മുന്‍ ആര്‍എസ്എസ് പ്രചാരക് ത്രിവേന്ദ്ര സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകാന്‍ സാധ്യത.

ത്രിവേന്ദ്രയെ ദേശീയ നേതൃത്വം തീരുമാനം വ്യാഴാഴ്ച രാത്രി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ത്രിവേന്ദ്ര സിങ് റാവത്ത്.

നിയമസഭയിലേക്ക് ഡോയിവാല മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1983 മുതല്‍ 2002 വരെ ആര്‍എസ്എസില്‍ സജീവമായിരുന്നു ഠാക്കൂര്‍ സമുദായക്കാരനായ ത്രിവേന്ദ്ര.
2007-12 കാലത്ത് സംസ്ഥാന കൃഷി മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ചേരിമാറിയെത്തിയ സത്പാല്‍ മഹാരാജ്, മുതിര്‍ന്ന നേതാവ് പ്രകാശ് പന്ത് എന്നിവരുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി ജെ പി പരിഗണിച്ചിരുന്നു.

മുതിര്‍ന്ന നേതാക്കളായ ഭഗത് സിങ് കോശിയാരി, രമേഷ് പൊഖ് രിയാല്‍, ബി.സി ഖണ്ഡൂരി എന്നീ മുന്‍മുഖ്യമന്ത്രിമാരുണ്ടെങ്കിലും പാര്‍ട്ടിയിലെ വിഭാഗീയതയാണ് ഇവരെ പരിഗണിക്കാതെ ത്രിവേന്ദ്ര സിങ്ങിനെ പരിഗണിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഡെറാഡൂണില്‍ ചേരുന്ന ബിജെപി നിയമസഭാ കക്ഷി യോഗം ഇന്ന് നേതാവിനെ തിരഞ്ഞെടുക്കും.
കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ ബിജെപി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവര്‍ കേന്ദ്ര നിരീക്ഷകരായി നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കും. ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് ശ്യാം ജാജുവും യോഗത്തിനുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here