വീട്

രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് കട്ടൻ കാപ്പി ക്കുമായി ഉമ്മറത്ത് വന്ന് വെളിയിലേയ്ക്ക് നോക്കി ഇരിക്കുന്നത് ഏറെ ഇഷ്ടമുള്ള  കാര്യമാണ്. പ്രഭാതത്തിലെ ഇളം വെയിലും, തൊഴുത്തിലെ പശുക്കളുടെ കരച്ചിലും, കൂട്ടം കൂടി പൊട്ടിച്ചിരിച്ച് ബഹളം കൂട്ടി കുട്ടികൾ പോകുന്നതും, അതിരാവിലെ വീട്ടിലെ ജോലികൾ തീർത്ത് ധൃതിയിൽ ബസ് പിടിക്കാൻ ഓടുന്നവരേയും എല്ലാം കണ്ട്  ചൂടു കാപ്പി മൊത്തി കുടിച്ച് തന്റെ ദിനചര്യകൾ ആരംഭിക്കും

ആ നാട്ടിലെ വില്ലേജ് ആപ്പീസിലേയ്ക്ക് സ്ഥലം മാറി എത്തിയതാണ്; അതുകൊണ്ട് എല്ലാം സ്വന്തമായി ചെയ്യണം, അത്യാവശ്യം എന്തെങ്കിലും ഒക്കെ ഉണ്ടാക്കും, ബാക്കി എല്ലാം ഹോട്ടൽ തന്നെ ശരണം.ഓഫീസിലെ ജോർജ്ജ് ചേട്ടനാണ് ഈ വീട് വാടകക്ക് ആക്കി തന്നത്. രണ്ട് മുറിയും അടുക്കളയും, ചെറിയ ഒരു മുറ്റം, കിണർ.കുറെ നാളത്തെ അന്വേഷണത്തിന് ഒടുവിലാണ് ഈ വീട് കിട്ടിയത്. ജോർജ്ജ് ചേട്ടനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇനീം ഭാര്യയേം മക്കളേം കൊണ്ടുവരണം, അടുത്തുള്ള സ്കൂളിൽ അഡ്മിഷന്റെ കാര്യങ്ങൾ പറഞ്ഞ് വെച്ചിട്ടുണ്ട്. അവരും കൂടെ വന്നു കഴിയുംബോൾ ഇതൊരു വീടാകും.മന:സ്സിൽ ഓർത്തു

ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോൾ മുതൽ അവൾ നിർബന്ധിക്കുന്നതാണ് സ്വന്തമായി ഒരു വീട് വെക്കുന്നതിനെക്കുറിച്ച്.ഓരോരോ കാരണങ്ങളാൽ അത് നീണ്ടു പോയി;വീടിനെക്കുറിച്ച് ആലോചിക്കുംബോഴെല്ലാം അച്ചനും, അമ്മയും ഓർമ്മകളിലേയ്ക്ക് എത്തും, എന്തുമാത്രം സന്തോഷത്തോടെ ആയിരുന്നു കഴിഞ്ഞിരുന്നത്.പെങ്ങൻമാരുടെ പാട്ടും, ചിരിയും, വീട്ടിൽ എപ്പോഴും സന്താഷം മാത്രം ആയിരുന്നു. എത്ര പെട്ടെന്നാണ് എല്ലാം കഴിഞ്ഞത്. ഒരു ദിവസം ജോലിക്ക് പോയ അച്ചൻ ഓഫീസിൽ തളർന്നുവീണു; എല്ലാവരും കൂടെ ഹോസ്പിറ്റലിൽ ആക്കി, “പാൻക്രിയാറ്റിക് ക്യാൻസർ “അവസാന സ്റ്റേജ് ആയിരുന്നു;ആരെയും അറിയിക്കാതെ അച്ചൻ കൊണ്ട് നടന്നു, വേദന കൂടുമ്പോൾ മെഡിക്കൽ ഷോപ്പിൽ നിന്നും ഗുളികകൾ മേടിച്ച് കഴിക്കും; എല്ലാരേയും തീരാ ദു:ഖത്തിലേയ്ക്ക് ആഴ്ത്തി അച്ചൻ യാത്രയായി.മകന്റെ കുഞ്ഞിനെ കാണണം എന്നത് അച്ചന്റെ വലിയ ആഗ്രഹം ആയിരുന്നു, അച്ചന്റെ മരണത്തോടുകൂടി അമ്മയും കിടപ്പായി. അമ്മയുടെ ആഗ്രഹത്തിന് വഴങ്ങി പെങ്ങൻമാർക്ക് മുമ്പേ വിവാഹം കഴിക്കേണ്ടി വന്നു.ഏറെ ചെല്ലുന്നതിന് മുൻപേ അമ്മയും യാതയായി. ഏറെ താമസിയാതെ തന്നെ രണ്ട് പെങ്ങൻമാരേയും വിവാഹം ചെയ്ത് അയച്ചു; അതോടെ ഉണ്ടായിരുന്ന വീടും പറമ്പും ബങ്കുകാരും കൊണ്ടുപോയി. പിടിച്ച് നിൽക്കാനുള്ള ധൈര്യം തന്നത് അച്ചൻ തന്നിട്ട് പോയ ജോലിയും പിന്നെ തന്റെ പ്രീയപ്പെട്ടവളും ആണ്.പെങ്ങളുമാരുടെ മുൻപിൽ താനൊരു പെങ്കോന്തനാണ്, ഭാര്യ പറയുന്നതിന് അപ്പുറം ഇല്ല. അവർക്ക് അറിയില്ലല്ലോ ജീവിതത്തിന്റെ രണ്ട് അറ്റവും മുട്ടിക്കാൻ ഞങ്ങൾപെടുന്ന പാട്.

ആരോ വിളിക്കുന്നത് കേടാണ് ചിന്തകളിൽ നിന്ന് ഉണർന്നത്, അടുത്ത വീട്ടിലെ ചേട്ടൻ രാവിലെ കുശലം ചോദിക്കാൻ എത്തിയതാണ്, ഇവിടെ താമസം തുടങ്ങിയ അന്നുമുതൽ ചേട്ടൻ എന്നും വരും, വന്ന സമയത്ത് സാധനങ്ങൾ ഇറക്കിവയ്ക്കാനും ,കടകളിൽ പോകാനുമൊക്കെ സഹായിച്ചത് ചേട്ടനാണ്. പത്രം മറിച്ച് നോക്കി ക്ഷേമം അന്വേഷിച്ച് അദ്ദേഹം പോയി. കുറച്ച് സമയം കൂടെ അങ്ങനെ  ഇരുന്നു, വെയിലിന് കാഠിന്യം ഏറിത്തുടങ്ങുന്നു, ഒരു മഴ കിട്ടിയിട്ട് കുറച്ചായി. മുറ്റത്തെ ചെടികൾ കരിഞ്ഞ് തുടങ്ങുന്നു.മുൻപ് താമസിച്ചിരുന്നവർ നട്ടതാണെന്ന് തോന്നുന്നു മുല്ലയും, റോസയും, ജമന്തിയും ഒക്കെയുണ്ട്. കുറച്ച് വെള്ളം ഒഴിക്കണം., വൈകിട്ടത്തേയ്ക്ക് മാറ്റി വെച്ചാൽ ശരിയാകില്ല; എഴുന്നേറ്റ് പൈപ്പിന്റെ അടുത്തേയ്ക്ക് നടന്നു.

രണ്ട് ആഴ്ച്ചയോളം ആകുന്നു ദേവൂനേം, കുട്ടികളെയും കണ്ടിട്ട്. ഓഫീസിൽ ഈ ഇടെയായി നല്ല തിരക്കാണ്.കരം അടയ്ക്കുന്നവരും ,സർവ്വേ പുതുക്കുന്നവരും, പുതിയ രജിസ്ട്രേഷൻകാരും…. വൈകുന്നേരം ആകുംബോഴേയ്ക്കും നല്ല ക്ഷീണം ആകും. അടുത്തുള്ള ബിവറേജിൽ കയറി ഒരു ചെറുതും, തട്ടുകടയിൽ നിന്നും കഴിക്കാനാനും മേടിച്ച് പോരും. മദ്യപാനം ഒരു ശീലം അല്ലാത്തതാണ് ,ദേവൂന് ഇതിന്റെ മണം പിടിക്കില്ല അതുകൊണ്ട്തന്നെ അവൾ ഉള്ളപ്പോൾ ഉപയോഗിക്കാറുമില്ല. ഇപ്പോഴും അധികം കഴിക്കാറില്ല ,ഭക്ഷണത്തിന്റെ കൂടെ അല്പം അതിന് ശേഷം TV  ഓൺ ചെയ്ത് ചാനലുകൾ മാറ്റി മാറ്റി ഇരിക്കും, പലപ്പോഴും അങ്ങനെ തന്നെ ഉറങ്ങിപ്പോകും. ദേവൂം കുട്ടികളും ഇല്ലാത്തത് കൊണ്ട് ഇതൊരു ദിനചര്യ പോലെ മാറിയിരിക്കുന്നു .എത്രയും പെട്ടെന്ന് അവരെ കൊണ്ടുവരണം.

കുറച്ച് സ്ഥലം മേടിച്ച് ഒരു പുതിയ വീട് പണിയാൻ കുറേ പണച്ചിലവ് ആകും. ഓഫീസിലെ വിജയന് റിയൽ എസ്‌റ്റേറ്റിന്റെയും ബിസിനസ് ഉണ്ടെന്ന് കേട്ട് അവനോട് ആഗ്രഹം പറഞ്ഞു. എവിടെ എങ്കിലും പത്ത് സെന്റ് സ്ഥലവും ഒരു കൊച്ച് വീടും, “ഒക്കെ ശരിയാക്കാം മാഷെ” എന്ന് തോളത്തും തട്ടി അവൻ പോയതാണ് പിന്നെ ഇതുവരെ ഒന്നും കേട്ടില്ല; ഇനീം കാണുംബോൾ ചോദിക്കണം. ദേവൂന്റെ കൈയ്യിൽ കുറച്ച് സ്വർണ്ണം ഉള്ളത് വില്ക്കാം. “പി. ഫ്” ലും കുറച്ച് കാണും ഒത്തിരി വലിയ തുക ലോൺ എടുക്കാതെ കാര്യങ്ങൾ നടന്നാൽ മതിയായിരുന്നു

പിറ്റെ ആഴ്ച്ച തന്നെ ദേവൂനേം മക്കളേം കൂട്ടികൊണ്ട് വന്നു. മക്കൾ എത്തിയതോട്കൂടി വീടിന് ഒച്ചയും ബഹളവും ആയി.ദേവൂനും വീടും പരിസരവും ഇഷ്ടപ്പെട്ടു.വാടക വീടാണെന്നുള്ള സങ്കടം ആ കണ്ണുകളിൽ കണ്ടു. അവളുടെ നോട്ടത്തെ നേരിടാനാകാതെ മന: പൂർവ്വം മുഖം തിരിച്ചു

ഒരു ദിവസം ഓഫീസിൽ കണ്ടപ്പോൾ വിജയൻ പറഞ്ഞു ” ഒരു വീടും കുറച്ച് സ്ഥലവും വിൽപ്പനയ്ക്ക് വന്നിട്ടുണ്ട് നമുക്ക് ഒന്ന് പോയി നോക്കാം” പിറ്റെ ശനിയാഴ്ച്ച തന്നെ ദേവൂനെം കൂട്ടി വിജയന്റെ കൂടെ സ്ഥലം കാണാൻ പോയി. ഇപ്പോൾ തമസിക്കുന്ന വാടക വീട്ടിൽ നിന്നും കുറച്ച് മാറി കുന്നിൻ ചരുവിലായി ഒരു കൊച്ച് വീട്. സ്വന്തമായി ഒരു വീട് എന്ന മോഹം മനസ്സിൽ വരുംബോഴെല്ലാം തെളിയുന്ന വീടിന്റെ ഏകാദശ രൂപം. എപ്പോഴും നല്ല തണുത്ത കാറ്റ്.ജോലി സ്ഥലത്ത് നിന്നും ഒരുപാട് അകലെയും അല്ല എന്നാൽ തിരക്കുകളിൽ നിന്ന് അല്പം അകന്നും. വീടും പരിസരവും നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. മാറ്റത്തിന്റെ അരിക് ചെടികൾ വെച്ച് തിരിച്ചിരിക്കുന്നു. എല്ലാവർക്കും വീടും പരിസരവും വളരെ ഇഷ്ടമായി.

അത്ര നാളും സ്വരുകൂട്ടി വെച്ചതും ,സ്വർണ്ണവും.പി ഫ് ഉം എല്ലാം കൂട്ടിയിട്ടും അവർ ആവശ്യപ്പെട്ട തുക ആയില്ല. ബാങ്കിൽ നിന്നും ലോൺ എടുക്കാനുള്ള എല്ലാ സഹായവും വിജയൻ ചെയ്തു. ആ സമയത്താണ് ദേവൂന്റെ അച്ചനും അമ്മയും എത്തിയത്.പുതിയ വീട് മേടിക്കുന്ന വിവരം അറിഞ്ഞുള്ള വരവായിരുന്നു അത്. കുറച്ച് നാളായി അവരും നിർബന്ധിക്കുന്നു .ഓരോരോ കാരണങ്ങളാൽ ഇത്ര വരെ ആയി . അച്ചനും അമ്മയും പോകാനിറങ്ങിയപ്പോൾ  അവളുടെ കൈയ്യിൽ ഒരു പൊതി വെച്ച് കൊടുക്കുന്നത് കണ്ടു. വീടു വാങ്ങാൻ ഭാര്യവീട്ടുകാരെ ആശ്രയിക്കരുത് എന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോഴത്തെ സാഹചര്യവും, ഭാര്യയുടെ മുഖത്തെ സന്തോഷവും എല്ലാ വാശികളെയും മാറ്റി വെയ്ക്കാൻ നിർബന്ധിച്ചു.

അങ്ങനെ കാത്തിരുന്ന സുദിനം വന്നെത്തി, സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നു. ഭാര്യയുടെ കണ്ണിലെ തിളക്കവും, മുഖത്തെ സന്തോഷവും കണ്ടു. വല്ലാത്തൊരു സമാധാനം തന്റെ ഉള്ളിലും, അച്ചനമ്മമാരുടെയും, സുഹൃത്തുക്കളുടെയും അനുഗ്രഹത്തോടെ പുതിയ വീട്ടിലേയ്ക്ക് ,പുതിയ പ്രതീക്ഷകളിലേയ്ക്ക് ഭാര്യയുടെയും മക്കളുടെയും കരം പിടിച്ച് നടന്ന് കയറി          

                     റോബിൻ കൈതപ്പറമ്പു്

LEAVE A REPLY

Please enter your comment!
Please enter your name here