കള്ളപ്പണത്തിനെതിരായ നടപടിയുടെ ഭാഗമായി ഇന്ത്യയുമായി ഉണ്ടാക്കിയ കരാറിൽ യു എ ഇ ഭരണകൂടം ‘പണി’ തുടങ്ങിയതോടെ വെട്ടിലായവരിൽ സൂപ്പർ താരങ്ങളും രാഷ്ട്രീയ നേതാക്കളും.

രാജ്യത്തെ പല പ്രമുഖ രാഷ്ട്രീയക്കാർക്കും സിനിമാതാരങ്ങൾക്കും വൻതോതിൽ യു എ ഇയിൽ അനധികൃത നിക്ഷേപമുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ. ഇതിൽ പ്രധാനമായും മുൻപന്തിയിൽ നിൽക്കുന്നത് മലയാളികളാണ്.

കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളായ ഐ.ബിയുടെയും റോയുടെയും റിപ്പോർട്ടുകൾ മുൻനിർത്തിയാണ് ഈ നിഗമനം.

കള്ളപ്പണക്കാരെ കുരുക്കുക എന്നതിനോടൊപ്പം തന്നെ രാജ്യത്ത് വർദ്ധിച്ചു വരുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്ക് പുറത്ത് നിന്നും വരുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനവേളയിൽ നിർണ്ണായക കരാറിൽ ഇന്ത്യ ഒപ്പുവച്ചിരുന്നത്.

ഇന്ത്യയുടെ ആവശ്യപ്രകാരം അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ മരവിപ്പിച്ചതും രണ്ട് ഭരണകൂടങ്ങളും തമ്മിലുള്ള ഈ ധാരണയുടെ പുറത്തായിരുന്നു.

2016-ൽ ഉണ്ടാക്കിയ കരാറിൽ ഇന്ത്യാക്കാരുടെ നിക്ഷേപങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ കൈമാറണമെന്നതായിരുന്നു ഏറെ ശ്രദ്ധേയമായിരുന്നത്.

ഇതു പ്രകാരം 2018 മുതലാണ് ഇന്ത്യാക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ യു എ ഇ ഭരണകൂടം കൈമാറി തുടങ്ങേണ്ടതെങ്കിലും പ്രാഥമിക നടപടികൾ ഇപ്പോൾ തന്നെ യുഎഇ ഭരണകൂടം ആരംഭിച്ചതിനാൽ ശതകോടീശ്വരൻമാർ ഉൾപ്പെടെയുള്ളവർ നെട്ടോട്ടത്തിലാണ്.

ഇന്ത്യക്കാരുടെ നിലവിലെ അക്കൗണ്ടുകളിലെ വിശദാംശങ്ങൾ ശേഖരിക്കുന്നതോടൊപ്പം തന്നെ പുതിയ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിനും നിയമം കർശനമാക്കിയിട്ടുണ്ട്.

ഇതോടെ നേരത്തെ വളരെ വേഗം അക്കൗണ്ടുകൾ തുടങ്ങാൻ പറ്റുമായിരുന്നുവെങ്കിൽ ഇനി മുതൽ പുതിയ അക്കൗണ്ട് തുടങ്ങാൻ ഒരു മാസത്തോളമെടുക്കുന്ന അവസ്ഥയാണുള്ളത്.
പാസ്പോർട്ടിനു പുറമെ പാൻകാർഡ് അടക്കം നികുതി സംബന്ധമായ രേഖകളും നിയന്ത്രണത്തിന്റെ ഭാഗമായി ബാങ്കുകൾ ആവശ്യപ്പെടാൻ തുടങ്ങിക്കഴിഞ്ഞു.

ഇന്ത്യയിൽ നിന്നും ബിനാമികൾ വഴി യു എ ഇയിൽ എത്തുന്ന നിക്ഷേപങ്ങളിൽ നല്ലൊരു പങ്കും കേരളത്തിലെ ഒരു വിഭാഗം രാഷ്ട്രീയ പ്രമുഖരുടെയും അവരുടെ ബന്ധുക്കളുടെയും സിനിമാ താരങ്ങളുടേതുമാണെന്ന വിവരം കേന്ദ്ര ഏജൻസികൾക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നുവെങ്കിലും ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല.

സൂപ്പർ താരങ്ങൾ അടക്കമുള്ളവർ വൻതോതിൽ നികുതി വെട്ടിപ്പു നടത്തുന്നത് ഓവർസീസ് റൈറ്റ് മറയാക്കിയാണെന്നതിനാൽ താരങ്ങളും നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ സർക്കാറിലെ അഞ്ച് മന്ത്രിമാർ, പ്രമുഖ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൻമാർ ഇവരുടെ ബന്ധുക്കൾ കേരളത്തിലെ വമ്പൻമാരായ ബിസിനസ്സുകാർ തുടങ്ങിയവരും കേന്ദ്ര ഏജൻസികളുടെ സജീവ നിരീക്ഷണത്തിലാണ്.

ഇന്ത്യയുമായുണ്ടാക്കിയ കരാറിനു ശേഷം പണം പിൻവലിക്കുന്ന അക്കൗണ്ടുകളുടെ വിശദാംശങ്ങളും എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആവശ്യപ്രകാരം ഇന്ത്യ യുഎഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കള്ളപ്പണം നിക്ഷേപിക്കാൻ താൽപര്യമുള്ള വിഭാഗക്കാർ അവരുടെ സുരക്ഷിത സ്ഥലമായി കണ്ടിരുന്നത് യു എ ഇയെ ആയിരുന്നു. ഇവിടെ നികുതിയില്ല എന്നതും പ്രധാന കാരണമായിരുന്നു.

യുഎഇയിൽ ഉള്ള ഇന്ത്യാക്കാരിൽ ബഹുഭൂരിപക്ഷവും മലയാളികളായതിനാൽ തീരുമാനം ഏറെ ബാധിക്കുന്നതും മലയാളികളെ തന്നെയാണ്.

കള്ളപ്പണ വേട്ടയുടെ ഭാഗമായി സ്വിറ്റ്സർലാൻഡുമായി നേരത്തെ തന്നെ മോദി സർക്കാർ കാരാറുണ്ടാക്കിയതിനാൽ ഇനി അവിടെയും അനധികൃത നിക്ഷേപം നടത്താൻ കഴിയില്ല.

ഉന്നത സ്വാധീനമുള്ള ശതകോടീശ്വരൻമാരെ പോലും വെട്ടിലാക്കിയിരിക്കുകയാണ് ഈ തീരുമാനം. കാരണം ഇവരുടെ അടുത്ത് പല ഉന്നതൻമാരുടെയും കള്ളപ്പണമുണ്ടെന്നതു തന്നെ.

വിദേശത്ത് നിക്ഷേപിച്ച പണത്തിന്റെ വിശദാംശങ്ങൾ ലഭിക്കുന്ന മുറക്ക് അനധികൃത ഇടപാടു നടത്തിയവർക്ക് നോട്ടീസയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിക്കും. വിശദീകരണം തൃപ്തികരമല്ലങ്കിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുക മാത്രമല്ല നിയമ നടപടിയും നേരിടേണ്ടിവരും.

അഴിമതി പണത്തിന്റെ പ്രധാന പങ്ക് രാഷ്ട്രീയക്കാർ യു എ ഇലേക്ക് ഒഴുക്കുന്നുവെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നുവെങ്കിലും നടപടി സ്വീകരിക്കാൻ യുഎഇയുമായി കരാറില്ലാതിരുന്നതിനാലാണ് കഴിയാതിരുന്നിരുന്നത്. അതിനാണിപ്പോൾ മോദി സർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്.

യു പി അടക്കം നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ വൻ വിജയത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ശക്തമായ സാമ്പത്തിക നടപടികൾക്ക് കേന്ദ്ര സർക്കാർ തയ്യാറായേക്കുമെന്ന അഭ്യൂഹങ്ങളും ഇപ്പോൾ ശക്തമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here