ന്യൂയോര്‍ക്ക്: ഫോമാ വിമന്‍സ ഫോറം ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ റീജണുകളുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുകയുണ്ടായി. മാര്‍ച്ച് 11 ശനിയാഴ്ച വൈകുന്നേരം ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയിലുള്ള സിതാര്‍ പാലസ് ഇന്‍ഡ്യന്‍ റസ്റ്റോറന്റില്‍ വച്ച് നടത്തിയ ചടങ്ങില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.

ഫോമാ വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.സാറാ ഈശോ, സെക്രട്ടറി രേഖ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ഈ സമ്മേളനത്തില്‍ അന്താരാഷ്ട്രവനിതാദിനത്തിന്റെ കാംപെയ്ന്‍ തീം ആയ ‘Be Bold for Change'(മാറ്റത്തിനു വേണ്ടി ധീരരാവൂ) എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു ചര്‍ച്ചകള്‍ നടന്നത്.

വിമന്‍സ് ഫോറം ഭാരവാഹികളായ ഡോ.സാറ ഈശോ, രേഖാ നായര്‍, ഷീലാ ശ്രീകുമാര്‍, ലോണ ഏബ്രഹാം, രേഖാ ഫിലിപ്പ് എന്നിവര്‍ ഒരുമിച്ച് ഭദ്രദീപം തെളിയിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

വിമന്‍സ്‌ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.സാറാ ഈശോ തന്റെ സ്വാഗതപ്രസംഗത്തില്‍ ഫോമാ വിമന്‍സ് ഫോറത്തിന്റെ ഉത്ഭവത്തെക്കുറിച്ചും, ഭാവിപരിപാടികളെക്കുറിച്ചും വിശദീകരിച്ചു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള വനിതകളെ കോര്‍ത്തിണക്കി പന്ത്രണ്ടിലധികം ചാപ്റ്ററുകളുള്ള ഒരു ബൃഹദ് സംഘടനയാക്കി വിമന്‍സ് ഫോറത്തെ വിപുലീകരിക്കുക എന്നതാണ് ലക്ഷ്യം. ഡോ.സാറാ ഈശോ പറഞ്ഞു.

വനിതകള്‍ മിക്കവാറും എല്ലാ മേഖലകളിലും പുരുഷന്മാര്‍ക്കൊപ്പം മികവ് തെളിയിച്ചുകഴിഞ്ഞ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വനിതകള്‍ക്കായി ഒരു ദിനം മാറ്റിവയ്‌ക്കേണ്ടത് ആവശ്യമായി വരുന്നതെന്ത്? സ്ത്രീകള്‍ക്ക്, പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു, സാംസ്‌കാരികകേരളത്തില്‍, എന്നതാണ് മലയാളികളുടെയിടയില്‍ വനിതാദിനത്തെക്കുറിച്ച് പെട്ടെന്നുണ്ടായ ഈ ബോധോദയത്തിന് കാരണം എന്നും ആമുഖമായി ഡോ.സാറാ ചൂണ്ടിക്കാട്ടി.

വിവിധതുറകളില്‍ മികവ് തെളിയിച്ച ആറ് പ്രശസ്തവനിതകള്‍ പ്രഭാഷണം നടത്തി.
കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ് സാരഥിയായ ഗുരു ബീനാ മേനോന്‍, കാര്‍ഡിയോളജിസ്റ്റും വാഗ്മിയുമായ ഡോ.നിഷാ പിള്ള, മെറ്റ് ലൈഫ് ഗ്ലോബല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ലീനാ ജോണ്‍സ്, അക്കരക്കാഴ്ചകള്‍ എന്ന സീരിയലിലൂടെ ലോകമലയാളികള്‍ക്ക് സുപരിചിതയായ സജിനി സക്കറിയ, ഹെല്‍ത്ത് ആന്റ് ഹോസ്പിറ്റല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ലോണ ഏബ്രഹാം, പ്രോജക്ട് മാനേജറും ജേര്‍ണലിസ്റ്റുമായ രേഷ്മ അരുണ്‍ എന്നിവരായിരുന്നു പ്രഭാഷകര്‍.
കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയില്‍ പ്രവാസികളായി കുടിയേറിയ വനിതകള്‍ക്കുള്ള പങ്ക് സുപ്രധാനമാണെന്നും അവരെ അനുസ്മരിക്കാതെ വനിതാദിനത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും ഡോ.നിഷാ പിള്ള തന്റെ പ്രൗഢഗംഭീരമായ പ്രസംഗത്തിന് ആമുഖമായി പറഞ്ഞു. കാലത്തിനൊത്ത് സ്ത്രീകള്‍ മാറിയേ തീരൂ. പുതിയ സാങ്കേതികവിദ്യകള്‍ സ്ത്രീകളും അഭ്യസിച്ചെങ്കിലേ മതിയാവൂ.
 മാറ്റം, നാം വിചാരിച്ചാലും ഇല്ലെങ്കില്‍ ഉണ്ടാവും; പുരോഗതിയ്ക്കനുസരണമായി സ്ത്രീ വിരുദ്ധത മാറുന്നില്ല എന്നതാണ് സത്യം. പെണ്‍ഭ്രൂണഹത്യ, വേതനയിലുള്ള കുറവ് തുടങ്ങിയവ ഉദാഹരണം. കാര്യേഷു മന്ത്രി തുടങ്ങി നിരവധി ഉത്തരവാദിത്വങ്ങള്‍ സ്ത്രീകളുടെ ചുമലിലേക്ക് നാം കയറ്റി വയ്ക്കുന്നുണ്ട്.

ഓരോ പെണ്ണും ഒറ്റച്ചിറകളുടെ പക്ഷിയാണ്. അവളുടെ ത്യാഗവും സ്‌നേഹവുമാണ് കുടുംബത്തിന്റെ ശക്തി. എന്റെ കുടുംബം, എന്റെ കുട്ടികള്‍ എന്ന ചിന്തയാണ് സ്ത്രീകള്‍ക്ക് പ്രധാനം.

സ്ത്രീകള്‍ പരസ്പരം ബഹുമാനിക്കണം, തുണയാവണം, കഴിവുള്ളവരെ അംഗീകരിക്കണം. എല്ലാ ദിവസവും വനിതാദിനം ആകട്ടെ എന്നും ഡോ.നിഷാ പിള്ള കൂട്ടിച്ചേര്‍ത്തു.
ജീവിതാനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് പ്രശസ്ത നര്‍ത്തകിയും, കലാശ്രീ ഡാന്‍സ് സ്‌കൂള്‍ ഡയറക്ടറുമായ ഗുരു ബീനാ മേനോന്‍ പ്രസംഗം ആരംഭിച്ചത്. തന്റെ ചെറുപ്പത്തില്‍ പിതാവ് മരിച്ചുപോയി; എങ്കിലും തളരാതെ മുമ്പോട്ടുപോയ അമ്മ ഒരു സ്‌കൂള്‍ സ്ഥാപിച്ചു. ഇന്നിപ്പോള്‍ ചെന്നൈയില്‍ മൂന്ന് സ്‌കൂളുകള്‍ അമ്മയുടെ നേതൃത്വത്തിലുണ്ട്. നിരാശയില്ലാതെ ശാന്തതയോടെ ജീവിതത്തെ നേരിടാന്‍ പഠിച്ചത് അമ്മയില്‍നിന്നാണ്.

മെറ്റ് ലൈഫ് ഗ്ലോബല്‍ ഡയറക്ടര്‍ ഡോ.ലീനാ ജോണ്‍സ്, ചെറുപ്പത്തില്‍ താനൊരു ‘റിബല്‍’ ആയിരുന്നു, എന്ന് ഓര്‍മ്മിച്ചു, ഇന്ത്യന്‍ സമൂഹത്തിന്റെ നിഷേധാത്മകത ലീനാ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികള്‍ക്ക് നിറം കുറഞ്ഞാല്‍ കുഴപ്പം; അവരുട ഭാവിവരനെ നിശ്ചയിക്കുന്നത് ശരീരത്തിലെ മെലനിന്‍ പിഗ്മെന്റുകളുടെ എണ്ണമാണ്. സാലറി മേക്കേഴ്‌സ് ആകുന്നതോടൊപ്പം കറിമേക്കേഴ്‌സ് ആവേണ്ട ഉത്തരവാദിത്വവും സ്ത്രീകളുടേതാണ്.

ഇതൊക്കെയാണെങ്കിലും പല ഗ്ലാസ് സീലിംഗുകളും ഭേദിച്ച് പുറത്തോട്ടുവരാന്‍ സ്ത്രീകള്‍ക്കായി. മാറ്റത്തിനുവേണ്ടി സ്ത്രീകള്‍ സ്വയം മുമ്പോട്ടിറങ്ങിയേ മതിയാവൂ.
സ്ത്രീകള്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കുവേണ്ടി നിരന്തരമായി പ്രയത്‌നിക്കേണ്ടതിന്റെ ആവശ്യകത അഭിനേത്രിയായ സജിനി സക്കറിയ ചൂണ്ടിക്കാട്ടി. മദര്‍ തെരേസയുടെ കവിത ഉദ്ധരിച്ചുകൊണ്ടാണ് സജിനി പ്രസംഗം അവസാനിപ്പിച്ചത്.

തുടര്‍ന്ന സംസാരിച്ച ലോണ ഏബ്രഹാം, സുനിതാ കൃഷ്ണന്‍, സുഗതകുമാരി തുടങ്ങിയ നിരവധി വനിതകളും, സമൂഹത്തില്‍ അവരുണ്ടാക്കിയ മാറ്റങ്ങളും അനുസ്മരിച്ചു.

ഇന്ത്യയുടെ അഗ്നിപുത്രി എന്ന് വിശേഷിക്കപ്പെടുന്ന ശാസ്ത്രജ്ഞയായ ടെസ്സി തോമസിന്റെ നേട്ടങ്ങളെ രേഷ്മാ അരുണ്‍ ഓര്‍മ്മപ്പെടുത്തി. സ്ത്രീകള്‍ ഒരേ സമയം പല കാര്യങ്ങള്‍ ചെയ്യാന്‍ സമര്‍ത്ഥരായിരിക്കും. ഇരട്ടി ജോലി ചെയ്താലും പകുതി വേതനം ലഭിക്കുന്ന അവസ്ഥയാണ് പല കമ്പനികളിലും ഇപ്പോഴും; രേഷ്മ ചൂണ്ടിക്കാട്ടി.

ഒറ്റച്ചിറകുള്ള പക്ഷികള്‍ക്ക് മുമ്പോട്ട് പറക്കാനാവില്ല, അവര്‍ വട്ടത്തില്‍ കറങ്ങുകയേയുള്ളൂ, എന്ന് ജനനി ചീഫ് എഡിറ്റര്‍ ജെ.മാത്യൂസ് ഓര്‍മ്മിപ്പിച്ചു. രണ്ടാമത്തെ ചിറക് ആയി പുരുഷന്മാര്‍ കൂടെയുണ്ടാവും.

വിമന്‍സ് ഫോറത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നതായി ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ് പറഞ്ഞു. ആഗസ്റ്റ് നാലിന് നടക്കുന്ന ഫോമാ കേരളാ കണ്‍വന്‍ഷനിലേക്ക് ഏവരെയും അദ്ദേഹം സ്വാഗതം ചെയ്തു.

സ്വപ്‌ന രാജന്‍, തങ്കമണി അരവിന്ദന്‍, ജനനി ചീഫ് എഡിറ്റര്‍ ജെ.മാത്യൂസ്, ജോണ്‍ സി വറുഗീസ്, മധു രാജന്‍(അശ്വമേധം), സുനില്‍ ട്രൈസ്റ്റാര്‍, ഷാജി എഡ്വാര്‍ഡ്, മാത്യു മാണി, ജോസ് ഏബ്രഹാം തുടങ്ങി നിരവധി പേര്‍ ആശംസകളര്‍പ്പിച്ചു.

ഫോമാ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ബേബി ഊരാളില്‍, റീജണല്‍ വൈസ് പ്രസിഡണ്ട് പ്രദീപ് നായര്‍ തുടങ്ങി നേതൃനിരയിലുള്ള ഫോമാ പ്രവര്‍ത്തകരും, അസ്സോസിയേഷന്‍ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യാ പ്രസ് ക്ലബാ നാഷ്ണല്‍ വൈസ് പ്രസിഡന്റ് ജോസ് കാടാപുറം, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി സണ്ണി പൗലോസ്, പ്രസിഡന്റ് ഇലക്ട് മധുരാജന്‍, സ്ഥാപക പ്രസിഡന്റ് ജോര്‍ജ് ജോസഫ്(ഇമലയാളി), ജോര്‍ജ് തുമ്പയില്‍ എന്നിവരെ കൂടാതെ വിവിധ വിഷ്വല്‍ പ്രിന്റ് മാധ്യമപ്രവര്‍ത്തകരും ഈ സെമിനാറില്‍ സംബന്ധിച്ചു.

ജിനു ജേക്കബ്, സിജി ആനന്ദ് എന്നിവരുടെ ശ്രുതിമധുരമായ ഗാനങ്ങള്‍ ചടങ്ങിന് മാറ്റുകൂട്ടി. രേഖാ നായര്‍ നന്ദി പ്രകാശിപ്പിച്ചു.

IMG-20170313-WA0030 IMG-20170313-WA0029 IMG-20170313-WA0028 IMG-20170313-WA0027 IMG-20170313-WA0026 IMG-20170313-WA0024 IMG-20170313-WA0023 IMG-20170313-WA0023 (1) IMG-20170313-WA0021

LEAVE A REPLY

Please enter your comment!
Please enter your name here