചിത്രമാണ് മനസ്സിലെ പൂജാമുറിയിലെന്നും.

പക്ഷെ ആ ചിരി അവസാനമായി എന്റെ മടിയിൽ കിടന്നപ്പോൾ കണ്ടിരുന്നില്ല. 

ആ പതിനഞ്ചുകാരിയെ തനിച്ചാക്കി പോകാൻ കൂട്ടാക്കാത്ത പോലെയായായിരുന്നു അവസാന നിശ്വാസം.

ആരോ നിർബന്ധിച്ചു പിടിച്ചു വലിച്ചതുപോലെ, കണ്ണുകൾ നിറച്ചു ദൈന്യമായി നോക്കിയപ്പോൾ ആ കൈകൾ എന്റെ മൂർദ്ധാവിലേക്കു നീളുന്നുണ്ടായിരുന്നു . 

എന്നത്തേയും പോലെ തലോടാൻ കഴിഞ്ഞില്ലെന്നു മാത്രം …..!

” അലോ ഞങ്ങൾക്കിതൊക്കെ കഴിഞ്ഞിട്ട് വേണം വീട്ടിലേക്കു പോവാൻ “

കാഷ്യറുടെ ആക്രോശം കേട്ടാണ് മുന്നിലാണെന്ന് അറിഞ്ഞത് 

” മുഷിഞ്ഞ നോട്ടൊന്നും എടുക്കാൻ ഇപ്പൊ സമയമില്ല , പതിനാറിലേക്കു ചെല്ല്‌ “

ഒന്ന് രണ്ടു മണിക്കൂറിന്റെ കാത്തിരിപ്പിനെ യാതൊരു ദാക്ഷിണ്യവുമില്ലാതെ അവഗണിച്ചപ്പോൾ നിർവികാരതയോടെ അയാളെയൊന്നു നോക്കി .

ജീവിതത്തേക്കാൾ മുഷിഞ്ഞ നോട്ടാണോ ഇത് ..?

പതിനാറിൽ ക്യൂവോന്നും കണ്ടില്ല .ഒരു ചെറുപ്പക്കാരി തിരക്കിട്ടു കമ്പ്യൂട്ടറിൽ എന്തോ ചെയ്തു കൊണ്ടിരിക്കുന്നു . 

” അയ്യോ സോറി ചേച്ചി മുഷിഞ്ഞ നോട്ടു ഇന്നിനി എടുക്കില്ല. മറ്റന്നാൾ വരൂ “

മറുത്തൊന്നും പറായാണ് കഴിഞ്ഞില്ല ശരീരത്തോടൊപ്പം നാവും തളർന്നിരിക്കുന്നു.

ബാങ്കിൽ പ്യൂരിഫയറിൽ വെള്ളത്തിന്റെ അവശിഷ്ടം പോലുമില്ല. 

ടാപ്പിൽ മാറാല പിടിച്ചു കിടക്കുന്നു. ദാഹത്തോടെ വെളിയിലേക്കിറങ്ങി .പുറത്തു ഉച്ചവെയിലിനു ചൂടുകൂടി വരുന്നുണ്ട് .

ഒരു തണുത്തകാറ്റു മുഖതെക്കു വീശി .

കാറ്റിനു ഉണക്കമീനിന്റെ ഗന്ധമുണ്ടായിരുന്നു . റോഡിന്റെ ഇടതു വശത്ത് മൽത്സ്യമാർക്കറ്റാണ് . 

മാർക്കറ്റിൽ  പതിവുപോലെ തിരക്കൊന്നും കാണുന്നില്ല .

നോട്ടു നിരോധനം സമൂഹത്തിലെ ഓരോ കോണിലും കൃത്യമായി സ്പർശിചിട്ടുണ്ട്. 

ഇത് പോലുള്ള സാധാരണമാർക്കറ്റുകളിലെ തിരക്കുകൾ കാർഡും ഡിജിറ്റൽ പേയ്‌മെന്റും നടത്തുന്ന സൂപ്പർമാർക്കറ്റുകളിലേക്കു ചെക്കെറിയിരിക്കുന്നു . 

സാധാരണക്കാർ ആരുടെയോ ചരടുവലികളിൽ ആടുന്ന കളിപ്പാവകളായിരിക്കുന്നു ….!

മുന്നോട്ടു നടന്നു അരികിലെ സർബത്ക്കട കണ്ടപ്പോഴാണ് ദാഹം ഇരട്ടിയായതു . 

പേഴ്സിൽ ഒരിരുപത്തിന്റെ നോട്ടു കണ്ടു .

സാരിത്തലപ്പ് പുതച്ചുകൊണ്ടു കടയിലേക്ക് കയറി .

പരിചിതമുഖങ്ങളുണ്ട് . മുഖത്തോടു നോക്കിയപ്പോൾ അവയെല്ലാം നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായി . 

ചുറ്റും മുഖംമൂടി അണിഞ്ഞവരാണ് , ലോകം മുഖമൂടിക്കാരാൽ  നിറഞ്ഞുകൊണ്ടിരിക്കുന്നു .

” എടിയേ നന്റെ കയ്യിൽ ചില്ലറ കാണ്അല്ലോ , ഒണ്ടേൽ രണ്ടായിരത്തിനു ചില്ലറ താടീ “

പിറകില ഒരു കൂട്ടച്ചിരിയും . 

തിരിഞ്ഞു നോക്കിയപ്പോൾ മീന്കാരി ശ്യാമള ചവയ്ക്കാൻ തുപ്പികൊണ്ട് ഇളിക്കുന്നു . 

മറുത്തൊന്നും പറയാത്തതുകൊണ്ടാണ് എവിടെ കണ്ടാലും അവളുടെ പരിഹാസച്ചുവ്വയുള്ള സംസാരം . 

അവളുടെ വായടപ്പിക്കാൻ പറ്റാഞ്ഞത് കൊണ്ടായിരിക്കും സുകു നേരത്തെ പോയത് ….

പിന്നെയവിടെ നിൽക്കാൻ തോന്നിയില്ല . 

ഈശ്വരാ സമയം 3 കഴിഞ്ഞു , ഒത്തിരി വൈകിയിരിക്കുന്നു ..!

ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞതുപോലെ ..

നിരത്തിലേക്കിറങ്ങി ആദ്യം കണ്ട ഓട്ടോയ്ക്ക് തന്നെ കൈ കാണിച്ചു

 ‘ പാത്തുട്ടി ‘ കൗതുകം തോന്നുന്ന ഒരു പേരായിരുന്നു ഓട്ടോയ്ക്ക് . 

അടുത്തേക്ക് വന്നപ്പോഴാണ് മനസിലായതു പേരിലെ കൗതുകം മാത്രമായിരുന്നില്ല ആ ഓട്ടോയ്ക്ക് …..

ആളെ മനസ്സിലായെങ്കിലും മുഖം താഴോട്ടാക്കി അബൂക്ക വണ്ടി നിർത്തി .

ബീച്ചിലെ കാറ്റിനെ അബൂക്കയെ പോലെ തന്നെ തന്റേടത്തോടെ നേരിട്ട് ഓട്ടോ മുന്നോട്ടു നീങ്ങി 

കുറച്ചു നേരം നീണ്ടു നിന്ന മൗനം അബൂക്ക തന്നെ വെടിഞ്ഞു ..

” മെഡിക്ക കോളേയിലേക്കാ  …? “

എങ്ങനെ മനസ്സിലായെന്ന ചോദ്യം ഓട്ടോയുടെ സെൻട്രൽ മിററിലൂടെ കണ്ണിൽ നോക്കി അബൂക്ക വഴിച്ചെടുത്തു ..

” മെനിയാന്ന് റെഷാപ്പു ഗോപാൽന്റെ മോളെയും കൊണ്ട് ബന്നപ്പോൾ കണ്ടീനും…

 ഇപ്പൊങ്ങനുണ്ട് മോക്ക് …? “

” മാറ്റൊന്നുല്ല്യ , മോശമായി വര്ആ ..! “

ഒന്ന് വിങ്ങിപ്പോയി അത് പറഞ്ഞപ്പോൾ , 

ആ വിങ്ങൽ മനസ്സ്സിലാക്കാൻ കഴിയുന്ന ചുരുക്കം ചിലരിൽ ഒരാളാണ് അബൂക്ക. 

പണ്ട് അച്ഛന്റെ കൂടെ വലെയെറിയാനും കക്ക വാരാനും വന്നിരുന്ന അബൂക്കയുടെ മുഖം പിന്നീടു വർഷങ്ങൾക്കു ശേഷം പാതിരാത്രിക്ക് പദ്മലോഡ്ജിൽ നിന്നും ഇറങ്ങി വന്നപ്പോളാണ് കണ്ടത് . 

അന്ന് അബൂക്കയായിട്ടു ഒന്നും ചോദിച്ചില്ല .

ഒരു പൊട്ടിക്കരച്ചിൽ ആ മധ്യവയസ്കന്  മസ്സിലാകുന്നതിനുമപ്പുറം ഉണ്ടായിരുന്നു . കോരിച്ചൊരിയുന്ന മഴയുടെ ശീൽക്കാരത്തിൽ ആ കണ്ണീരും പെയ്തുതീർത്തു .

” റെയിലേ സേഷന്റെ അടുത്ത്ന്നു പൊര മാറിയേത് എന്തായാലും നന്നായി. ആരും നന്നായിക്കാണ്ന്നേ ഇന്നാട്ടുകാർക്കു പറ്റൂല. പായിരാത്രിക്ക് മുട്ടുന്ന ഹമുക്കീങ്ങളാ പകല് ബെള്ളേം ബെള്ളേം ഈട്ട് നടക്കുന്നെ ” – അബൂക്ക മുന്നോട്ടു നോക്കി തന്നെ പറഞ്ഞു .

ഓട്ടോ കോർപറേഷൻ ഓഫീസും കഴിഞ്ഞു മുന്നോട്ടു നീങ്ങി. 

ഓഫീസിന്റെ ഗേറ്റിന്റെ അടുത്തായി പെട്ടികടയിൽ ക്ലർക്ക് സുഗുണൻ സിഗരറ്റു പുകയ്ക്കുന്നു .

” ഇവിടെ സ്വീപ്പറു പണി താല്കാലികാല്ലേ …?

അല്ലേലും ഞമ്മടെ കലക്ടര് പടച്ചോന്തന്യാ. അർഹിക്കുന്നോരെ കണ്ടീല്ലാന്നു ബെക്കില്ല മൂപ്പര്  ” – 

അബൂക്ക എല്ലാം അറിയുന്നുണ്ടായിന്നു . പഴയ ചങ്ങായിന്റെ മോളുടെ അഴുക്കുചാലിലെ ജീവിതം വൈകിയാണെങ്കിലും അറിഞ്ഞപ്പോൾ നെഞ്ച് നീറിക്കാനും .

അച്ഛനോളം പ്രായമില്ലെങ്കിലും അച്ഛന്റെ കൂടെ വീട്ടില് വന്നിരുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു അബൂക്ക. ആരോഗ്യദൃഢഗാത്രനായ ചെറുപ്പക്കാരൻ. 

ഇന്ന് ഒരുപാട് മാറിയിരിക്കുന്നു അബൂക്ക. ക്ഷീണിച്ചു കവിളൊട്ടി നെറ്റിയിൽ പ്രാരാബ്ധത്തിന്റെ നീർകെട്ടും  നരച്ച മുടിയുമായി ഭൂതകാലത്തിന്റെ ശേഷിപ്പൊട്ടുമില്ലാതെ പ്രതീക്ഷയറ്റ ആൾരൂപം മാത്രമായിരിക്കുന്നു …!

അബൂക്കയോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു ..

ഉമ്മായെ കുറിച്ച് ,

പെങ്ങള് ജമീലയെ കുറിച്ച് , 

ജമീല പറഞ്ഞത് കേട്ടറിഞ്ഞ അബൂക്കയുടെ മൊഞ്ചത്തി സൈനബയെ കുറിച്ച് ….

അങ്ങനെ ഒത്തിരി ..പക്ഷെ വാക്കുകൾ പുറത്തേക്കു വരുന്നില്ല . 

കുറ്റബോധം ഒരു വീർപ്പുമുട്ടലായതു ആദ്യമായാണ് …

അബൂക്കയെ  കണ്ട ആ ദിവസത്തെയോർത്തു ഒരുപാട് കണ്ണീരു പൊഴിച്ചിട്ടുണ്ട് ….!

ഓർമകൾ മനസ്സിനെ ചിതല് പോലെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു .

മിഴികളിൽ ചാലുകൾ തീർക്കാനിന്നു കണ്ണീരും വറ്റിയിരിക്കുന്നു ..

അശാന്തമായ തീരം പോലെ ഓർമകൾ മനസ്സിൽ തിരയടിച്ചു കൊണ്ടിരിന്നു ..

ജീവിതം ഒരു ജല്പനം മാത്രമാണിന്നു.

മകളുടെ കൊച്ചു സ്വപ്നങ്ങൾക്ക് വേണ്ടി മാത്രം തള്ളിനീക്കുന്ന വെറുമൊരു റിക്ഷ …!

അവളുടെ നാളെകൾ ഒരുപാട് ചോദ്യങ്ങളുടേതായിരിക്കും ….!

ഓട്ടോറിക്ഷ മെഡിക്കൽ കോളേജിൽ എത്താറായി. 

ആംബുലൻസിന്റെ സൈറൺ മുഴങ്ങിക്കൊണ്ടിരുന്നു . 

ഹെഡ് ലൈറ്റിട്ടു ഉറക്കെ ഹോണടിച്ചു വരുന്ന ജീപ്പുകളും വാഹനങ്ങളുമായി കാശ്വാലിറ്റിക്കു മുന്നില് പതിവ് പോലെ തിരക്കു തന്നെ .

കയ്യിലാകെയുള്ള ഇരുപതു വച്ചു നീട്ടി .

“യിപ്പോത് വേണ്ടാ , മോളെ ഡിസ്ചാർജ് ചെയ്യാദ്യം ” 

-അബൂക്ക ഓട്ടോ തിരിച്ചു .

മാന്ദ്യവും ഹർത്താലുകളും നോക്കാതെ ദിവസവും എപ്പോഴും തിരക്കുണ്ടാകുന്ന വിരലിലെണ്ണാവുന്ന ചിലയിടങ്ങളിലൊന്നാണിവിടവും.

പലപ്പോഴും ഓർത്തിട്ടുള്ളതാണ്  കൊലയും കുതികാൽ വെട്ടലും ശീലമാക്കിയവർ , ജീവിതത്തിൽ എല്ലാം നേടിയെന്നു കരുതുന്നവർ , ഇനിയും വെട്ടിപ്പിടിക്കാൻ പരക്കം പായുന്നവരും ഒരു മണിക്കൂറെങ്കിലും ഈ വരാന്തയിൽ ചിലവഴിച്ചെങ്കിൽ .

കനലുകൾ എരിഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്കുന്നവരുണ്ടിവരുടെ ,

പ്രതീക്ഷകളകലുമ്പോൾ ദൈവത്തെ പഴിക്കുന്നവരുമുണ്ട്…

ഒരുപക്ഷെ എറ്റവും കരച്ചിലുകൾ കേട്ട ചുമരുകൾ ഈ വരാന്തയുടെതായിരിക്കും 

ആർത്തലയ്ക്കുന്നവർ സ്ഥിരം കാഴ്ചയാകുമ്പോൾ കൽചുമരുകൾ വീണ്ടും പരുക്കാനായികൊണ്ടിരിക്കുന്നു …

മറ്റൊരു കൂട്ടർ വൃദ്ധരാണ് ,

മരണത്തെ പുല്കാൻ കേഴുന്നവരെ കാണണോ …?

ഭൂമിയിലെ ദൈവത്തിന്റെ ശിക്ഷയാണ് ഒരു തരത്തിൽ വേദനസഹജമായ വാർദ്ധക്യം …

ഓരോ മനുഷ്യരും നേരിടേണ്ട ഏറ്റവും വലിയ വെല്ലുവിളി. അനിവാര്യമായ ആശ്രമം …!

പന്ത്രണ്ടാം വാർഡിലേക്ക് നടന്നടുത്തപ്പോൾ പിറകിന്നു ഒരു അടക്കം പറച്ചിൽ കേട്ടു .

” ഇതല്ലേ ആ കൊച്ചിന്റെ അമ്മ. അവരോടു കാര്യം പറഞ്ഞേക്കു ” –

ഒരു നാല്പതുകാരൻ അടുത്ത് വന്നു . കാക്കി നിറത്തിൽ പാന്റും ഷർട്ടുമാണ് വേഷം . കഴുത്തിൽ ഒരു ബാഡ്ജ് തൂക്കിയിട്ടുണ്ട്‌ അതിൽ ‘ മോർചെറി ‘ എന്നെഴുതിയിരുന്നു .

” ഈലൊന്ന് ഒപ്ടണം , കൂടെ ആരൂല്ലേങ്കിൽ സ്വാന്തനക്കാരുടെ ആംബുലൻസുണ്ട് . ഓപിയിൽ പറഞ്ഞാൽ ഓര് വേണ്ടിയെ ചെയ്തേരും “

– അയാള് അവ്യക്തമായി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു . വ്യക്തതയില്ലാത്തതു എന്താണെന്നു മനസ്സിലാകും മുന്പ് കാലിനു എന്തോ ഒരു തളർച്ച തോന്നിതുടങ്ങിയിക്കുന്നു . ദാഹം മൂർദ്ധന്യതയിലെത്തി, തൊണ്ട വരളാൻ തുടങ്ങിയിരിക്കുന്നു …

”  രാവിൽത്തന്നെ കഴിഞ്ഞീനും , ഇങ്ങളെ കുറെ നോക്കി , കാണാത്തോണ്ട് ഡോക്ടറാ മോർച്ചറീലേക്കു മാറ്റാമ്പറഞ്ഞേ ” – 

ഇന്നലെ മോൾക്ക് കഞ്ഞി തന്ന ചേച്ചിയായിരുന്നു . അവര് മെല്ലെ കയ്യിൽപിടിച്ചപ്പോഴേക്കും കാലുകൾ തളർന്നിരുന്നു. വീണുപോയി …

ചുറ്റും ആർത്തലയ്ക്കുന്ന തേനീച്ചക്കൂടിന്റെ ശബ്ദം …

ആരെക്കെയോ ചേർന്നു കൈകളിൽ പിടിക്കുന്നു . ബലിഷ്ഠമായ കൈകൾ , തണുത്ത വിരലുകൾ . ചുറ്റിലും ശുഭവസ്‌ത്രക്കാർ ..

പുറത്തു പരുത്ത മെത്തയുടെ നനുത്ത തണുപ്പടിച്ചു .എവിടെയോ  കിടത്തിയെന്നു തോനുന്നു .

ചാരനിരത്തിൽ കുറെ കുമിളകൾ ചുറ്റും പറന്നു കൊണ്ടിരിക്കുന്നു . 

മുലകൾക്കിടയിൽ ഒരു തരം വീർപ്പുമുട്ടൽ . മുലപ്പാലിന്റെ രൂക്ഷഗന്ധം ….

മുകളിൽ മാറാല ചുറ്റിയ , പൊടിപടിച്ച ഫാൻ ആര്ക്കും വേണ്ടാത്ത പോലെ കറങ്ങി കൊണ്ടിരുന്നു ….!

 …………………..

Aysha Khaleel

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here