കല്ല്യാണച്ചരട്-( നർമ്മകഥ )
————————+++++++++—-+++

”നിങ്ങളു കാരണം ,ഈ പിള്ളേരും ഉറങ്ങുന്നില്ല”. ഭാര്യ പിറുപിറുത്തു.”നേരം പത്തരമണിയായി. നിങ്ങളുടെ ഒരു കഥയെഴുത്ത് “.

“ഇല്ലെടീ ഞാനിപ്പം നിർത്താം,
ഏതൊരാളുടെയും വിജയത്തിന്റെ പിന്നിൽ ഒരു പെണ്ണുണ്ടാകും, അതറിയാമോ നിനക്ക്”.

അവൾ പറയുന്നതിലും കാര്യമുണ്ട്. ഉറക്കം തന്നെ മര്യാദയ്ക്ക്കിട്ടുന്നില്ല.

“നാളെ രാവിലെ നിങ്ങളുടെ ആത്മാർത്ഥ സുഹൃത്തിന്റെ കല്യാണമായിട്ട് രാവിലെ ആറു മണിക്ക് എത്തേണ്ടതല്ലേ..
ഈ കേട്ടെഴുത്ത് ഗ്രൂപ്പിന്റെ ആളാരാ പോലും “,
“ഇങ്ങേരു രാവിലെ അഞ്ചു മുതൽ ‘കേട്ടെഴുത്ത് ‘കഥവായന, രാത്രി ഒമ്പതു മുതലും ഇതു തന്നെ പരിപാടി.
വീട്ടിലിരിക്കുന്ന പെണ്ണുങ്ങളുടെ ശാപം മുഴുവൻ കേട്ടെഴുത്ത് കാരൻ വാങ്ങി കൂട്ടുമല്ലോ ദൈവമേ “.

കേട്ടെഴുത്ത് എന്റെ സാഹിത്യ ഗ്രൂപ്പാണ്.
ഇപ്പോൾ കാര്യമായ ജോലി ഇതു തന്നെ.

മക്കൾക്കും പപ്പയുടെ കഥകൾ കേൾക്കാനിഷ്ടമാണ്.
എന്റെ മൂന്നു വയസ്സുകാരനും ഒമ്പതു വയസ്സുകാരനും പപ്പയുടെ കഥകൾ’ കേൾക്കാൻ നല്ല സന്തോഷമാണ്.

‘എന്റെ സാഹിത്യവാസനകൾ പരിപോഷിപ്പിക്കുന്നതിൽ മക്കളുടെ പിന്തുണ ലഭിക്കുന്ന ഭാഗ്യവാനായ അച്ഛൻ’.

“പപ്പയുടെ കഥകൾ കേട്ടിരുന്നോ.. കുറെ എഴുതിക്കൂട്ടിയാൽ പുഴുങ്ങി തിന്നാം”.സഹധർമ്മിണി മൊഴിയും.

രാവിലെ അഞ്ചു മണിക്ക് എണീറ്റ് അടുക്കളയിലേക്ക് പോയ അവൾ അടുക്കള ജോലിക്കിടെ വന്നു നോക്കുമ്പോൾ കിടന്നു കൊണ്ട് മൊബൈൽ ഫോണിലൂടെ കേട്ടെഴുത്ത് വായിക്കുന്ന എന്നെയാണ്.

പിന്നെ കലിവരാതിരിക്കുമോ.

എന്നാലും കേട്ടെഴുത്തിലെ എന്റെ കഥകൾ വായിച്ച് അവൾ സന്തോഷിക്കുന്നതു കാണാമായിരുന്നു.

“അയ്യോ നേരം പോയല്ലോടീ… എട്ടു മണി കഴിഞ്ഞല്ലോ… അലക്സ് എന്നാ വിചാരിക്കും
പത്തേ മുപ്പതിനാ കെട്ട് .. “

“എടീ ടാങ്കിൽ വെള്ളമില്ലല്ലോ..”

“ഇല്ല ഉണ്ടാകില്ല,
വേണമെങ്കിൽ കിണറിൽ നിന്നും കോരി കുളിക്ക്.. “,

”മടിയൻമല ചുമക്കും.കേട്ടെഴുത്തിലെ മടിയൻ…”.

ഒരു തൊഴികൊടുക്കാൻ തോന്നിയെങ്കിലും… അടുക്കളയിൽ പണിമുടക്കിയാലോയെന്ന് ആലോചിച്ച് ആത്മസംയമനം പാലിച്ചു.

“ഹോ അര ബക്കറ്റ് വെള്ളം കൊണ്ട് അപ്പനും മക്കളും കുളിച്ചോ.. “.

ഒരു ദോശ ചുരുട്ടി വായിലേക്കിട്ട് ‘.. ഒരുഗ്ലാസ് ചൂടു ചായ ഞാൻ അന്നനാളത്തിലേക്കൊഴിച്ചു.

‘ഹോ എന്താ തിരക്ക്… അലക്സിന്റെ ഫോണതാ വരുന്നു.
ആകെ പണിയായല്ലോ…..

മക്കളുടെയും എന്റെയും ഡ്രസ്സ് പരതലാണ്, അടുത്തപരിപാടി.

“മോനേ ഇതു നല്ല പാൻറാ ഇട്ടോ..”,

” ഇതു വേണ്ട.. “,ഇളയ പുത്രൻ ഇട്ടു കൊടുക്കുന്നല്ലൊം ഊരിയെറിയുകയാണ്.

‘ഹോ രക്ഷപ്പെട്ടു.’… രണ്ടു പേരും ഒരു വിധം ഡ്രസ്സുമാറി..

വലിയൊരു യുദ്ധം കഴിഞ്ഞു.

അലക്സ് പിന്നേം വിളിക്കുന്നു.

“അയ്യോടീ…. പൂമാല ഞാൻ മേടിച്ചോ ണ്ടുചെല്ലാമെന്നാ പറഞ്ഞിരുന്നത്, ഇനി എന്നാ ചെയ്യും”.

“നിങ്ങളു വേഗമൊന്ന് റെഡിയാക് മനുഷ്യാ…..”.

“എടീ… എന്റെ അണ്ടർ വെയറു കാണുന്നില്ലല്ലോ.. “.

“ഹോ ,അതും കേട്ടെഴുത്തിന് കഥയുടെകൂടെ ,അഴിച്ചു കൊടുത്തോ മനുഷ്യാ.. “.

ഒരു വിധം പോകുന്ന പോക്കിനു കുഞ്ഞിരാമേട്ടന്റെ കടേന്ന് പൂമാലയും വാങ്ങി…

‘ഞങ്ങളുടെ എ.സി,ബി എം ഡബ്ളുകാറായ ഓട്ടോറിഷയിൽ കയറി കുതിക്കുകയാണ്.

“അലക്സേ ഇതാ എത്തിയെടാ….
പള്ളീന്ന് കാണാം “.

ഒരു വിധം തിക്കിതിരക്കി പള്ളീക്കുള്ളിൽ കയറി. വില്ലേജ് ഓഫീസറായ അലക്സിന്റെ കല്യാണത്തിന് നല്ല ജനക്കൂട്ടമുണ്ട്.

“ചേച്ചിമാരേ വഴിതന്നേ ,മാല കൊടുക്കട്ടെ “.

‘അല്ലെങ്കിൽ തന്നെ പീഡനം പീഡന പ്രശ്നമാണ്. തട്ടും മുട്ടും ആയാൽ നമ്മക്ക് എട്ടിന്റെ പണി കിട്ടും.’

സ്ത്രീ ജനങ്ങളെല്ലാം നല്ല അണിഞ്ഞൊരുങ്ങിയാണ് വന്നിരിക്കുന്നത്. പലതരം മോഡലുകൾ.

”നിനക്ക് ഷുഗറും പ്രഷറുമൊന്നുമില്ലേറോസീ.. ” അന്നമ്മചേച്ചി വിശേഷം ഒരു തരുണീമണിയോട് ചോദിക്കുവാണ്. “ഇല്ല ചേച്ചീ.. “. “ഓ… അപ്പം ഈ കാണുന്ന തടി മാത്രമേ ഒള്ളല്ലേ…” അന്നമ്മചേച്ചി അടിമുതൽ മുടി വരെ നോക്കി കൊണ്ടു മൊഴിഞ്ഞു.

ഞാനുമൊന്നു നോക്കി… ഇവൾക്ക് അന്നമ്മ ചേച്ചീടെ കണ്ണ് കൊണ്ടു കാണും… രാത്രി നടുവേദന ഉറപ്പാ… ഹോ അവൾടെ കെട്ടിയോൻ പട്ടിണി തന്നെയാകുമല്ലോയിന്ന്….

അല്ലെങ്കിലും പെണ്ണുങ്ങൾ അങ്ങനെയാണ്… കല്യാണ സ്ഥലത്ത് മറ്റുള്ളവരുടെ സാരി… ചുരിദാർ.. മുടി.. മാല..വള… തടി…. ഇവയിലൊക്കെയാണ് കണ്ണ്…

പലവിധ വേഷത്തിൽ അണിഞ്ഞൊരുങ്ങി, അന്നനട, ആനട, കുതിരനട, മുയലുനട, ആമനട… ഇങ്ങനെവിവിധ സ്റ്റൈലിലാണ് തരുണീമണികളുടെ നടത്തം.

“വഴിമാറ്…”, മാലയുമായി ഞാൻ കുതിക്കുകയാണ്…. തൊട്ടുപിറകെ എന്റെ രണ്ടു കുട്ടൻമാരും..

ഭാര്യ അവളുടെ ആത്മമിത്രം മായയെ കണ്ടപ്പോൾ അവളുടെ കൂടെക്കൂടി…

ഒരു വിധം തിക്കിതിക്കിയെത്തി… അലക്സിന്റെ പെങ്ങൾ ജാൻസി കടിച്ചുകീറാ നെന്ന ഭാവത്തിൽ എന്നെ നോക്കുന്നുണ്ട്.

“താലി കൊടുക്ക് ജാൻസീ…. ” വികാരിയച്ചൻ പറയുന്നുണ്ട്.

” താലി കൊടുക്ക്‌ ജാൻസീ… “, വീണ്ടും….” ജാൻസീ കൊടുക്ക്‌…..”.

അലക്സ് നിന്നു വിയർക്കുന്നുണ്ട്.
‘പാവം കെട്ടുമ്പോ തന്നെ വിയർക്കുന്നുണ്ട്. ഹോ ഇനി ഇവനെത്ര വിയർക്കാനിരിക്കുന്നു.. ‘

ജാൻസി നിന്നു പരുങ്ങുന്നുണ്ട്… “എന്താ, ജാൻസീ “, ഞാൻ പതിയെ ചോദിച്ചു.

“താലിയൊണ്ട്.. കെട്ടാനുള്ള ചരട് കാണുന്നില്ല ചേട്ടാ…”

സാധാരണ മന്ത്രകോടിയിലെ നൂല് അഴിച്ചെടുത്താണ് താലി ചരട് ഉണ്ടാക്കുന്നത്. സാധാരണ ചെറുക്കന്റെ പെങ്ങളുടെ ഡ്യൂട്ടിയാണത്..

എല്ലാവരും മുകളിലും താഴെയുമായിനോക്കുന്നുണ്ട്. ആകെ ആശയകുഴപ്പം. ചില കുശുമ്പികളുടെ മുഖത്തു സന്തോഷം കളിയാടുന്നതു കാണാനുണ്ട്.

“ചരട് ഞാനിപ്പം കൊണ്ടുവരാം….. എന്റച്ചോ “.
എന്നു മൊഴിഞ്ഞു കൊണ്ട് ഞാൻ പുറത്തേക്ക് പോയി.

ചരടുമായി വന്നു.
അലക്സിന്റെ പെണ്ണുകെട്ടു സുഗമമായി നടന്നു.

രാത്രിയിൽ തലയിണ മന്ത്രത്തിനിടയിൽ അവൾ ചോദിച്ചു.

” നിങ്ങളെങ്ങനാ മനുഷ്യാ ചരട് ഒപ്പിച്ചെടുത്തത്…. “.

“അതെടീ വലിയ രഹസ്യമാ.. അതു പിന്നെപ്പറയാം…… “.

” നമ്മുടെ കേട്ടെഴുത്തിലെ കഥ വായിച്ച് ലൈക്കടിക്കേണ്ടതാ…
എന്റെ കഥയ്ക്കോ ലൈക്കടിക്കില്ല… ദുഷ്ടൻമാർ… എന്നാലും ഞാൻ വായിക്കാണ്ടിരുന്നാലേ.. ആ ഗൾഫിൽ ഭാര്യമാരുടെ ശല്യമില്ലാത്തതിനാൽ നല്ല കഥയെഴുതുന്ന ഭർത്താക്കന്മാർക്ക് വിഷമമാകുമെടീ..”.

“എന്നാലും നിങ്ങളെങ്ങനാ മനുഷ്യാ ചരട് ഒപ്പിച്ചേ ഒന്നു പറ മനുഷ്യാ…. “

“നീ.. ഞാൻ രാവിലേം വൈകുന്നേരോം കേട്ടെഴുത്തില് പോകുമ്പോ… പിറുപിറുക്കോ…. “.

” ഇല്ല മനുഷ്യാ, ഒന്നു വേഗം പറഞ്ഞു താ.. “.

“അതൊണ്ടല്ലോടീ, എന്റെ അണ്ടർവെയറു കാണാത്തപ്പം എന്റെ പഴേ ബർമുഡ ഞാൻ പകരമായിട്ട് ഒപ്പിച്ചു..
അതിന്റെ മോളിലാ മുണ്ടുടുത്തേ.. “.

“നീഞാൻ പാന്റിടാത്തതിന് മുഖം വീർപ്പിച്ചതു ഞാൻ ശ്രദ്ധിച്ചു.ഈ പണ്ടാരം ഇട്ടു കഴിഞ്ഞപ്പം പാന്റ് കേറുന്നില്ല… അതാ മുണ്ടുടുത്തത്..”.

” പള്ളിയുടെപുറകീന്ന് ബർമുഡയഴിച്ച്… ചരട് എടുത്ത് അതീന്നാടീ കല്യാണ ചരട്‌ ഒപ്പിച്ചത്…”

പാവം എന്റെ ബർമുഡയെ കപ്യാര് തൊമ്മൻ എടുത്ത് പള്ളീലെ വെയ്സ്റ്റ് കുഴീലിട്ടു..

“അതെന്നാ…. പറ്റിയത്…. “.

“എടീ ചരടില്ലാണ്ട് വേഗത്തിലു നടന്നപ്പോ ഊരിപ്പോയി.. “

“അലക്സിന്റെ കല്യാണ ചരടിന്റെ തിരക്കിന് അതൊന്നും നോക്കിയില്ല…”.

“നമ്മുടെ അയലോക്കത്തെ ചാക്കോടെ ഇളേ സന്താനമില്ലേടി, എന്നതാ അവന്റെ പേര്… ഓ.. ഷാരോൺ,ആ തലതെറിച്ച ചെറുക്കൻ എന്റെ ഒറ്റമുണ്ടിലോട്ട് നോക്കി ചിരിച്ചപ്പഴാ.. ശൂന്യാകാശമാണെന്ന് മനസ്സിലായത് “.

“നാണം കെട്ട മനുഷ്യൻ “. ഒരു ചവിട്ടും തന്നിട്ട് അവൾ തിരിഞ്ഞു കിടന്നു.

നാളെ അലക്സും കുടുംബവും ഗൾഫിൽ നിന്നും വരുന്നുണ്ട്.

കല്ല്യാണം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞപ്പോൾ അവന്റെ ‘പെമ്പ്ര ന്നോത്തിക്ക് ‘ഗൾഫില് നേഴ്സിന്റെ ജോലി കിട്ടിയപ്പോൾ വില്ലേജിലെ ഭാരം ഇറക്കിവയ്ക്കാൻ അലക്സും  ലീവെടുത്ത് പോയിരുന്നു.

അലക്സും ആലീസും ഒരുവയസ്സായ അമൽമോനും കൂടിയാ വരുന്നത്.
കേട്ടെഴുത്തിനെ അറിയിച്ചു വെന്നേയുള്ളു. ബർമുഡ ചരടിലെ കല്യാണം.

എന്തായാലും കേട്ടെഴുത്ത് ഗ്രൂപ്പുകാരണം ഞാനും രക്ഷപെട്ടു, അലക്സിന്റെ കല്യാണോം നടന്നു.

ഞാനും കേട്ടെഴുത്തും അലക്സിന്റെ കല്ല്യാണോം കേട്ടല്ലോ.

അപ്പം ലൈക്കടിക്കാൻ മറക്കല്ലേ……
നോക്കിയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here